Connect with us

Kerala

ആംബുലന്‍സിലെ പീഡനം: പെണ്‍കുട്ടിക്കും സാക്ഷികള്‍ക്കും സുരക്ഷ ഉറപ്പാക്കും

Published

|

Last Updated

പത്തനംതിട്ട | കൊവിഡ് പോസിറ്റീവായി ആശുപത്രിയിലേക്ക് ചികിത്സക്ക് കൊണ്ടുപോകുന്നവഴി ആംബുലന്‍സില്‍ വച്ചു പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്കും സാക്ഷികള്‍ക്കും എല്ലാവിധ സുരക്ഷയും ഉറപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍. സാക്ഷികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമപ്രകാരം പട്ടാബുക്ക് സ്ഥാപിക്കുന്നതുള്‍പ്പെടെ നിരന്തര നിരീക്ഷണം ഉറപ്പുവരുത്തും. ജില്ലാ ജഡ്ജിയും ജില്ലാ പോലീസ് മേധാവിയും ജില്ലാ പ്രോസിക്യൂട്ടറും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

ജില്ലയില്‍ ഇത്തരമൊരു തീരുമാനം ആദ്യമായാണെന്നും പന്തളം പോലീസിന് ഇതുസംബന്ധിച്ചു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. അതേസമയം, പെണ്‍കുട്ടിയ്ക്ക് പട്ടിക ജാതി പട്ടിക വര്‍ഗ ക്ഷേമവകുപ്പിന്റെ ഫണ്ടില്‍നിന്നും സഹായധനം നല്‍കുന്നതിന് തീരുമാനമായിട്ടുണ്ട്. കലക്ടറേറ്റില്‍ ചേര്‍ന്ന പട്ടികജാതി പട്ടിക്കവര്‍ഗ ക്ഷേമം സംബന്ധിച്ച യോഗത്തിലാണ് തീരുമാനമുണ്ടായതെന്നു ജില്ലാ പോലീസ് മേധാവി അറിയിച്ചു.

കൊവിഡ് ബാധിതയായ യുവതിയെ ആംബുലന്‍സില്‍ പീഡനത്തിനിരയാക്കിയ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെതിരേ മാനഭംഗപ്പെടുത്തല്‍ കൂടാതെ പട്ടികജാതി പീഡന നിരോധന നിയമത്തിലെ നിര്‍ദിഷ്ട വകുപ്പുകള്‍ കൂടി ചേര്‍ത്താണ് കേസ് അന്വേഷണം നടത്തുന്നത്. റിമാന്‍ഡില്‍ കഴിയുന്ന പ്രതിക്കെതിരെ പഴുതടച്ച അന്വേഷണം നടത്തി നിശ്ചിതസമയത്തിനകം കുറ്റപത്രം സമര്‍പ്പിക്കുന്നതിനു അന്വേഷണോദ്യോഗസ്ഥനായ അടൂര്‍ ഡി വൈ എസ് പി. ആര്‍ ബിനു നടപടി എടുത്തു വരുന്നതായി ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. സെപ്തംബര്‍ ആദ്യവാരമായിരുന്നു നാടിനെ നടുക്കിയ കേസിനാസ്പദമായ സംഭവം ആറന്‍മുളയില്‍ നടക്കുന്നത്.

Latest