Connect with us

National

ഒരുകോടി 30 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്ന് കടന്നു; മോഷ്ടാവിനെ വിമാനത്തില്‍ പറന്നെത്തി പിടികൂടി ബെംഗളൂരു പോലീസ്

Published

|

Last Updated

ബെംഗളൂരു | ഒരുകോടി 30 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്ന് നാടുവിട്ട മോഷ്ടാവിനെ വിമാനത്തില്‍ പറന്നെത്തി പിടികൂടി ബെംഗളൂരു പോലീസ്. കവര്‍ച്ചക്കു ശേഷം ട്രെയിനില്‍ കടന്നുകളഞ്ഞ ബംഗാള്‍ സ്വദേശിയെയാണ് ഹൗറ സ്റ്റേഷനില്‍ നിന്ന് പോലീസ് പിടികൂടിയത്. ബെംഗളൂരു നഗരത്തിലെ ഒരു വീട്ടില്‍ ജോലിചെയ്തിരുന്ന ഇയാള്‍ ഇതേ വീട്ടിലെ ബേസ്‌മെന്റില്‍ തന്നെയായിരുന്നു താമസിച്ചിരുന്നത്. ഈമാസത്തിന്റെ തുടക്കത്തില്‍ വീട്ടുടമയുടെ കുടുംബാംഗങ്ങളിലൊരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യം മുതലെടുത്താണ് കവര്‍ച്ച നടത്തിയത്. വീട്ടിലെ ഇലക്ട്രിക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന പണമാണ് കവര്‍ന്നത്. തുടര്‍ന്ന് ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് കടന്നു.

നഗരത്തിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് യശ്വന്ത്പുര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പ്രതി ട്രെയിനില്‍ കയറുന്നതായി കണ്ടെത്തിയത്. മറ്റു വാഹനങ്ങളില്‍ പോയാല്‍ പ്രതി രക്ഷപ്പെടാനുള്ള സാധ്യത കൂടുതലായതിനാലാണ് പോലീസ് സംഘം വിമാനത്തില്‍ യാത്ര തിരിച്ചത്. ട്രെയിന്‍ ഹൗറ സ്‌റ്റേഷനില്‍ എത്തിയ സമയത്തു തന്നെ ഇവിടെയെത്തിയ പോലീസ് മോഷ്ടാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.