Connect with us

Kerala

അക്കിത്തത്തിന്റെ കവിതകളില്‍ ഉയര്‍ന്ന് കേട്ടത് മനുഷ്യ സങ്കീര്‍ത്തനം

Published

|

Last Updated

കോഴിക്കോട്  | മലയാളത്തിന്റെ മഹാകവിയാണ് അക്കിത്തം അച്യുതന്‍ നമ്പൂതിരി. തന്റെ മനഃസാക്ഷിക്കനുസരിച്ച് കാലത്തോട് പ്രതികരിച്ച അക്കിത്തത്തിന്റെ കവിതകളില്‍ മനുഷ്യ സങ്കീര്‍ത്തനം ഉയര്‍ന്നുകേട്ടു. മാനവികതാവാദവും അഹിംസാവാദവും ആ കവിതകളുടെ അന്തര്‍ധാരയാണ്.

മാനവികതയിലൂന്നിയ ആത്മീയതയും ആഴത്തിലുള്ള ദാര്‍ശനികതയും അക്കിത്തം കവിതകളിലെ മുഖമുദ്രയാണ്. സ്‌നേഹത്താല്‍ നിര്‍മിക്കപ്പെടേണ്ടതാണ് ജീവിതം എന്ന് അദ്ദേഹത്തിന്റെ ഒരോ രചനയും ഓര്‍മിപ്പിക്കുന്നു. മാനവികതാവാദവും അഹിംസാവാദവും അന്തര്‍ധാരയായ ആ കവിതകള്‍ മനുഷ്യ സങ്കീര്‍ത്തനത്തിന്റെ ഉത്തമോദാഹരണങ്ങളാണ്. മനുഷ്യന്റെ കരുത്ത് കരയാനുള്ള അവന്റെ ശേഷിയിലാണെന്ന് അദ്ദേഹം വിശ്വസിച്ചു. നീണ്ട ഭൂതകാലത്തെ ഉള്‍ക്കൊണ്ട് സമകാലത്തെ ആവിഷ്‌കരിച്ച അക്കിത്തം കവിതകളില്‍ നിറഞ്ഞുനിന്ന മനുഷ്യസ്‌നേഹം കവിതാസ്വാദകരുടെ ഉള്ളം നിറക്കുന്നതാണ്.

“ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായി ഞാന്‍ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം, എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകള്‍ എന്റെയല്ലീ മഹാക്ഷേത്രവും മക്കളെ, വെളിച്ചം ദുഃഖമാണുണ്ണീ തമസല്ലോ സുഖപ്രദം” തുടങ്ങി അക്കിത്തത്തിന്റെ ഒട്ടേറെ വരികള്‍ എല്ലാ തലമുറയിലെയും മലയാളികള്‍ക്ക് സുപരിചിതമാണ്.

മലയാളികളെ ഏറെ പ്രകോപിപ്പിക്കുകയും ആത്മപരിശോധനയ്ക്ക് പ്രചോദിപ്പിക്കുകയും ചെയ്ത ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കൃതി രചിക്കപ്പെട്ട് ആറ് പതിറ്റാണ്ട് കഴിഞ്ഞെങ്കിലും ഇന്നും അത് മലയാളികള്‍ ചര്‍ച്ച ചെയ്യുന്നു. ചെയ്ത തെറ്റുകളെച്ചൊല്ലി പശ്ചാത്തപിക്കുന്ന മനുഷ്യനെ നിരന്തരം വരച്ചിട്ട കവിയുടെ സാന്നിധ്യം എന്നും മലയാളികള്‍ക്ക് ആശ്വാസമാണ്. സങ്കടങ്ങളെ സ്‌നേഹത്തിന്റെ പെരുമഴ കൊണ്ട് അണക്കുന്ന ആ കവിതകളും.