Gulf
ഐ പി എല്‍: ഗില്ലിന്റെ കരുത്തില്‍ കൊല്‍ക്കത്ത

അബുദബി | ഐ പി എല്ലിലെ എട്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം. ശുഭ്മാന്‍ ഗില്ലിന്റെ അര്‍ധസെഞ്ച്വറിയാണ് (പുറത്താകാതെ 70) കൊല്‍ക്കത്തയെ വിജയതീരത്തെത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നാല് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 3 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
രണ്ട് ഓവർ ശേഷിക്കെയാണ് കൊൽക്കത്ത വിജയിച്ചത്. മോർഗനാണ് വിജയ റൺ നേടിയത്. 145 റൺസാണ് കൊൽക്കത്ത അടിച്ചെടുത്തത്. ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് സംപൂജ്യനായി മടങ്ങിയെങ്കിലും മോര്‍ഗന്‍, നിതിഷ് റാണ തുടങ്ങിയവരും ഗില്ലിന് പുറമെ കൊൽക്കത്ത നിരയിൽ തിളങ്ങി. ഖലീല്‍ അഹ്മദ്, നടരാജന്‍, റാശിദ് ഖാന്‍ തുടങ്ങിയവര്‍ ഹൈദരാബാദിന് വേണ്ടി വിക്കറ്റുകള്‍ വീഴ്ത്തി.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിരയില്‍ മനീഷ് പാണ്ഡെയാണ് തിളങ്ങിയത്. പാണ്ഡെ 31 ബോളില്‍ 51 റണ്‍സ് നേടി. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ 36ഉം വൃദ്ധിമാന്‍ സാഹ 30ഉം റണ്‍സ് നേടി. കൊല്‍ക്കത്തക്ക് വേണ്ടി കമ്മിന്‍സ്, വരുണ്‍ ചക്രവര്‍ത്തി, റസ്സല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.