Connect with us

Articles

ജനങ്ങളാണ് ജീവവായു

Published

|

Last Updated

കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി കേരള നിയമസഭയില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ ദിവസം ജനാധിപത്യ വിശ്വാസികള്‍ക്ക് സന്തോഷിക്കാവുന്ന അവസരമാണ്. കാരണം ജനങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയായി ജീവിച്ച് മാതൃക കാണിച്ച നേതാവാണ് ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന്റെ ജീവവായു ജനങ്ങളാണ്.

1970ല്‍ 27 വയസ്സുള്ള ഒരു ചെറുപ്പക്കാരന്‍ പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ നിന്ന് 7,288 വോട്ടുകള്‍ക്ക് വിജയിച്ച് നിയമസഭയില്‍ അംഗമായി. തുടര്‍ന്ന് 11 തവണ ഒരേ നിയോജക മണ്ഡലത്തില്‍ നിന്ന് തന്നെ തുടര്‍ച്ചയായി മത്സരിച്ച് വിജയിച്ച് അഞ്ച് പതിറ്റാണ്ട് പൂര്‍ത്തിയാക്കുക എന്നത് അപൂര്‍വ ബഹുമതി തന്നെയാണ്. കെ കരുണാകരന്‍ മുഖ്യമന്ത്രിയായ മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയായ അദ്ദേഹം 2004 മുതല്‍ 2006 വരെയും 2011 മുതല്‍ 2016 വരെയും കേരളത്തിന്റെ മുഖ്യമന്ത്രിയായി ചരിത്രത്തില്‍ ഇടം പിടിച്ചു.

ഒരു ജനപ്രതിനിധി, ഒരു ഭരണാധികാരി എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രത്യേകത, തന്റെ മുന്നില്‍ വരുന്ന പരാതികളും ആവലാതികളും ഏറ്റവും ശ്രദ്ധയോടെ കേള്‍ക്കും എന്നതാണ്, ലഭിക്കുന്ന പരാതികളിലും ആവലാതികളിലും പരിഹാരം കുറിക്കും എന്നതാണ്.
“അതിവേഗം ബഹുദൂരം”, “വികസനവും കരുതലും” പദ്ധതികള്‍ കേരള ജനതയുടെ മനസ്സില്‍ മായാതെ ഇടം നേടിയപ്പോള്‍ ജനസമ്പര്‍ക്ക പരിപാടി ലോക ജനതയുടെ മനസ്സിലാണ് സ്ഥാനം പിടിച്ചത്. ഒരു ഭരണാധികാരിക്ക് ജനങ്ങളുടെ ഇടയിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്‌നങ്ങളെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് പരിഹാരം കാണാന്‍ കഴിയും എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയ, രാത്രികളെ പകലുകളാക്കി മാറ്റിയ പരിപാടി. ഊണും ഉറക്കവും ജനങ്ങളുടെ കൈത്താങ്ങുകളിലായിരുന്നു. നന്മകളുടെ ആഴം കണ്ടു ആ പരിപാടി. തന്റെ സംരക്ഷണം പൂര്‍ണമായും ജനങ്ങളില്‍ അര്‍പ്പിച്ച് ജനങ്ങളുടെ മധ്യത്തിലൂടെ നടന്നു നീങ്ങിയ അദ്ദേഹത്തെ സമൂഹം അംഗീകരിച്ചു. ഐക്യരാഷ്ട്ര സഭ പുരസ്‌കാരം നല്‍കി ആദരിച്ചു. നല്ല ഭരണാധികാരിയായി, മുഖ്യമന്ത്രിയായി ജന മനസ്സുകളില്‍ അദ്ദേഹം അടയാളപ്പെട്ടു.

ഉമ്മന്‍ ചാണ്ടിയുടെ ഭരണത്തിലെ ഏറ്റവും നല്ല ഒരു കര്‍മമായി ഞാന്‍ കാണുന്നത് ബധിരരായി ജനിച്ച് മൂകരായി കഴിയുന്ന കുട്ടികള്‍ക്ക് കൊക്ലിയര്‍ ഇംപ്ലാന്റ് സര്‍ജറി നടത്തി അവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന പദ്ധതിയാണ്. അഞ്ച് ലക്ഷം രൂപ ചെലവ് വരുന്ന ഈ സര്‍ജറി സൗജന്യമായി പ്രഖ്യാപിച്ച അദ്ദേഹത്തിന് അവരുടെ പ്രാര്‍ഥനയുടെ ഫലം ലഭിക്കാതിരിക്കില്ല.

ഞാന്‍ ചാഴൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരിക്കുന്ന കാലം മുതല്‍ പരിചയം ഉണ്ട്. ബാലജന സഖ്യത്തിലൂടെ പൊതു പ്രവര്‍ത്തനത്തിലേക്ക് കാലെടുത്തുവെച്ച അദ്ദേഹം കേരള വിദ്യാര്‍ഥി യൂനിയന്‍, യൂത്ത് കോണ്‍ഗ്രസ് പടവുകളിലൂടെ വിജയകരമായി നടന്നു കയറി ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും പ്രവര്‍ത്തക സമിതി അംഗവുമായി ഉന്നത പദവിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന് ധാരാളം സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിന് ഇനിയും കഴിയും.

ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ തുടര്‍ ഭരണം പാര്‍ട്ടി ഏറെ പ്രതീക്ഷിച്ചിരുന്നതാണ്. നിര്‍ഭാഗ്യം എന്ന് പറയട്ടെ, കുറഞ്ഞ സീറ്റുകള്‍ക്ക് ഭരണം നഷ്ടപ്പെട്ടു. പരാജയം വിലയിരുത്താന്‍ തിരുവനന്തപുരത്ത് നെയ്യാര്‍ ഡാമില്‍ അടച്ചിട്ട മുറിയില്‍ യോഗം കൂടി. എ കെ ആന്റണി മുതല്‍ താഴേ തലം വരെ നേതാക്കള്‍ ഉണ്ടായിരുന്നു. യോഗത്തില്‍ മൂന്നാമത് സംസാരിച്ചത് ഞാനായിരുന്നു. പഴയ യൂത്ത് കോണ്‍ഗ്രസ് കാലഘട്ടത്തിലെ വിമര്‍ശം പോലെ പരാജയ കാരണങ്ങള്‍ നിരത്തി കത്തിക്കയറി. എല്ലാം ക്ഷമയോടെ കേട്ടിരുന്ന അദ്ദേഹം നിറഞ്ഞ പുഞ്ചിരിയോടെ എല്ലാ വിമര്‍ശനങ്ങളെയും ഹൃദയത്തിലേറ്റുവാങ്ങിയത്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനെ അധികാരത്തിലേക്ക് എത്തിക്കാന്‍ ജന മധ്യത്തില്‍ നിന്ന് ഒരു യുവാവിനെ പോലെ ഇന്നും പോരാടുന്നു അദ്ദേഹം. കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങളുടെ തെറ്റുകളെ ചൂണ്ടിക്കാട്ടുന്നു, വിമര്‍ശങ്ങള്‍ ഉന്നയിക്കുന്നു. നിയമസഭാ അംഗമായി അഞ്ച് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന ഉമ്മന്‍ ചാണ്ടി ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന് കരുത്താണ്, ഒരു മുതല്‍ കൂട്ടാണ്.

(കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ട്രഷററാണ് ലേഖകന്‍)

Latest