Connect with us

Ongoing News

പൂപ്പെരുമയിൽ ഒരാൾ

Published

|

Last Updated

മാമാങ്കമടക്കമുള്ള ചരിത്രപശ്ചാത്തലം കൊണ്ട് ശ്രദ്ധേയമായ തിരുന്നാവായയിലെ താമരകൃഷി ഇന്ന് ഇന്ത്യയാകെ പ്രശസ്തമാണ്. രാജ്യത്തെ പല ക്ഷേത്രങ്ങളിലേക്കും ഇവിടെ കൃഷി ചെയ്തുവരുന്ന താമരപ്പൂവുകൾ കയറ്റി അയക്കുന്നത് സംബന്ധിച്ച് ദേശീയ മാധ്യമങ്ങളിൽ വരെ ശ്രദ്ധ നേടിയിരുന്നു. ഒരു കാലത്ത് നാമാവശേഷമായ താമരകൃഷിയെ പരിലാളിച്ച് തന്റെ പുതുതലമുറക്ക് അവസരമൊരുക്കിയ ഒരാളിവിടെയുണ്ട്. തിരുന്നാവായയിൽ അന്യം നിന്നുപോയ താമര കൃഷി ഏഴരപതിറ്റാണ്ട് മുമ്പ് ജീവനേകിയ വലിയ പറപ്പൂർ തോട്ടുപുറത്ത് സൈതലവിയാണ് ആ മനുഷ്യൻ. കഴിഞ്ഞ ദിവസം കർഷക ദിനാഘോഷത്തിന്റെ ഭാഗമായി തിരുന്നാവായയിലെ പരിസ്ഥിതി സംഘടനയായ റി എക്കൗ 96 വയസ്സുകാരനായ ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി.

നൂറ്റാണ്ടുകളായി വലിയ പറപ്പൂർ കായലിൽ ഉണ്ടായിരുന്ന താമരകൃഷി ഇടക്ക് രോഗം വന്ന് നാമാവശേഷമായി. അന്ന് 1942ൽ കോട്ടക്കൽ കോവിലകത്തെ കുഞ്ഞനിയൻ രാജയുമായി ബന്ധപ്പെട്ട് പാട്ടത്തിന് ഭൂമി വാങ്ങി താമരകൃഷി ആരംഭിക്കാൻ സൈതലവി മുന്നിട്ടിറങ്ങുകയായിരുന്നു. തൃപ്രങ്ങോട് ക്ഷേത്രക്കുളത്തിൽ നിന്നും താമര വിത്തുകൾ കൊണ്ടുവന്നാണ് കായലിൽ കൃഷി പുനരാരംഭിച്ചത്. പിതാവ് മമ്മിയും സഹോദരൻ കോയക്കുട്ടിയും സഹായത്തിന് എത്തിയിരുന്നുവെന്ന് അദ്ദേഹം ഓർത്തെടുക്കുന്നു.

തൃപ്രങ്കോട് ക്ഷേത്രക്കുളത്തിൽ മുങ്ങിയത് ഒരു ഹൈന്ദവ സഹോദരനായിന്നു എന്നത് താനിപ്പോഴും മറന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു. പിതാവ് മമ്മിക്ക് പപ്പായ കൃഷി ഉണ്ടായിരുന്നു. സുഹൃത്ത് ചക്കാലിപറമ്പിൽ യുസഫ് ഇത് വിൽക്കാൻ കോയമ്പത്തൂർ മാർക്കറ്റിൽ എത്തിയപ്പോഴാണ് അവിടെ താമര വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈതലവിയും യൂസഫും കോയമ്പത്തൂരിൽ എത്തി താമരപ്പൂ കച്ചവടക്കാരെ കണ്ടെത്തി കച്ചവടം ഉറപ്പിച്ചു. അന്ന് പൂവ് ഒന്നിന് ഒരു പൈസ നിരക്കിൽ ആണ് കോയമ്പത്തൂരിലേക്ക് കയറ്റിയയച്ചിരുന്നത്. അന്ന് മുതലാണ് തിരുന്നാവായ താമര അന്യസംസ്ഥാനത്തേക്ക് കയറ്റിയയക്കാൻ തുടങ്ങിയത്. തുടർന്ന് മറ്റു പലരും ഈ രംഗത്തേക്ക് കടന്നുവരികയായിരുന്നു.

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രം, തളിക്ഷേത്രം തുടങ്ങിയ ധാരാളം ക്ഷേത്രങ്ങളിലേക്കും കോട്ടക്കൽ ആര്യവൈദ്യശാലയിലേക്കും സൈതലവി താമര വിതരണം ചെയ്തിരുന്നു. വീരാവുണ്ണി, ചക്കാലിപറമ്പിൽ പരേതനായ യൂസഫ് തുടങ്ങിയവർ സഹായികളായിരുന്നു. പിന്നീട് ചക്കാലി പറമ്പിൽ കുഞ്ഞിമുഹമ്മദ് ഹാജിയുടെ നേതൃത്വത്തിൽ താമരകൃഷി വിപുലപ്പെടുത്തുകയായിരുന്നു. ഇപ്പോൾ തിരുന്നാവായയിലും പരിസരങ്ങളിലുമായി നൂറുകണക്കിന് ഹെക്ടറിൽ താമര ക്യഷി ചെയ്യുന്നുണ്ട്. നിരവധി കുടുംബങ്ങളുടെ ഉപജീവനമാർഗമായ ഈ താമര കൃഷി കൊറോണ കാലത്ത് പ്രതിസന്ധിയിലാണ്.

ഒരു പക്ഷെ തീർത്തും നശിക്കുമായിരുന്ന തിരുന്നാവായയിലെ താമരകൃഷിയെ പുനരുജ്ജീവിപ്പിച്ച സൈതലവിയുടെ ആവശ്യം ഈ നാട്ടിലെ താമര കർഷകരുടെ പ്രയാസങ്ങൾ കണ്ടറിഞ്ഞ് അടിയന്തര പദ്ധതികൾ ആസൂത്രണം ചെയ്യാൻ അധികൃതർ മുന്നോട്ടു വരണമെന്നത് മാത്രമാണ്.