Career Education
വരാനുള്ളത് അവസരങ്ങളുടെ കാലം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലാത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ആഗോളതലത്തിലെന്ന പോലെ കേരളത്തിലെ സംരംഭങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. എന്നാൽ, ഈ മഹാമാരിക്കാലത്തെയും അതിജീവിച്ച് കഴിഞ്ഞാൽ കേരളത്തിന് മുന്നിൽ നിരവധി സാധ്യതകൾ തുറന്നുകിടപ്പുണ്ട്. പ്രധാനമായും ആരോഗ്യം, വിനോദസഞ്ചാരം, വിദ്യാഭ്യാസ മേഖലകളിലാണ് കേരളത്തിന് ഏറ്റവും കൂടുതൽ സാധ്യതകൾ തെളിയുന്നത്. ഇതോടൊപ്പം വ്യാവസായ, വിതരണ മേഖലയും കേരളത്തിന് അനുകൂലമായി വരും.
രാജ്യത്തെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൊവിഡിനെ ഒരു പരിധിവരെ പിടിച്ചുനിർത്താൻ നമുക്കായിട്ടുണ്ടെന്നത് കേരളത്തിന്റെ ആരോഗ്യ മേഖലക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമായിരിക്കും. കൊവിഡ് ഭീതിക്കിടയിലും രാജ്യത്ത് മാനദണ്ഡങ്ങൾ പാലിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൃത്യമായും അടുക്കും ചിട്ടയോടെയും പരീക്ഷകളുൾപ്പെടെ നടത്തിയത് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ ജാഗ്രതയെ വ്യക്തമാക്കുന്നതാണ്. ഒപ്പം വിനോദസഞ്ചാര സാധ്യതകളും കേരളത്തിന് അനുകൂലമാണ്. കൊവിഡ് കാലത്ത് വിദേശ വിനോദ സഞ്ചാരികളെയുൾപ്പെടെ കൈകാര്യം ചെയ്ത രീതി രാജ്യാന്തര രതലത്തിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ബിസിനസ് മേഖലക്ക് ഉത്സവ- അവധിക്കാല വിപണികൾ നഷ്ടപ്പട്ടുവെന്നത് യാഥാർഥ്യമാണ്. സാമ്പത്തിക പ്രതിസന്ധിയും മാന്ദ്യവും നിലനിൽക്കുമ്പോൾ ജീവിത ചെലവ് കുറഞ്ഞിട്ടില്ല. എന്നാൽ, ആത്മധൈര്യം കൈവിടാതെ കാര്യങ്ങളെ പോസിറ്റീവായി സമീപിക്കണമെന്നതാണ് സംരംഭകർ ഇപ്പോൾ പ്രധാനമായും ചെയ്യേണ്ടത്. രാജ്യാന്തര തലത്തിൽ ചൈനക്കെതിരെ രൂപം കൊള്ളുന്ന രാഷ്ട്രീയ നീക്കങ്ങൾ രാജ്യത്തിനും ഒപ്പം കേരളത്തിനും അനുകൂലമാകുമെന്നാണ് വിലയിരുത്തൽ.
വികസിത രാജ്യങ്ങളെല്ലാം അവരുടെ വ്യവസായശാലകൾ ചൈനയിൽ നിന്ന് മാറ്റാനൊരുങ്ങുമ്പോൾ മനുഷ്യ വിഭവശേഷി കൂടുതലുള്ള ഇന്ത്യക്കും കേരളത്തിനു ഇതിന്റെ പ്രയോജനം ലഭിക്കും.
(ആൾ കേരള ടെക്‌സ്റ്റൈൽസ് ആൻഡ് ഗാർമന്റ്സ്
ഡീലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റും
കല്യാൺ സിൽക്‌സ് ചെയർമാനുമാണ് ലേഖകൻ)