Connect with us

Articles

ഇക്കിളിയല്ല വാര്‍ത്തകളൊന്നും

Published

|

Last Updated

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ബ്രോഡ്കാസ്റ്റ് ചെയ്ത ന്യൂസ് അവറില്‍ നിന്ന് തന്നെ തുടങ്ങാം. സ്വപ്‌ന സുന്ദരി ഉന്നതരുടെ ഇഷ്ട തോഴിയോ എന്ന് ചോദിച്ചാണ് പ്രസ്തുത വാര്‍ത്താധിഷ്ഠിത പരിപാടി ആരംഭിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട കേസാണ് ചര്‍ച്ചാ വിഷയം. ഒരു സ്ത്രീ പ്രതിസ്ഥാനത്തുവരുന്ന ഏതൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോഴും നമ്മുടെ സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരുടെ ഭാഷയും പ്രയോഗങ്ങളുമെല്ലാം എങ്ങനെയൊക്കെ മാറുന്നു എന്നതിന്റെ മികച്ച ഉദാഹരണം. അത് മുഖ്യമന്ത്രിയെ കൂടി ബന്ധപ്പെടുത്താനോ മറ്റോ വിദൂരമായ ഒരു സാധ്യതയുണ്ടെങ്കില്‍ പിന്നെ അപസര്‍പ്പക കഥകളുടെ പേമാരിയായി. പിന്നെ വാര്‍ത്താ സ്‌ക്രീനില്‍ നിറയുന്നത് ഇക്കിളിപ്പെടുത്തുന്ന ഉള്ളടക്കം. കേസും പ്രതിയും പതുക്കെ വഴിമാറും. ഒരു പെണ്ണിന്റെ അവിഹിതങ്ങളുടെയും ഉന്നത ബന്ധങ്ങളുടെയും പൊടിപ്പും തൊങ്ങലും വെച്ച മാരക വേര്‍ഷനുകളായിരിക്കും പിന്നീടെല്ലാം.

ജൂലൈ അഞ്ചിനാണ് ഇന്ത്യയിലാദ്യമായി ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്തിയെന്ന വാര്‍ത്ത പുറത്തുവരുന്നത്. സ്വര്‍ണം ഒളിപ്പിച്ച് കടത്തിയത് യു എ ഇ കോണ്‍സുലേറ്റിലേക്കുള്ള പാഴ്‌സലിലാണ്. സ്റ്റീല്‍ പൈപ്പുകള്‍ക്കുള്ളിലാണ് സ്വര്‍ണം ഉണ്ടായിരുന്നത്. പല ബോക്‌സുകളിലായി സ്വര്‍ണം എത്തിയത് ദുബൈയില്‍ നിന്ന്. കസ്റ്റംസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകള്‍ നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് യു എ ഇ കോണ്‍സുലേറ്റിലെ പി ആര്‍ ഒ ആയിരുന്ന സരിത്തിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന്, യു എ ഇ കൗണ്‍സില്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ റഹ്മയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന സ്വപ്‌ന സുരേഷാണ് സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രക എന്ന വിവരം പുറത്തുവരുന്നു. ഇതാണ് സംഭവം. അവിടുന്ന് പിന്നെ വാര്‍ത്തകളുടെ രീതിയും ഭാവവും മാറുന്നു. മലയാളികളുടെ ഒളിഞ്ഞു നോട്ടത്തിനുള്ള ഇംഗിതം കൃത്യമായി അറിയുന്ന മാധ്യമപ്രവര്‍ത്തകര്‍ സ്വപ്‌ന സുരേഷിനെ കീറിമുറിക്കുന്നു. ദ്വയാര്‍ഥ പ്രയോഗങ്ങള്‍ക്കായി ഓരോ മലയാളം ചാനലും മത്സരിക്കുന്നു. ഓരോന്നും ലൈംഗികതയെ സൂചിപ്പിക്കുന്ന ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രയോഗങ്ങള്‍.

തീര്‍ച്ചയായും പ്രതികള്‍ ശിക്ഷിക്കപ്പെടണം. പ്രത്യേകിച്ച് അന്തര്‍ദേശീയ ബന്ധമുള്ള, നയതന്ത്ര ഉദ്യോഗസ്ഥ ഇടപെടലുകള്‍ നടന്ന ഇത്തരമൊരു സംഭവത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. പക്ഷേ, മാധ്യമ വിചാരണ എന്ന ഓമനപ്പേരില്‍ അശ്ലീലവാക്കുകളിലൂടെയും ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടെയും മാത്രം വാര്‍ത്തകള്‍ അവതരിപ്പിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? വാസ്തവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പകരം തീര്‍ത്തും ഊഹങ്ങള്‍ അടിസ്ഥാനപ്പെടുത്തി സെന്‍സേഷനല്‍ നിര്‍മിക്കുന്നത് എന്ത് മാധ്യമ നൈതികതയുടെ അടിസ്ഥാനത്തിലാണ്. പ്രധാന വാര്‍ത്ത വിട്ട് അവിഹിതം തേടിപ്പോകുന്ന മാധ്യമ രീതി ഇപ്പോഴും നാം പിന്തുടരുന്നുവെങ്കില്‍ നമ്മുടെ മാധ്യമ പ്രവര്‍ത്തനം കാലഹരണപ്പെട്ടതാണെന്ന് തീര്‍ത്തു പറയേണ്ടി വരും. ഒരു പെണ്ണുടലില്‍ തട്ടി മാധ്യമപ്രവര്‍ത്തകരുടെ വസ്തുനിഷ്ഠമായ കവറേജുകള്‍ ഇല്ലാതാകുന്നുണ്ടെങ്കില്‍ മലയാളികള്‍ പലപ്പോഴും അഹങ്കരിക്കാറുള്ള മാധ്യമ സാക്ഷരത വെറുംവാക്കാണെന്ന് പറയേണ്ടിവരും.

എങ്ങനെയാണ് ഈ രീതിയിലേക്ക് മലയാളത്തിലെ വാര്‍ത്താ ചാനലുകള്‍ എത്തിപ്പെടുന്നത്? കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങള്‍ നമ്മുടെ വാര്‍ത്താ ചാനലുകള്‍ ബ്രോഡ്കാസ്റ്റ് ചെയ്ത വാര്‍ത്തകളിലും പാനല്‍ ചര്‍ച്ചകളിലും വന്ന അവതാരകരുടെയും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരുടെയും കോമണ്‍ ഫാക്ടര്‍ സ്വപ്‌ന സുരേഷിനെ ചുറ്റിപ്പറ്റി മാത്രം സംഭവങ്ങളുടെ വിശദാംശങ്ങള്‍ പറയുക എന്നതായിരുന്നു. അതും എത്രമേല്‍ ഇക്കിളിപ്പെടുത്താന്‍ കഴിയുമോ, അത്രയും തരംതാണ ഭാഷയില്‍. ഒരുപക്ഷേ, ഇത്തരം രീതിയില്‍ വാര്‍ത്ത കവറേജ് ചെയ്യാനായി മെനക്കെടേണ്ടി വരുന്നത് ഒരുതരം ഗതികേട് കൊണ്ടായിരിക്കാം. സത്യസന്ധമായി, വാസ്തവങ്ങള്‍ മാത്രം കവര്‍ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ന്യൂസ് റൂമുകള്‍ക്കുള്ളില്‍ മാര്‍ക്കറ്റില്ലാതായി പോകുന്ന ഗതികേട്. അല്ലെങ്കില്‍ പ്രേക്ഷകരുടെ ഇക്കിളി താത്പര്യങ്ങള്‍ക്കും ഒളിഞ്ഞു നോട്ടത്തിനും ഓരോ മലയാളി മാധ്യമപ്രവര്‍ത്തകനും നല്‍കേണ്ടി വരുന്ന വില. പുതിയ തലമുറയിലെ ജേണലിസ്റ്റുകള്‍ പോലും ഈ വിപണി താത്പര്യത്തിന്റെ പരിമിതിക്കുള്ളിലാണ് എന്നത് ഏറെ ഖേദകരമാണ്. കുറച്ചുകൂടി സത്യസന്ധമായി വാര്‍ത്തകളെ സമീപിക്കുന്ന ശൈലി- ആണാണെങ്കിലും പെണ്ണാണെങ്കിലും പ്രതി എന്നതിനപ്പുറത്തേക്ക് പോകാത്ത ബാലന്‍സിംഗ് – ഇനിയും നാം മലയാളത്തിലെ വാര്‍ത്താ ചാനലുകളില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതുണ്ടോ?

അതേസമയം, തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര ചാനല്‍ വഴി വന്‍ സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ താന്‍ നിരപരാധിയെന്ന് സ്വപ്‌ന സുരേഷ് പറയുന്നുണ്ട്. സ്വര്‍ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സ്വപ്‌ന പറയുന്നു. ഇ ഫയലിംഗ് വഴി ഇന്നലെ അര്‍ധ രാത്രിയോടെ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സ്വപ്‌ന സുരേഷിന്റെ വാദം. കോണ്‍സുലേറ്റില്‍ നിന്ന് ജോലി വിട്ട് പുറത്ത് വന്ന ശേഷവും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ തന്റെ സേവനം സൗജന്യമായി ഉപയോഗിച്ചിരുന്നുവെന്നാണ് സ്വപ്‌ന മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. യു എ ഇ കോണ്‍സല്‍ ജനറലിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് താന്‍ ഡിപ്ലോമാറ്റിക് കാര്‍ഗോയെപ്പറ്റി അന്വേഷിക്കാനെത്തിയതെന്നും സ്വപ്ന പറയുന്നു. പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിന് കീഴിലുള്ള കരാര്‍ ജീവനക്കാരി മാത്രമാണ് താനെന്നും, മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തി വരുന്ന വാര്‍ത്തകള്‍ തെറ്റെന്നും സ്വപ്‌ന ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു. തന്റെ യോഗ്യത സംബന്ധിച്ച കത്ത് വ്യാജമല്ല. കോണ്‍സല്‍ ജനറലിന്റെ സാക്ഷ്യപത്രവും വ്യാജമല്ല. ഇപ്പോള്‍ നടക്കുന്നത് മാധ്യമ വിചാരണയാണ്. ഇതാണ് ഏറ്റവും ഒടുവിലായി സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയത്.

സോളാര്‍ കേസിലെ പ്രതി സരിതയുടെ പിന്നാലെ ക്യാമറയുമായി ഓടിയ ചരിത്രം നമ്മുടെ മുന്നിലുണ്ടല്ലോ. കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നാണ് ഐ എസ് ആര്‍ ഒ ചാരക്കേസ്. അന്നും കേരളത്തിലെ മാധ്യമങ്ങള്‍ സ്വപ്‌ന സുന്ദരിയുടെ ശരീരം വിവരിക്കുന്ന തിരക്കിലായിരുന്നു. തിരുവനന്തപുരം ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ. ശശികുമാരനും ഡോ. നമ്പി നാരായണനും ചേര്‍ന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങള്‍ വിദേശികള്‍ക്ക് ചോര്‍ത്തി നല്‍കി എന്നതായിരുന്നു അന്നത്തെ ആരോപണം. ഡോ. നമ്പി നാരായണന്‍ നിരപരാധിയാണെന്ന് തെളിഞ്ഞെങ്കിലും അന്നത്തെ മാധ്യമ റിപ്പോര്‍ട്ടുകള്‍ മിക്കതും ഇക്കിളിപ്പെടുത്തുന്ന ഉള്ളടക്കമുള്ളവയായിരുന്നു. സരിതയില്‍ നിന്നും മറിയം റഷീദയില്‍ നിന്നും സ്വപ്‌ന സുരേഷ് ഒട്ടുമേ വ്യത്യാസപ്പെടുന്നില്ല എന്നിടത്താണ് നമ്മുടെ മാധ്യമ താത്പര്യങ്ങളുടെ പരിമിതിയും അപകടവും നാം തിരിച്ചറിയേണ്ടത്. സംഭവങ്ങളുടെ മെറിറ്റില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നതിന് പകരം, അവിഹിത കഥകളുടെയും ഊഹങ്ങളുടെയും ഉള്ളുപൊള്ളയായ കവറേജിംഗ് രീതി ഉപേക്ഷിക്കാന്‍ ഇനിയെന്നാണ് നാം തയ്യാറാകുക? പ്രതികളെ പ്രതികളായി മാത്രം കാണാനും ഇക്കിളിപ്പെടുത്തുന്ന ഉള്ളടക്കങ്ങളോട് നോ പറയാനും വിശാലമായ ന്യൂസ് റൂമുകള്‍ എന്നാണ് നാം പണിയുക?

Latest