Connect with us

Articles

മഹാമാരിയെത്താന്‍ ഇനിയൊരിടവുമില്ല

Published

|

Last Updated

ഗല്ലികള്‍, ചേരികള്‍, റസിഡന്‍ഷ്യല്‍ സൊസൈറ്റികള്‍ തുടങ്ങി മനുഷ്യര്‍ വസിക്കുന്ന എല്ലായിടങ്ങളിലേക്കും ഈ ഡല്‍ഹി നഗരത്തില്‍ കൊവിഡ് കൈയേറ്റം നടത്തിക്കഴിഞ്ഞു. ഇനിയൊരിടവും മഹാമാരി എത്തിച്ചേരാനില്ല. ഗല്ലികളില്‍ അതിവേഗത്തിലാണ് കൊവിഡ് പടരുന്നത്. ഇടവഴികള്‍ മാത്രമുള്ള ഗല്ലികള്‍ അടച്ചിടുന്നതിന് പരിധികളുണ്ട്.

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ ഇതര സംഘടനയിലെ സാമൂഹിക പ്രവര്‍ത്തകയാണ് ഇരുപത്തിയഞ്ചുകാരിയായ ആല്‍ഫി സോണി. ഓര്‍മവെക്കുന്നതിന് മുമ്പേ ഈ നഗരത്തിലെത്തിയതാണവര്‍. ഭരണകൂടങ്ങള്‍ മാറുന്നത് മുതല്‍ ഭീതിജനകമായ മഹാമാരികള്‍ വരെ ഈ കാലത്തിനിടക്ക് ഡല്‍ഹിയിലിരുന്ന് കണ്ടിട്ടുണ്ട്. പക്ഷേ, ഇത്ര ഭീതിയോടെ ഈ നഗരം ജീവിച്ച ഒരു നാളും കടന്നുപോയിട്ടില്ലെന്ന് അവര്‍ പറയുന്നു. തൊട്ടടുത്ത ഫ്ലാറ്റുകളില്‍ വരെ കൊവിഡ് എത്തിയിട്ടുണ്ട്. പുറത്തിറങ്ങാന്‍ ഭയമാകുന്നു. പക്ഷേ, ജീവിക്കാന്‍ ഇറങ്ങിയേ മതിയാകൂവെന്ന സ്ഥിതിയല്ലേ. ദൈവം ഈ പ്രിയപ്പെട്ട നഗരത്തിന് എന്തെങ്കിലും കരുതിവെച്ചിട്ടുണ്ടെങ്കില്‍ അതനുഭവിച്ചല്ലേ മതിയാകൂ എന്ന വാചകത്തില്‍ അവര്‍ പറഞ്ഞു നിര്‍ത്തുന്നു. പശ്ചിമ ബംഗാളില്‍ നിന്ന് കുടിയേറിയതാണ് സ്‌കൂള്‍ അധ്യാപകനായ അങ്കിത് ചതുര്‍വേദി. ഡല്‍ഹിയെ ഇഷ്ടപ്പെട്ടതോടെ ബംഗാളിലെ എല്ലാ വേരുകളും ഉപേക്ഷിച്ച് ഡല്‍ഹിയില്‍ താമസമാക്കി. ഇപ്പോള്‍ തിരിച്ചു പോകാനാകാത്ത വിധം വിറങ്ങലിച്ചു നില്‍ക്കുന്നു. പിന്നെയും എത്രയോ പേര്‍ ഈ നഗരത്തില്‍ നാടണയാന്‍ കഴിയാതെയും ചികിത്സ ലഭിക്കാതെയുമിരിക്കുന്നു. എല്‍ എന്‍ ജെ പി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു മലയാളി വനിതയുടെ സന്ദേശം കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. അടുത്തിടെ ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ച 55കാരന്റെ ഭാര്യയുടെ സന്ദേശമായിരുന്നു അത്. ടാക്സി ഡ്രൈവറായ ഭര്‍ത്താവ് കൊവിഡ് ബാധിച്ച് മരിച്ചു. മലയാളി നഴ്സിന്റെ സഹായത്തോടെ കൊവിഡ് ബാധിതരുടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കൈയില്‍ പണമൊന്നുമില്ല. അധികൃതര്‍ ഫോണ്‍ വാങ്ങിവെക്കുമെന്നാണ് അറിയുന്നത്. ഫോണ്‍ ലഭിക്കാതെ വരികയോ രോഗം മൂര്‍ച്ഛിക്കുകയോ ചെയ്താല്‍ തന്റെ വിവരങ്ങള്‍ നാട്ടിലുള്ളവരെ അറിയിക്കാന്‍ ആരെങ്കിലുമെന്നെ സഹായിക്കണേ എന്നഭ്യര്‍ഥനയായിരുന്നു ആ സന്ദേശം.

അടുത്ത മാസം അവസാനത്തോടെ ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം അഞ്ചര ലക്ഷമാകുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തന്നെയാണ് വ്യക്തമാക്കിയത്. 80,000 ബെഡ്ഡുകള്‍ ഇതിന് ആവശ്യമായി വരുമെന്നും സിസോദിയ പറഞ്ഞു. ഡല്‍ഹിയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ചികിത്സ നഗരവാസികള്‍ക്ക് മാത്രമാക്കിയ കെജ്‌രിവാളിന്റെ ഉത്തരവ് റദ്ദാക്കി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയായിരുന്നു സിസോദിയയുടെ ഈ കാര്യം പറച്ചില്‍. ജൂണ്‍ 15 വരെ 44,000 കൊവിഡ് കേസുകള്‍ ഉണ്ടാകും. ആ സമയത്തേക്ക് 6,600 കിടക്കകള്‍ ആവശ്യമാണ്. ജൂണ്‍ 30നകം ഒരു ലക്ഷം കേസുകളാകും. അപ്പോള്‍ 15,000 കിടക്കകള്‍ ആവശ്യമാണ്. ജൂലൈ 15ന് കേസുകള്‍ രണ്ടര ലക്ഷമായി ഉയരും. 33,000 കിടക്കകള്‍ ആവശ്യമായി വരും. ജൂലൈ 31 വരെ അഞ്ചര ലക്ഷം കേസുകള്‍ ഉണ്ടാകും. അപ്പോഴേക്കും 80,000 കിടക്കകള്‍ ആവശ്യമാണെന്നുമായിരുന്നു സിസോദിയ പറഞ്ഞത്.

ഔദ്യോഗിക കണക്ക് പ്രകാരം ഡല്‍ഹിയിലെ കൊവിഡ് കേസുകള്‍ 42,829 ആണ്. ഇതില്‍ 25,002 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. 16,427 പേര്‍ രോഗമുക്തരായി. 1,400 പേരാണ് മരണപ്പെട്ടതെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഈ കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. മരണത്തിന്റെ കണക്കില്‍ വലിയ വ്യത്യാസങ്ങളുണ്ടെന്ന് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ വൃത്തങ്ങളും പറയുന്നു. എങ്ങനെയായിരുന്നാലും കൊവിഡ് ഡല്‍ഹി നഗരത്തെ വിഴുങ്ങിയിരിക്കുന്നുവെന്നതില്‍ സര്‍ക്കാറുകള്‍ക്കോ മറ്റോ അഭിപ്രായ വ്യത്യാസമില്ല. ഇതിന് പുറമെ ഡല്‍ഹിയില്‍ സാമൂഹിക വ്യാപനം സംഭവിച്ചിട്ടുണ്ടെന്ന ആശങ്ക. ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന്‍ ഉന്നയിക്കുകയും ചെയ്തു. 50 ശതമാനം കേസുകളിലും ഉറവിടം കണ്ടെത്താനായിട്ടില്ല. ഇതിന് പിന്നാലെയാണ് ലോകത്തെ ഞെട്ടിപ്പിച്ച ഡല്‍ഹിയിലെ കൊവിഡ് ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇതിന് പിറകെ കേന്ദ്ര സര്‍ക്കാര്‍ ചില ഇടപെടലുകള്‍ നടത്തി. ഡല്‍ഹിയില്‍ എല്ലാവരിലും പരിശോധന നടത്താനും കൊവിഡ് രോഗികള്‍ക്കുള്ള കിടക്കക്ഷാമം പരിഹരിക്കുന്നതിന് 500 റെയില്‍വേ കോച്ചുകള്‍ നല്‍കുന്നതിനുമാണ് കേന്ദ്രവും ഡല്‍ഹി സര്‍ക്കാറും ചേര്‍ന്ന് തീരുമാനമെടുത്തത്. നാല് ഐ എ എസ് ഉദ്യോഗസ്ഥരെ ഡല്‍ഹി സര്‍ക്കാറിലേക്ക് സ്ഥലം മാറ്റി അമിത് ഷാ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന് പുറമെ കേന്ദ്ര സര്‍ക്കാറില്‍ നിന്ന് രണ്ട് ഉദ്യോഗസ്ഥരെ ഡല്‍ഹിയെ സഹായിക്കുന്നതിനും നിയോഗിച്ചു. കഴിഞ്ഞ ദിവസം ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള നാഷനല്‍ ക്യാപിറ്റല്‍ റീജ്യന്‍ മേഖലയിലെ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി സര്‍വകക്ഷി യോഗം വിളിച്ചു. എ എ പി, ബി ജെ പി, കോണ്‍ഗ്രസ്, ബി എസ് പി എന്നീ പാര്‍ട്ടികളാണ് വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള യോഗത്തില്‍ പങ്കെടുത്തത്. രാഷ്ട്രീയം മറന്ന് എല്ലാവരും കൊവിഡിനെതിരെ പോരാടണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അഭ്യര്‍ഥിക്കുകയും ചെയ്തു.

ഡല്‍ഹിയിലെ എല്ലാവര്‍ക്കും കൊവിഡ് പരിശോധന നടത്താമെന്ന ഒഴുക്കന്‍ മട്ടിലുള്ള ഒരു തീരുമാനം മാത്രമാണ് ആകെ പ്രതീക്ഷക്കു വകയുള്ളത്. അത് എത്രമാത്രം സാധ്യമാകുമെന്ന് ഒരു നിശ്ചയവുമില്ല. അപ്പോഴും ഡല്‍ഹിയില്‍ ഇനിയൊരു ലോക്ക്ഡൗണ്‍ ഇല്ലെന്നാണ് മുഖ്യമന്ത്രി കെജ്‌രിവാള്‍ പറഞ്ഞത്.
ലോക്ക്ഡൗണിനെക്കുറിച്ചല്ല ഡല്‍ഹിയിലെ ജനങ്ങള്‍ക്കിപ്പോള്‍ ആശങ്ക. അവരുടെ ജീവനെക്കുറിച്ചാണ്. അതിനെക്കുറിച്ചൊന്നും കെജ്‌രിവാളിന് പറയാനില്ല. മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ അങ്ങനെ സകലരും കൊവിഡിനെ പേടിച്ച് കഴിയുന്ന ഈ സാഹചര്യത്തിലെങ്കിലും കഴിവുള്ള ഒരു മുഖ്യമന്ത്രിയാണ് താനെന്ന് കെജ്‌രിവാള്‍ തെളിയിക്കണം. അല്ലാത്ത പക്ഷം അദ്ദേഹത്തെക്കുറിച്ചുള്ള വാഴ്ത്തുപാട്ടുകള്‍ വെറും പാരഡികളായിരുന്നുവെന്ന് വിശ്വസിക്കേണ്ടിവരും.
ഈ നേരവും ഡല്‍ഹി നിവാസികളുടെ നിലവിളികള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഒരാള്‍ പോലും തിരിഞ്ഞു നോക്കാനില്ലാത്ത കൊവിഡ് ബാധിതര്‍, ചികിത്സ നിഷേധിക്കപ്പെട്ടതിന്റെ പേരില്‍ ഏറ്റവും പ്രിയപ്പെട്ടവരെ മരണത്തിന് വിട്ടുകൊടുക്കേണ്ടി വന്നവര്‍, രോഗലക്ഷണം കണ്ടതിനെത്തുടര്‍ന്ന് ടെസ്റ്റിനായി ആശുപത്രിയില്‍ വിളിച്ചപ്പോള്‍ പരിശോധനാ കിറ്റുകളില്ലെന്ന് മറുപടി ലഭിച്ചവര്‍.. ഇങ്ങനെ എത്രയോ പേര്‍ മരണത്തിനും ജീവിതത്തിനുമിടയില്‍ നിന്ന് ഭരണകൂടത്തോട് കൈകൂപ്പുന്നു.

മാധ്യമപ്രവര്‍ത്തകനായ അജയ് ഝായുടെ വീഡിയോ രാജ്യം മുഴുക്കെ ഷെയര്‍ ചെയ്യപ്പെട്ടതാണ്. ഒരു ചെറിയ ഫ്ലാറ്റില്‍ കഴിയുന്ന ഝായുടെ കുടുംബത്തിലെ എല്ലാവര്‍ക്കും കൊവിഡ് ബാധിച്ചു. സഹായിക്കാനായി ആരും എത്താതിരുന്നപ്പോഴാണ് ഝാ സോഷ്യല്‍ മീഡിയയിലെത്തിയത്. വീട്ടിലെ എല്ലാവര്‍ക്കും കൊവിഡ് ബാധിച്ചു. ഭാര്യയുടെ മാതാവും പിതാവും മരിച്ചു. മണിക്കൂറുകളോളം ഇവരുടെ മൃതദേഹം വീട്ടില്‍ സൂക്ഷിക്കേണ്ടിവന്നു. കുറേ കഴിഞ്ഞാണ് മൃതദേഹങ്ങള്‍ ആംബുലന്‍സെത്തി കൊണ്ടുപോയതെന്നും അജയ് ഝാ പറയുന്നു. കുറച്ച് മുമ്പ് കൊവിഡ് കിറ്റുകള്‍ ലഭിക്കാതെ ജോലി ചെയ്യേണ്ടിവന്ന ആരോഗ്യ പ്രവര്‍ത്തകരുടെ നിലവിളിയായിരുന്നു ഡല്‍ഹിയില്‍ നിന്ന് കേട്ടിരുന്നത്. ഇപ്പോള്‍ അവര്‍ ആരോടും പരിഭവം പറയാതെ പണിയെടുക്കുന്നു. അങ്ങനെയുള്ളവരില്‍ ചിലരൊക്കെ കൊവിഡ് ബാധിച്ച് മരിച്ചു. ഇപ്പോള്‍ ഡല്‍ഹിയില്‍ നിന്ന് കേള്‍ക്കുന്നത് കൂട്ട നിലവിളിയാണ്. ഈ മഹാനഗരത്തിനു വേണ്ടി പ്രാര്‍ഥിക്കൂവെന്നുമാത്രമാണ് ഡല്‍ഹി നിവാസികള്‍ ഈ നിമിഷം പരസ്പരം പറയുന്നത്.

ശാഫി കരുമ്പില്‍