Connect with us

National

ശ്രീലങ്കയിൽ പാർലിമെന്റ് തിരഞ്ഞെടുപ്പ് ആഗസ്റ്റ് അഞ്ചിന്

Published

|

Last Updated

കൊളംബോ | കൊറോണവൈറസ് കാരണം മൂന്ന് മാസത്തിലധികം വൈകിയ ശ്രീലങ്കൻ പാർലിമെന്റ് തിരഞ്ഞെടുപ്പ് ആഗസ്റ്റ് അഞ്ചിന് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ആരോഗ്യ അധികൃതരുടെ അനുമതി ലഭിച്ചതിന് ശേഷമാണ് പുതിയ തീയതി പ്രഖ്യാപിച്ചത്. പോളിംഗ് ബൂത്തുകളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും നടപ്പാക്കുന്ന പുതിയ ആരോഗ്യ നടപടികൾ പരീക്ഷിക്കുന്നതിനായി ഈ വാരാന്ത്യത്തിൽ ഒരു മോക്ക് തിരഞ്ഞെടുപ്പ് നടത്തുമെന്ന് കമ്മീഷൻ ചെയർമാൻ മഹീന്ദ ദേശപ്രിയ പറഞ്ഞു.
വൈറസ് ബാധ കാരണം ഇവിടെ 11 പേർ മരിക്കുകയും രണ്ടായിരത്തോളം പേർക്ക് രോഗം ബാധിക്കുകയും ചെയ്തതിനാലാണ് തിരഞ്ഞെടുപ്പ് അനിശ്ചിതമായി മാറ്റിവെക്കേണ്ടി വന്നതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ആരോഗ്യ മാർഗനിർദേശങ്ങൾക്കുള്ള തയ്യാറെടുപ്പുകൾക്കായി തിരഞ്ഞെടുപ്പ് തീയതിക്കുള്ളിൽ മതിയായ സമയം നൽകുമെന്ന് കമ്മീഷൻ അംഗം രത്‌നജീവൻ ഹൂലെ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ തന്റെ പാർട്ടി പാർലിമെന്റിൽ അധികാരത്തിലെത്തുമെന്നാണ് പ്രസിഡന്റ് ഗോതബയ രാജ്പക്‌സെയുടെ പ്രതീക്ഷ. ഈ ഭൂരിപക്ഷം ഭരണഘടനയെ മാറ്റിമറിക്കാൻ അദ്ദേഹത്തിന് കൂടുതൽ അധികാരം നൽകും. ഏപ്രിൽ 25നും ജൂൺ 20നും നടത്താൻ നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പ്  തീയതികൾ മാറ്റിയാണ് പുതിയ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
സിറ്റിംഗ് പാർലിമെന്റ് ഇല്ലാതെ പ്രവർത്തിക്കാൻ നിയമം അനുവദിച്ച് മൂന്ന് മാസത്തെ കാലാവധി കഴിഞ്ഞതിനാൽ രാജ്യം ഭരണഘടനാ അനിശ്ചിതത്വത്തിലാണ്.  മാർച്ചിൽ പാർലിമെന്റ് പിരിച്ചുവിട്ട രാജ്പക്‌സെയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും പൗരന്മാരും സമർപ്പിച്ച ഹരജികൾ കഴിഞ്ഞ ആഴ്ച സുപ്രീം കോടതി തള്ളിയിരുന്നു.