Connect with us

Kannur

കാട്ടുതീ കുത്തനെ കുറഞ്ഞു; കാടിന് രക്ഷയായി ലോക്ക്ഡൗൺ

Published

|

Last Updated

കണ്ണൂർ | പതിവിന് വിപരീതമായി കേരളത്തിലെ വനമേഖല ഇത്തവണ മൺസൂണിനെ വരവേറ്റത് പഴയ പ്രതാപത്തോടെ. സമൃദ്ധമായ കാടുകളിലേക്കാണ് ഇത്തവണ മഴമേഘങ്ങൾ പെയ്തിറങ്ങുന്നത്. ഇതിന് ലോക്ക്ഡൗണിനോടാണ് സഹ്യപർവത നിര കടപ്പെട്ടിരിക്കുന്നത്.

കടുത്ത വേനലിൽ ഉണ്ടാകാറുള്ള കാട്ടുതീ ഇത്തവണ വളരെ കുറഞ്ഞതാണ് വനമേഖലയെ സമൃദ്ധമായി നിലനിർത്തിയത്. ലോക്ക്ഡൗണിൽ ജനസാന്നിധ്യം ഇല്ലാതിരുന്നതാണ് കാട്ടുതീ കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ.

മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് കേരള വനമേഖലയിൽ കാട്ടുതീ ഏറ്റവും കൂടുതൽ അനുഭവപ്പെടാറുള്ളത്. എന്നാൽ ഇത്തവണ ലോക്ക്ഡൗൺ ആരംഭിച്ച മാർച്ച് 23 മുതൽ ഏപ്രിൽ 15 വരെയുള്ള കാലയളവിൽ ഫോറസ്റ്റ് ഫയർ അലർട്ട് സിസ്റ്റം വഴി കേരളത്തിൽ 86 കാട്ടുതീകളാണ് റിപ്പോർട്ട് ചെയ്തത്. 2019ൽ ഇതേ കാലയളവിൽ 422 കേസുകൾ റിപ്പോർട്ട് ചെയ്തതായി ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ലോക്ക്ഡൗൺ കാലയളവിൽ കാട്ടുതീയെ തുടർന്ന് 49.8 ഹെക്ടർ വനമാണ് കത്തിനശിച്ചത്.

അതേസമയം, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 116.2 ഹെക്ടർ വനം കാട്ടുതീയിൽ കത്തിയെരിഞ്ഞു.
വനപ്രദേശങ്ങളിൽ മനുഷ്യരുടെ സാമീപ്യം കുറഞ്ഞതാണ് കാട്ടുതീ കുത്തനെ കുറയാൻ കാരണം. മനുഷ്യന്റെ പ്രവൃത്തിയാണ് 90 ശതമാനം കാട്ടുതീകൾക്കും കാരണമെന്നാണ് കരുതപ്പെടുന്നത്. ലോക്ക്ഡൗണിനൊപ്പം നല്ല രീതിയിൽ ലഭിച്ച വേനൽ മഴയും കാട്ടുതീയുടെ എണ്ണം കുറച്ചു. ഇത് വനമേഖലയുടെ ജൈവ വൈവിധ്യത്തെയും വനത്തിലെ ആവാസ വ്യവസ്ഥയെയും വന്യജീവികളെയും സംരക്ഷിച്ച് നിർത്താൻ സഹായിച്ചു. വരും വർഷങ്ങളിലും വേനൽക്കാലങ്ങളിൽ വനമേഖലയിൽ ചുരുങ്ങിയത് രണ്ട് മാസത്തേക്കെങ്കിലും ലോക്ക്ഡൗൺ വേണമെന്ന് ആവശ്യമുയർത്തുമെന്ന് പരിസ്ഥിതി സംരക്ഷണ സമിതി പ്രവർത്തകൻ എ ശ്രീധരൻ പറഞ്ഞു. അതുവഴി, വനമേഖലയെ സമ്പുഷ്ടമായി നിലനിർത്താനും വേനൽകാലങ്ങളിൽ വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് തടയാനും കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Latest