Connect with us

Eduline

ഐസറില്‍ ശാസ്ത്രപഠനത്തിന് ഇരട്ട ബിരുദ പ്രോഗ്രാം

Published

|

Last Updated

അടിസ്ഥാന ശാസ്ത്രവിഷയങ്ങളില്‍ പഠനഗവേഷണ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ (ഐസര്‍) ശാസ്ത്ര പഠന വിഷയങ്ങളില്‍ ഇരട്ട ബിരുദ പ്രോഗാമിന് അപേക്ഷ ക്ഷണിച്ചു. ബി എസ്, ബി എസ്-എം എസ് ഇരട്ട ബിരുദ
പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതിനായുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മുന്‍വര്‍ഷങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഐസര്‍ പ്രവേശന നടപടികള്‍ ആരംഭിച്ചിരുന്നതെങ്കിലും ഇത്തവണ ഒരു മാസം നേരത്തെയാണ്. വിജ്ഞാപനം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ഐസറുകളിലെ പ്രവേശനത്തിന് നിലവിലുള്ള യോഗ്യതയില്‍ നേരിയ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നുവെന്നത് കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുന്നുണ്ട്. ഇതോടൊപ്പം പ്രവേശന നടപടികള്‍, യോഗ്യത, എന്‍ട്രന്‍സ് പരീക്ഷ എന്നിവയില്‍ ഇത്തവണ ചില പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്.

ഏഴ് ഐസറുകളിലായി
1050 സീറ്റുകൾ

രാജ്യത്ത് തിരുവനന്തപുരം, ബെറാംപുര്‍, ഭോപാല്‍, കൊല്‍ക്കത്ത, മൊഹാലി, പുണെ, തിരുപ്പതി എന്നിവിടങ്ങളിലെ ഐസറുകളിലേക്കാണ് പ്രവേശന നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. നിലവില്‍ ഓരോ ഐസറിലും 150 സീറ്റ് വീതമാണുള്ളത്. ഇതില്‍ ഭോപാലില്‍ മാത്രമേ ബി എസ് പ്രോഗ്രാമുള്ളൂ.

[irp]

കോഴ്‌സുകളും സ്റ്റൈപ്പന്‍ഡും

ബി എസ് (എന്‍ജിനിയറിംഗ് സയന്‍സസ്, ഇക്കണോമിക്‌സ് എന്നിവയില്‍ നാലു വര്‍ഷത്തെ ബി എസ് പ്രോഗ്രാമുകള്‍). നിലവില്‍ ഐസറിന്റെ ഭോപ്പാല്‍ ക്യാമ്പസില്‍ മാത്രമാണ് ബി എസ് ഉള്ളത്. മറ്റിടങ്ങളില്‍ ബിഎസ്-എം എസ് ഇരട്ട ബിരുദ പ്രോഗ്രാമുകളാ (ഡ്യൂല്‍ ഡിഗ്രി) ണുള്ളത്.

ബയോളജിക്കല്‍ സയന്‍സസ്, കെമിക്കല്‍ സയന്‍സസ് ഡാറ്റ സയന്‍സ്, എര്‍ത്ത് ആന്‍ഡ് ക്ലൈമറ്റ് സയന്‍സസ്, എര്‍ത്ത് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സയന്‍സസ്, സാമ്പത്തിക ശാസ്ത്രം, എന്‍ജിനിയറിംഗ് സയന്‍സസ്, ജിയോളജിക്കല്‍ സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ് എന്നിവയിലാണ് കോഴ്‌സുകള്‍.

അഞ്ചുവര്‍ഷത്തെ കോഴ്‌സില്‍ പ്രവേശനം ലഭിക്കുന്നവിദ്യാർഥികള്‍ക്ക് മാത്രമേ പ്രതിമാസ സ്റ്റൈപെന്‍ഡ് ലഭിക്കുകയുള്ളൂ. കോഴ്‌സിന്റെ ആദ്യ രണ്ടുവര്‍ഷം അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിലാണ് പഠനം. മൂന്നും നാലും വര്‍ഷം ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുത്ത് ആഴത്തിലുള്ള പഠനം നടത്താം. അഞ്ചാം വര്‍ഷം ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്.
മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് (ഇ ഡബ്ല്യു എസ്) ഉള്‍പ്പെടെ മുഴുവന്‍ സംവരണ മാനദണ്ഡവും പ്രവേശനത്തിനുണ്ട്.

[irp]

പ്രവേശന രീതികള്‍

ഐസറുകളിലേക്ക് പ്രധാനമായും മൂന്ന് രീതികളിലാണ് പ്രവേശനം നട്ക്കുക. പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനപരീക്ഷ എഴുതി പ്രവേശനം നേടുന്നതിനു പുറമെ അഖിലേന്ത്യാ എന്‍ജിനിയറിംഗ് പ്രവേശനപരീക്ഷയായ ജെ ഇ ഇയില്‍ ഐ ഐ ടി അഡ്മിഷനുള്ള ജെ ഇ ഇ അഡ്വാന്‍സ്ഡില്‍ ആദ്യ 10,000 റാങ്കുകാര്‍ക്കും പ്രവേശനത്തിന് അപേക്ഷിക്കാം. കൂടാതെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് വഴി നടപ്പാക്കുന്ന കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന (കെ വി പി വൈ) സ്‌കോളര്‍ഷിപ്പ് നേടിയവര്‍ക്കായി നിശ്ചിത ശതമാനം സീറ്റുകള്‍ നീക്കിവെച്ചിട്ടുണ്ട്.

ആര്‍ക്ക്, എങ്ങനെ അപേക്ഷിക്കാം

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മാര്‍ക്കിന്റെ അടിസ്ഥാനത്തിലുള്ള അപേക്ഷകള്‍ മാര്‍ച്ച് 23 മുതല്‍ ഓണ്‍ലൈനായി സ്വീകരിച്ച് തുടങ്ങും. 2019ല്‍ പ്ലസ് ടു കഴിഞ്ഞവര്‍ക്കും 2020ല്‍ പ്ലസ് ടു എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
കെ വി പി വൈ സ്‌കോളര്‍ഷിപ്പ് ജേതാക്കള്‍ ഏപ്രില്‍ 24 മുതലും ജെ ഇ ഇ അഡ്വാസ്ഡ് സ്‌കോര്‍ നേടിയവര്‍ ജൂണ്‍ ഒന്ന് മുതലാണ് അപേക്ഷിക്കേണ്ടത്. കേരളത്തിലെ മുഴുവന്‍ ജില്ലയിലും പ്രവേശനപരീക്ഷാ കേന്ദ്രങ്ങളുണ്ട്. അപേക്ഷാ ഫീസ്, അഭിരുചി പരീക്ഷയുടെ സിലബസ്, പരീക്ഷാ കേന്ദ്രങ്ങള്‍, അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ടുന്ന സര്‍ട്ടിഫിക്കറ്റുകളുടെ മാതൃക എന്നിവയെല്ലാം http://www.iiseradmission.in വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.