Connect with us

Religion

അഹ്‌ലുബൈത്ത് അണമുറിയാത്ത അനുഗ്രഹം

Published

|

Last Updated

ഇസ്‌ലാമിൽ പ്രഥമ സ്ഥാനീയരാണ് അഹ്‌ലുബൈത്ത്. തിരുനബി (സ) യുടെ ഉപ്പാപ്പയായ ഹാശിം, സഹോദരൻ മുത്വലിബ് എന്നിവരുടെ സന്താന പരമ്പരയിലെ എല്ലാ മുസ്‌ലിംകളും അഹ്‌ലുബൈത്ത് എന്ന വിശേഷണത്തിനർഹരാണ്. എന്നിരുന്നാലും നബി തങ്ങളുടെ പേരക്കുട്ടികൾ മാത്രമാണ് അഹ്‌ലുബൈത്ത് എന്നറിയപ്പെടുന്നത്. അവർക്ക് മുമ്പുള്ളവർ “ആല്” (നബി കുടുംബം) എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നില്ലെങ്കിലും അഹ്‌ലുബൈത്ത് തന്നെയാണ്.

ആരാണ് അഹ്‌ലുബൈത്ത് എന്നതിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. നബി (സ), അലി (റ), ഫാത്വിമ (റ), ഹുസൈൻ (റ), ഹസൻ (റ) എന്നീ അഞ്ച് പേരാണെന്ന അഭിപ്രായമാണ് പ്രബലം. ഒരിക്കൽ ഇവർ നാല് പേരും തിരുനബിയും ഒന്നിച്ചിരിക്കുന്നതിനിടെ സൂറത്തുൽ അഹ്‌സാബിലെ 33 ാം ആയത്ത് അവതരിക്കപ്പെട്ടു. ഈ വാക്യം ഉരുവിട്ട ശേഷം അവിടുന്ന് പ്രാർഥിച്ചു. “ഇത് എന്റെ അഹ്‌ലുബൈത്താണ്. ഇവരെ സംസ്‌കാര സമ്പന്നരാക്കുകയും തിന്മയിൽ നിന്ന് അകറ്റുകയും ചെയ്യേണമേ…”

ആദരവും
ബഹുമാനവും

അഹ്‌ലുബൈത്തിനോട് ആദരവ് പ്രകടിപ്പിക്കൽ വിശ്വാസത്തിന്റെ ഭാഗമാണ്. ഇമാം ശാഫിഇ (റ) പറയുന്നു: “നബി കുടുംബമേ നിങ്ങളെ സ്‌നേഹിക്കൽ ഖുർആൻ മുഖേന അല്ലാഹു നിർബന്ധമാക്കിയിരിക്കുന്നു. നിങ്ങളുടെ മേലിൽ സ്വലാത്ത് ചൊല്ലാത്ത ഒരു നിസ്‌കാരവും ശരിയാകില്ലെന്നത് തന്നെ നിങ്ങളുടെ ശ്രേഷ്ഠതക്ക് മതിയായ തെളിവാണ്”. അഹ്‌ലുബൈത്തിനെ ആദരിക്കുന്നതിന്റെ നേട്ടങ്ങളും അനാദരിക്കുന്നതിന്റെ കോട്ടങ്ങളും പരാമർശിക്കുന്ന നിരവധി ആയത്തുകളും ഹദീസുകളുമുണ്ട്. അല്ലാഹു പറയുന്നു: വിശ്വാസികൾക്ക് അല്ലാഹു നൽകുന്ന അനുഗ്രഹങ്ങൾക്ക് പകരമായി അവനാവശ്യപ്പെടുന്നത് അഹ്‌ലുബൈത്തിനെ സ്‌നേഹിക്കലാണ്. (സൂറത്തു ആശുറാഅ്). തിരുനബി (സ) അരുളി: ആരെങ്കിലും ഹസൻ (റ), ഹുസൈൻ (റ) എന്നിവരോട് പ്രിയം വെച്ചാൽ അവർ എന്നെ ഇഷ്ടപ്പെട്ടിരിക്കുന്നു. ആരെങ്കിലും അവരോട് കോപത്തോടെ പെരുമാറുന്നുവെങ്കിൽ അവർ എന്നോടാണ് ദേഷ്യപ്പെടുന്നത്. (ജാമിഉ സ്വഗീർ). ഈ ഹദീസിന്റെ ആദ്യ ഭാഗത്തെ വിശദീകരിച്ച് കൊണ്ട് ഇമാം മുനാവി (റ) ഫൈളുൽ ഖദീറിൽ എഴുതുന്നു. ഹസൻ (റ), ഹുസൈൻ (റ) എന്നിവരെ സ്‌നേഹിക്കുക എന്നതിൽപ്പെട്ടതാണ് അവരുടെ സന്താന പരമ്പരയെ പ്രിയംവെക്കുക എന്നുള്ളത്. ഈ രണ്ട് സന്താനങ്ങൾക്ക് എത്രത്തോളം ആദരവും പരിഗണയും നൽകുന്നോ ആ നിലക്ക് അവിടുത്തെ സന്താന പരമ്പരയെ പരിഗണിക്കുക. ഈ ഹദീസിന്റെ രണ്ടാം ഭാഗത്തെ വിശദീകരിച്ച് മുനാവി (റ) രേഖപ്പെടുത്തുന്നു: ഹസൻ (റ), ഹുസൈൻ (റ) എന്നിവരെ ബുദ്ധിമുട്ടാക്കുകയെന്നാൽ അവരെ ചീത്ത പറയുക, അധിക്ഷേപിക്കുക, ശപിക്കുക, പരമ്പരയിൽ ആക്ഷേപം ഉന്നയിക്കുക, അവരെ നിസ്സാരരായി കാണുക എന്നിവയാണ്.

മറ്റൊരു ഹദീസിൽ പറയുന്നു: എന്റെ അഹ്‌ലുബൈത്തിനെയും സ്വഹാബത്തിനെയും അങ്ങേയറ്റം സ്‌നേഹിക്കുന്നവർക്കായിരിക്കും ഉറച്ച കാൽപാദങ്ങളോടെ സ്വിറാത്ത് പാലം വിട്ടുകടക്കാനാകുക.

അഹ്‌ലുബൈത്ത്
പരമ്പര

അബ്ദു മനാഫിന്റെ നാല് മക്കളിൽ ഹാശിം, മുത്വലിബ് എന്നിവരുടെ വിശ്വാസികളായ മക്കളാണ് അഹ്‌ലുബൈത്തു കൊണ്ടുള്ള വിവക്ഷ. ഇവരിൽ മുത്വലിബിന്റെ മക്കളായ ഹാരിസ്, അബൂ ത്വാലിബ്, അബൂ ലഹബ്, അബ്ബാസ് (റ), ഹംസ (റ), സുബൈർ, അബ്ദുല്ല (റ) എന്നിവരുടെ സന്തതി പരമ്പര ഇന്നും നിലനിൽക്കുന്നുണ്ട്. ഇവരിൽ ഹാരിസ് എന്നവർ നബി തങ്ങളുടെ ജനനത്തിന് മുമ്പേ മരണപ്പെട്ടിട്ടുണ്ട്. ഇവരുടെ സന്താനങ്ങളും പേരക്കുട്ടികളും സ്വഹാബികളാണ്. ഈ മക്കളിൽപ്പെട്ട നൗഫൽ ബിൻ ഹാരിസ് (റ) വിന്റെ മകനാണ് സൈനബ (റ) യുടെ മകൾ ഉമാമ (റ) യെ, അലി (റ) വിന്റെ വഫാത്തിന് ശേഷം അവിടുത്തെ വിൽപത്ര പ്രകാരം വിവാഹം ചെയ്തത്.

നബി (സ്വ)യുടെ മൂത്താപ്പ അബൂ ലഹബ് സത്യനിഷേധിയായിരിക്കെ തന്നെ അദ്ദേഹത്തിന്റെ രണ്ട് ആൺ മക്കളും രണ്ട് പെൺ മക്കളും സ്വഹാബികളായിരുന്നു. അവരിൽപ്പെട്ട ദുർറത് എന്ന മകൾ ഒരിക്കൽ ഹജ്ജ് വേളയിൽ സാധാരണക്കാരായ ചിലരിൽ നിന്ന് “നിങ്ങൾ വിശ്വാസിനിയായത് കൊണ്ടോ പലായനം ചെയ്തത് കൊണ്ടോ ഫലമില്ല.നിങ്ങൾ നരകത്തിലെ വിറകിന്റെ മകളാണ്” എന്ന ആക്ഷേപം കേട്ടപ്പോൾ തിരുനബിയോട് പരാതി ബോധിപ്പിച്ചു. നബി (സ) അങ്ങേയറ്റം ദുഃഖിതനായി. തുടർന്ന് പ്രസംഗ പീഠത്തിൽ കയറി സമൂഹത്തോട് ഗൗരവത്തോടെ ഉണർത്തി. ചിലയാളുകളുടെ വിചാരമെന്താണ് ?. എന്റെ കുടുംബത്തിന്റെ കാര്യത്തിൽ എന്നെ വിഷമിപ്പിക്കുന്നുവോ ?. എന്റെ പിതൃവ്യൻ സത്യനിഷേധ മാർഗം സ്വികരിച്ചുവെങ്കിലും അദ്ദേഹത്തിന്റെ മക്കൾ എന്റെ കുടുംബമാണ്. ലുഹബ്, ഹാഅ് തുടങ്ങിയ വിദൂര ബന്ധങ്ങളിലുള്ളവർക്ക് പോലും എന്റെ ശിപാർശ ഉണ്ടാകുമെങ്കിൽ അബ്ദുൽ മുത്വലിബിന്റെ സന്തതികൾക് അതുണ്ടാകില്ല എന്ന് പറയുന്നവൻ ഈ ദീനിൽ സ്ഥാനരഹിതനാണ.് അബൂ ലഹബിന്റെ മക്കളിൽപ്പെട്ട ദുർറത്ത് ബീവിയെയാണ് നാം മലയാള ഭാഷയിൽ മുത്ത് ബീവി എന്ന് വിളിക്കുന്നത്.

നബി തങ്ങളുടെ എളാപ്പ അബൂ ത്വാലിബിന് നാല് ആൺ മക്കളാണ് ഉണ്ടായിരുന്നത്. അലി (റ), ജഅ്ഫർ (റ), ത്വാലിബ് (റ), അഖീൽ (റ). ഈ നാല് പേരും ഫാത്വിമ ബിൻത് അസദ് ബിൻ ഹാശിം എന്നിവരിൽ പിറന്നവരാണ്. ത്വാലിബ് (റ) നേരത്തേ പരലോകം പുൽകി. ബാക്കിയുള്ള മൂന്ന് പേരും അവരുടെ സന്താനങ്ങളും നബി കുടുംബത്തിലെ കണ്ണികളാണ്.

അബ്ദുൽ മുത്തലിബിന്റെ മക്കളിൽ ഏറ്റവും ചെറിയ മകൻ അബ്ബാസ് (റ) വിന് മാത്രം എട്ട് ആൺമക്കൾ ഉണ്ടായിരുന്നു. അവരെല്ലാം ഇസ്‌ലാം മത വിശ്വാസികളായിരുന്നു. ഇവരിൽ ഇളയവൻ ഖുഥാം (റ) വിന്റെ ജനനം നബി തങ്ങളുടെ പിറവിക്ക് ശേഷമായിരുന്നു. ഇത്തരത്തിൽ ലക്ഷക്കണക്കിന് നബി പരമ്പര ലോകത്ത് പന്തലിച്ച് കിടക്കുന്നു. പക്ഷേ, ഇവർ നബി തങ്ങളുടെ സന്തതികളല്ല. എങ്കിലും അഹ്‌ലുബൈത്ത് എന്ന ഗണത്തിൽ ഉൾപ്പെടും.

നബി തങ്ങൾക്ക് ഏഴ് മകളാണുണ്ടായിരുന്നത്. പതിനൊന്നാണെന്ന അഭിപ്രായവുമുണ്ട്. മൂന്ന് ആൺമക്കളും നാല് പെൺമക്കളും. ആൺകുട്ടികൾ മൂന്നോ നാലോ വയസ്സ് പ്രായമാകുന്നതിനുള്ളിൽ തന്നെ വഫാത്തായി. മൂത്ത മകൻ ഖാസിം (റ) വഫാത്താകുമ്പോൾ രണ്ട് വയസ്സായിരുന്നു പ്രായം. പതിനൊന്ന് മാസമായിരുന്നെന്നും അഭിപ്രായപ്പെട്ടവരുണ്ട്. നബി തങ്ങളുടെ 41 ാം വയസ്സിലാണ് ത്വയ്യിബ്, ത്വാഹിർ എന്നീ ഓമനപ്പേരുകളുള്ള അബ്ദുല്ല എന്ന മകന്റെ പിറവി. അവർ പതിനാറോ പതിനേഴോ മാസം മാത്രമേ ജീവിച്ചിട്ടുള്ളൂ. ഈ കുഞ്ഞിന്റെ മരണം ഖദീജ ബീവി (റ) യെ ദുഃഖത്തിലാഴ്ത്തി. അവിടുന്ന് പ്രിയ ഭർത്താവിനോട് സങ്കടം ബോധിപ്പിച്ചു. നബിയെ, കുട്ടി മരിച്ചതിലല്ല വിഷമം, മുലകുടി മാറാത്ത കുഞ്ഞല്ലേ. എന്റെ മുലയിൽ പാൽ നിറഞ്ഞ് വേദനിക്കുന്നു. മുലകുടി പ്രായം കഴിയും വരെ ജീവിച്ചിരുന്നെങ്കിൽ സന്തോഷമായിരുന്നു. ഇത് കേട്ട നബി (സ) ഖദീജാ ബീവി (റ) യെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു: നിങ്ങൾ വിഷമിക്കരുത്, ആ കുഞ്ഞിന് മുല കൊടുക്കാൻ അല്ലാഹു രണ്ട് ഹൂറികളെ നിയമിച്ചിട്ടുണ്ട്.

നിങ്ങൾക്ക് ആവശ്യമെങ്കിൽ ആ കുഞ്ഞിന്റെ ഇളം കൊഞ്ചലുകൾ കേൾപ്പിച്ചുതരാം. ഖദീജ (റ) പറഞ്ഞു: “വേണ്ട, അങ്ങയുടെ വാക്ക് തന്നെ എന്റെ കണ്ണുകൾ കൊണ്ട് കാണുന്നതിനേക്കാൾ എനിക്കു വിശ്വാസമാണ്”.
മൂന്നാമത്തെ മകൻ മാരിയതുൽ ഖിബ്തിയ്യ എന്ന അടിമയിൽ ജനിച്ച ഇബ്‌റാഹീം (റ) ആണ്. ആ മകൻ രണ്ട് വയസ്സാകുന്നതിന് മുമ്പേ വഫാത്തായി. തിരുനബി (സ) യുടെ രണ്ടാം പുത്രൻ മരണപ്പെട്ട വേളയിൽ ആസ്വ് ബിൻ വാഇൽ എന്ന മക്കയിലെ പ്രമാണി നബി തങ്ങളെ പരിഹാസത്തോടെ അബ്ത്വർ (അനന്തരമില്ലാത്തവൻ) എന്ന് വിളിച്ചു. അതുകേട്ട നബി തങ്ങൾ വിഷമത്തിലായി. ഈ അവസരത്തിലാണ് സൂറത്തുൽ കൗസർ ഇറങ്ങിയത്. “നബിയേ, പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങൾ മുഴുവൻ കരുതിയാലും ഒരിക്കലും നശിപ്പിക്കാൻ സാധിക്കാത്ത വിധം അനുഗ്രഹങ്ങളുടെ പൂമഴ തന്നെ നാം അങ്ങേക്ക് നൽകിയിരിക്കുന്നു. സത്യത്തിൽ തങ്ങളെ ആക്ഷേപിച്ചവനാണ് അനന്തരമില്ലാത്തവൻ”. ഈ ആയത്തിന്റെ ബറകത്താണ് ലോകത്തിന്റെ നാനാദിക്കുകളിൽ ഇസ്‌ലാമിന്റെ പ്രകാശം പരത്തുന്നതിന്റെ ചുക്കാൻ പിടിക്കാൻ സയ്യിദന്മാർ കാരണമായിത്തീർന്നത്.
(അവസാനിച്ചിട്ടില്ല.)

സയ്യിദ് സൽമാനുൽ ഫാരിസ് കരിപ്പൂർ
• sayyidsalman314@gmail.com