Connect with us

Kerala

ദുരൂഹത ബാക്കി; അനുമതി ലഭിച്ചിട്ടും വലിയ വിമാനങ്ങൾ കരിപ്പൂരിലേക്കില്ല

Published

|

Last Updated

കൊണ്ടോട്ടി: വൈഡ് ബോഡി വിമാനങ്ങളായ (വലിയ വിമാനങ്ങൾ) എയർ ഇന്ത്യക്കും ദുബൈ ആസ്ഥാനമായ എമിറേറ്റ്സ് വിമാനത്തിനും കരിപ്പൂരിൽ അനുമതി ലഭിച്ചിട്ടും സർവീസ് തുടങ്ങാത്തതിൽ പ്രവാസികൾക്ക് ആശങ്ക. ആറ് മാസം മുമ്പ് എയർ ഇന്ത്യാ അധികൃതരും എയർപോർട്ട് അതോറിറ്റിയും എമിറേറ്റ്‌സ് അധികൃതരും സർവീസ് തുടങ്ങുന്നതിനു മുമ്പായി കരിപ്പൂരിലെ പശ്ചാത്തല സൗകര്യങ്ങളും സുരക്ഷാ പരിശോധനയും നടത്തിയിരുന്നു. ഇരു വിമാനക്കമ്പനി അധികൃതരും അനുകൂല സാഹചര്യമായതിനാൽ ഉടൻ തന്നെ സർവീസ് ആരംഭിക്കുന്നതിനുള്ള അപേക്ഷ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന് നൽകുകയും ചെയ്തിരുന്നു. 420 പേർക്ക് യാത്ര ചെയ്യാവുന്ന വൈഡ് ബോഡി വിമാനത്തിനാണ് കരിപ്പൂരിലേക്ക് അനുമതി ചോദിച്ചിരുന്നത്.

എമിറേറ്റ്‌സ് അധികൃതരുടെ അപേക്ഷയിൽ സിവിൽ ഏവിയേഷൻ ഡയരക്ടർ ജനറൽ നാല് മാസം മുമ്പ് തന്നെ വിമാന സർവീസിന് അനുമതി നൽകുകയുണ്ടായി. എന്നാൽ ഇതുവരെ സർവീസ് ആരംഭിക്കാനുള്ള സന്മനസ്സ് വിമാനക്കമ്പനി അധികൃതരിൽ നിന്നുണ്ടായിട്ടില്ല. 2015ൽ റൺവേ റീടാറിംഗിന്റെ പേരിലാണ് എയർ ഇന്ത്യ, സഊദി എയർലൈൻസ്, എമിറേറ്റ്‌സ് എന്നീ വലിയ വിമാനങ്ങളെ ഒഴിവാക്കിയത്.

കരിപ്പൂരിൽ സർവീസ് നടത്തുന്നതിന് തിടുക്കം കൂട്ടിയ എമിറേറ്റ്‌സ്, എയർ ഇന്ത്യ അധികൃതർ ഇതിൽ നിന്ന് പിൻവലിഞ്ഞത് ദുരൂഹമാണ്. നേരത്തേ എയർ ഇന്ത്യയുടെ കരിപ്പൂർ -ജിദ്ദ സർവീസ് വൻ ലാഭത്തിലായിരുന്നു സർവീസ് നടത്തിയിരുന്നത്. കയറ്റുമതിയിനത്തിൽ തന്നെ നല്ല വരുമാനമായിരുന്നു ഈ സർവീസിനുണ്ടായിരുന്നത്. വിമാനങ്ങളുടെ എണ്ണം കുറവായതിനാൽ ഏറ്റവും കൂടുതൽ യാത്രക്കാർ ഉപയോഗിക്കുന്ന വിമാനത്താവളം എന്ന പട്ടികയിൽ നിന്ന് കരിപ്പൂർ പിന്തള്ളപ്പെടുകയാണ്.
അതേസമയം, രാജ്യത്ത് വിമാനത്താവളങ്ങൾക്ക് തീവ്രവാദ ഭീഷണിയുള്ളതിനെ തുടർന്നു കരിപ്പൂരിലും സി ഐ എസ് എഫ് സുരക്ഷ ശക്തമാക്കി. വിമാനത്താവളത്തിലെത്തുന്ന വാഹനങ്ങളും യാത്രക്കാരെയും സൂക്ഷ്മ പരിശോധനക്ക് ശേഷമാണ് കടത്തിവിടുന്നത്. സി ഐ എസ് എഫ് ഡോഗ് സ്‌ക്വാഡിന് പുറമേ പോലീസും മഫ്ടിയിൽ രംഗത്തുണ്ട്.