Connect with us

Articles

കൈവിട്ട കളികളില്‍ ആ റിംഗും നിലയ്ക്കും

Published

|

Last Updated

ടെലികോം മേഖലയിലെ മത്സരം അതിജീവിക്കാനുള്ള കരുത്തില്ലായ്മയും സ്ഥാപനത്തോട് ഭരണകൂടം പുലര്‍ത്തുന്ന ചിറ്റമ്മ നയവും മൂലം സ്വാഭാവിക മരണവും കാത്തു കഴിയുകയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്(ബി എസ് എന്‍ എല്‍). അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ അധികം വൈകാതെ തന്നെ ബി എസ് എന്‍ എല്ലിന് ചരമക്കുറിപ്പ് എഴുതേണ്ടി വരും. ഇന്നത്തെ അവസ്ഥയില്‍ മറിച്ചൊരു ചിന്തക്കുള്ള സാഹചര്യമില്ല. കാരണം ഈ പൊതുമേഖലാ സ്ഥാപനത്തോട് ഭരണകൂടം പുലര്‍ത്തിക്കൊണ്ടിരിക്കുന്ന നിലപാടുകള്‍ അത്രയും അവഗണനാപരമാണ്. കഴിഞ്ഞ വര്‍ഷം 13,000 കോടിയിലേറെയാണ് സ്ഥാപനത്തിന്റെ കടബാധ്യത.

2000ത്തില്‍ കമ്പനി ആയതിനു ശേഷം ലാഭത്തില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന കേരള സര്‍ക്കിളിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം 261 കോടിയുടെ നഷ്ടം രേഖപ്പെടുത്തിയിരിക്കുകയാണ്.

നഷ്ടക്കണക്ക് പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്ന രണ്ട് കാരണങ്ങള്‍ ഉണ്ട്. കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ നടത്തുന്ന കളികളും ആധുനിക സങ്കേതങ്ങളോട് പുറം തിരിഞ്ഞു നില്‍ക്കുകയും ആവശ്യത്തിലധികം ജീവനക്കാരെ തീറ്റിപ്പോറ്റുകയും ചെയ്യുകയെന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ നിലപാടുകളും. സര്‍ക്കാര്‍ സംവിധാനത്തില്‍ എവിടെയും കാണുന്നതാണ് വരുമാനത്തിന്റെ സിംഹഭാഗവും ശമ്പളയിനത്തില്‍ ചെലവഴിക്കേണ്ടി വരികയെന്നത്. ബി എസ് എന്‍ എല്ലിലെ കരാര്‍ തൊഴിലാളികള്‍ മാസങ്ങളായി സമരത്തിലാണ്.

രാജ്യത്തെ 1.20 ലക്ഷം തൊഴിലാളികള്‍ക്ക് ആറ് മാസമായത്രെ വേതനം ലഭിച്ചിട്ട്. അത് മാത്രമല്ല, പുതിയ നിയമനം നടക്കുന്നില്ലെന്നും ഉള്ളവരെ പിരിച്ചു വിടുന്നുവെന്നും ജീവനക്കാര്‍ പരാതി പറയുന്നു. പ്രധാനമായും കേബിള്‍, ഓഫീസ് ജോലികളിലാണ് കരാര്‍ ജീവനക്കാര്‍ ഉള്ളത്. ഇവിടെ രണ്ട് കാര്യങ്ങളാണ് ഉള്ളത്. ഒന്ന് തൊഴില്‍ പ്രശ്‌നം. മറ്റൊന്ന് സ്ഥാപനത്തിന്റെ നിലനില്‍പ്പ്. നമുക്കറിയാം, സ്വകാര്യ സേവന ദാതാക്കള്‍ ഈ രംഗത്ത് കരാര്‍ നിയമനമാണ് നടത്തുന്നത്. പുതിയ സാങ്കേതിക വിദ്യകള്‍ ഏര്‍പ്പെടുത്തുമ്പോള്‍ ചിലപ്പോള്‍ തൊഴില്‍ നഷ്ടം സ്വാഭാവികമാണ്. അവിടെ തൊഴില്‍ നഷ്ടം എന്നതിനേക്കാള്‍ ഇത്തരമൊരു പൊതുമേഖലാ സ്ഥാപനം നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതക്കാണ് മുന്‍തൂക്കം നല്‍കേണ്ടതെന്ന് തോന്നുന്നു. കുറഞ്ഞ ജീവനക്കാരെ വെച്ചും പുറംകരാര്‍ വഴിയും സ്വകാര്യ സംരംഭകര്‍ നടത്തുന്ന ജോലികള്‍ വന്‍ ശമ്പളത്തില്‍ സ്വന്തം ജീവനക്കാരെ വെച്ച് നടത്താന്‍ ബി എസ് എന്‍ എല്ലിന് കഴിയില്ല. അത്തരമൊരു ശ്രമം സ്ഥാപനത്തെ നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് തള്ളിവിടുകയേയുള്ളൂ.

രാജ്യത്തെ മൊത്തം ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ 45 ശതമാനവും ഇപ്പോഴും ആശ്രയിക്കുന്ന ബി എസ് എന്‍ എല്ലിന് ഇതുവരെ 4ജി സ്‌പെക്ട്രം അനുവദിച്ചിട്ടില്ലെന്നത് എന്തുമാത്രം പരിതാപകരമായ വസ്തുതയാണ്. മറ്റ് സ്വകാര്യ ടെലികോം സേവനദാതാക്കള്‍ 5ജി സേവനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുമ്പോള്‍ ബി എസ് എന്‍ എല്‍ ഇപ്പോഴും ചര്‍ച്ച ചെയ്യുന്നത് 4ജി സ്‌പെക്ട്രത്തെ കുറിച്ചാണ്. ഇപ്പോള്‍ രൂപപ്പെടുത്തിയ രക്ഷാ പാക്കേജ് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ബി എസ് എന്‍ എല്ലിന് 4ജി സ്‌പെക്ട്രം അനുവദിക്കാനായി നടപടികള്‍ എടുത്താലും ഈ സൗകര്യം പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുമ്പോഴേക്കും മറ്റ് സ്വകാര്യ കമ്പനികള്‍ 5ജി സേവനങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരിക്കും. ഈ വര്‍ഷാവസാനത്തോടെ ഏതായാലും 5ജി സേവനം ലോകത്ത് പ്രവര്‍ത്തിച്ചു തുടങ്ങും.

2000ത്തില്‍ സെല്‍ ഫോണ്‍ സര്‍വീസ് ആരംഭിച്ച് കോടികള്‍ വരുമാനമുണ്ടാക്കിയിരുന്ന സ്ഥാപനം ഇപ്പോള്‍ എങ്ങനെ, എന്തുകൊണ്ട് നഷ്ടത്തിലായി. ഈയൊരു കാര്യം പരിശോധിക്കുമ്പോള്‍ കാര്യങ്ങളുടെ കിടപ്പ് ഏതാണ്ട് മനസ്സിലാകും. 2016ല്‍ സര്‍വീസ് ആരംഭിച്ച അംബാനിയുടെ റിലയന്‍സ് ജിയോ വിപണിയില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകള്‍ ഈ മേഖലയിലെ മറ്റ് സര്‍വീസ് ദാതാക്കളെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയും. വരിക്കാരുടെ എണ്ണത്തില്‍ നിലവില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തും ലോകത്ത് നാലാം സ്ഥാനത്തുമാണ് റിലയന്‍സ് ജിയോ. വിപണി പിടിച്ചെടുക്കാനായി ജിയോ നടത്തി കൊണ്ടിരിക്കുന്ന ഇടപെടലുകളാണ് സത്യത്തില്‍ ബി എസ് എന്‍ എല്ലിനെ നഷ്ടകണക്കുകളിലേക്ക് എത്തിച്ചതെന്ന് കാണാന്‍ കഴിയും. ഈയൊരു കുതിച്ചുചാട്ടത്തിന് ഓഫര്‍ മാമാങ്കങ്ങള്‍ മാത്രമല്ല ഭരണകൂടത്തിന്റെ അകമഴിഞ്ഞ സഹായവും ജിയോക്ക് ലഭിച്ചിട്ടുണ്ട്.

ജിയോയുടെ ഓഫര്‍ തള്ളിച്ചയില്‍ ഉപഭോക്താക്കള്‍ക്ക് ചില മെച്ചങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നത് സത്യമാണ്. എന്നാല്‍ ഈ സൗകര്യം ശാശ്വതമല്ല എന്നത് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. വിപണി പിടിച്ചെടുക്കാന്‍ ഒരു പുതിയ കമ്പനി നല്‍കുന്ന ആനുകൂല്യങ്ങളും വിപണിയില്‍ സ്ഥിരപ്രതിഷ്ട നേടിയ ശേഷം കമ്പനി നടത്തുന്ന പ്രവര്‍ത്തനങ്ങളും രണ്ടായി തന്നെ കാണേണ്ടതുണ്ട്. ഇപ്പോള്‍ ജിയോ നടത്തിക്കൊണ്ടിരിക്കുന്നത് അംബാനിയുടെ സ്വന്തം പണമെടുത്തു കൊണ്ടൊന്നുമല്ല. ഇതൊക്കെ ബേങ്കുകളില്‍ നിന്ന് വായ്പയെടുത്തുള്ള കൈവിട്ട കളികളാണ്. രാജ്യത്തെ ബേങ്കുകളിലെ കണ്‍സോര്‍ഷ്യം ടെലികോം മേഖലയിലെ വായ്പക്കായി നീക്കിവെച്ചത് ആറ് ലക്ഷം കോടിയാണ്. ഈ പരിധി ഇപ്പോള്‍ കടന്നു കഴിഞ്ഞു. ഇതില്‍ 13,000 കോടി മാത്രമാണ് ബി എസ് എന്‍ എല്‍ എടുത്തിട്ടുള്ളത്.

ബാക്കിയെല്ലാം സ്വകാര്യ സേവന ദാതാക്കളാണ്. ഈ മത്സരത്തിനിടയില്‍ ജിയോക്ക് നഷ്ടം സംഭവിച്ചാല്‍ പോലും അംബാനിയുടെ പോക്കറ്റില്‍ നിന്ന് ഒന്നും നഷ്ടപ്പെടില്ലെന്ന് അര്‍ഥം. വായ്പയെടുത്ത് മുങ്ങിയ പേരുകളുടെ കൂട്ടത്തിലേക്ക് ഒരു പ്രധാനി കൂടി ചേക്കേറും. അത്ര മാത്രം.

ജിയോയുടെ വരവിനു ശേഷം ഈ മേഖലയില്‍ നിന്ന് പല സേവന ദാതാക്കളും അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. പിടിച്ചു നില്‍ക്കാനാകാതെ ടാറ്റാ ഡോകോമോ എയര്‍ടെല്ലില്‍ ലയിച്ചു. ഇപ്പോഴിതാ ഐഡിയ, വൊഡാഫോണ്‍ എന്നിവ ചേര്‍ന്ന് ഒന്നായിരിക്കുന്നു. വിപണി പിടിച്ചെടുക്കാനുള്ള ജിയോയുടെ പദ്ധതികളെ പ്രതിരോധിക്കാന്‍ സ്വകാര്യ കമ്പനികള്‍ വരെ വിയര്‍പ്പൊഴുക്കുമ്പോള്‍ ബി എസ് എന്‍ എല്ലിന്റെ കാര്യം ചിന്തിക്കേണ്ടതുണ്ടോ? പ്രത്യേകിച്ചും അംബാനിയുടെ കമ്പനിക്ക് സര്‍ക്കാര്‍ തലത്തില്‍ നിന്ന് വഴിവിട്ട സഹായം ലഭിക്കുമ്പോള്‍.

ഏതായാലും കരാര്‍ തൊഴിലാളികള്‍ നടത്തുന്ന സമരവും മറ്റും മൂലം ടെലികോം മന്ത്രാലയം ഇപ്പോള്‍ ബി എസ് എന്‍ എല്ലിന് വേണ്ടി രക്ഷാ പാക്കേജ് രൂപപ്പെടുത്താനുള്ള നീക്കത്തിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ്, ധനമന്ത്രി നിര്‍മല സീതാരാമയ്യ എന്നിവരുള്‍പ്പെട്ട സമിതിയാണ് രക്ഷാ പാക്കേജ് രൂപപ്പെടുത്തുന്നത്. 74,000 കോടി രൂപയുടെ രക്ഷാ പാക്കേജ് രൂപപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതനുസരിച്ച് പല ആസ്തികളും വില്‍പ്പന നടത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് തൊഴിലാളി നേതാക്കള്‍ പറയുന്നു. കടം വീട്ടാനായി ആസ്തികള്‍ വിറ്റ് പണം കണ്ടെത്തുക, സ്വയം വിരമിക്കലിലൂടെ ജീവനക്കാരുടെ എണ്ണം കുറക്കുക, പെന്‍ഷന്‍ പ്രായം 60ല്‍ നിന്ന് 58 ആക്കുക, 4ജി സ്‌പെക്ട്രം അനുവദിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക എന്നിവയാണ് സ്വാഭാവിക മരണത്തില്‍ നിന്ന് രക്ഷപ്പെടുത്താനായി മുന്നോട്ടുവെക്കപ്പെട്ട നിര്‍ദേശങ്ങള്‍. എന്ത് തന്നെയായാലും ഒരു കാര്യം തറപ്പിച്ചു പറയാനാകും. കേന്ദ്ര സര്‍ക്കാറിന്റെ ശക്തമായ പിന്തുണയില്ലാതെ ഈ പൊതുമേഖലാ സ്ഥാപനം മുന്നോട്ടുപോകില്ലെന്ന്. കോര്‍പറേറ്റ് ദാസ്യവേല അവസാനിപ്പിച്ച് ബി എസ് എന്‍ എല്ലിന് വേണ്ടി നിലകൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുമോ എന്നതാണ് ഈ പ്രശ്‌നത്തിലെ മര്‍മം.

ഇനി ഈ രക്ഷ പാക്കേജ് അംഗീകരിച്ചാല്‍ തന്നെ 14,000 കോടിയുടെ മാത്രം ആസ്തിയുള്ള സ്ഥാപനം എങ്ങനെ കട ബാധ്യത തീര്‍ക്കുമെന്ന വലിയ ചോദ്യം ബാക്കിയാകുന്നുണ്ട്. ടെലികോം മേഖലക്ക് നല്‍കാവുന്ന വായ്പാ പരിധി കവിഞ്ഞത് കൊണ്ടുതന്നെ ആസ്തി പണയപ്പെടുത്തി ബേങ്കുകളില്‍ നിന്ന് വായ്പയെടുക്കണമെങ്കിലും സര്‍ക്കാര്‍ പ്രത്യേക താത്പര്യം എടുക്കേണ്ടതുണ്ട്. ബി എസ് എന്‍ എല്‍ ഈ രംഗത്ത് നിലനില്‍ക്കേണ്ടത് രാജ്യത്തിന്റെ വിശാല താത്പര്യവും കൂടിയാണ്. ജിയോയുടെ വരവോടു കൂടി വിരലിലെണ്ണാവുന്ന സേവന ദാതാക്കള്‍ മാത്രമുള്ള ഈ രംഗത്തുനിന്ന് ബി എസ് എന്‍ എല്‍ കൂടി പിന്‍വാങ്ങിയാല്‍ പിന്നെ അംബാനി ആഗ്രഹിക്കുന്നത് മാത്രമേ ഇന്ത്യയിലെ ടെലികോം മേഖലയില്‍ നടക്കൂ.