Connect with us

Malappuram

ഒമ്പത് നൂറ്റാണ്ടിന്റെ ചരിത്ര പാരമ്പര്യവുമായി പാലപ്പുറ പള്ളി

Published

|

Last Updated

പാലപ്പുറ പള്ളി

കോട്ടക്കല്‍: 900 വര്‍ഷത്തിന്റെ ചരിത്ര പ്രാധാന്യമുണ്ട് കോട്ടക്കല്‍ പാലപ്പുറ പള്ളിക്ക്. വള്ളുവനാട് രാജവംശത്തിന്റെ കീഴിലായിരുന്ന കോട്ടക്കലിലെ പ്രഭു കരുവായൂര്‍ മൂസ്സ് വിട്ട്‌ നല്‍കിയ സ്ഥലത്ത് മുസ്്‌ലിംകള്‍ പണികഴിപ്പിച്ചതാണ് പള്ളി. കാക്കാത്തോട് മുതല്‍ പള്ളിമാട് വരെയുള്ള സ്ഥലമാണ് കരുവായൂര്‍ മൂസ്സ് പള്ളി പണിയാനായി നല്‍കിയത്.

വില്ലൂരിലേക്ക് നിലവിലുണ്ടായിരുന്ന പാലത്തിനപ്പുറത്തെ സ്ഥലമായിരുന്നു ഇത്. അങ്ങനെയാണ് പാലപ്പുറ പള്ളി എന്ന് നാമം വരുന്നത്. പള്ളി നിര്‍മാണത്തിന് പിന്നില്‍ ഒരുചരിത്രമുണ്ട്, അതിങ്ങനെ: തിരൂരങ്ങാടി പള്ളിക്ക് കീഴിലായിരുന്നു അക്കാലത്ത് കോട്ടക്കലും പരിസരവും. ജുമുഅയും, മയ്യിത്ത് മറമാടലും തിരൂരങ്ങാടിയിലാണ്. തിരൂരങ്ങാടി പള്ളി ഭാരവാഹികളില്‍ ചിലര്‍ക്ക് കരുവായൂര്‍ മൂസ്സില്‍ നിന്നും ചില ആവശ്യങ്ങള്‍ നേടിയെടുക്കേണ്ടി വന്നു. മുസ്്‌ലിമായിരുന്ന കാര്യസ്ഥനോട് ഇക്കാര്യം ധരിപ്പിച്ചു. അദ്ദേഹമത് നിരസിച്ചു. ഇത്കാരണം കോട്ടക്കല്‍ സ്വദേശികള്‍ക്ക് തിരൂരങ്ങാടി പള്ളിയില്‍ മയ്യിത്ത് മറവ് ചെയ്യല്‍ ഉള്‍പ്പെടെയുള്ള കാര്യത്തിന് വിലക്കുണ്ടായി. ഇതിനിടെയാണ് കാര്യസ്ഥന്റെ മകന്റെ മരണം.
കോട്ടക്കലുള്ളവര്‍ കാര്യം മൂസ്സിന്റെ ശ്രദ്ധയില്‍ പെടുത്തി. ഇതെ തുടര്‍ന്ന് മൂസ്സ് മുസ്്‌ലിംകള്‍ക്കായി സ്ഥലം വിട്ട് നല്‍കുകയായിരുന്നുവെത്ര. ഓലമേഞ്ഞ കൊച്ചു പള്ളിയാണ് അക്കാലത്ത് നിര്‍മിച്ചത്. കാലാന്തരത്തില്‍ മുസ്‌ലിം ജനസംഖ്യ കൂടിവന്നതോടെ പലഘട്ടങ്ങളിലായി പള്ളി വിപുലീകരിച്ചു.

ആദ്യകാലത്ത് സമീപ പ്രദേശങ്ങളായ പാങ്ങ്, കോല്‍ക്കളം, തലകാപ്പ്, ചൂനൂര്‍, പുലിക്കോട്, ഇന്ത്യനൂര്‍, പുത്തൂര്‍, വില്ലൂര്‍, കാവതികളം, കോട്ടൂര്‍, പത്തായക്കല്ല്, ചെറുശ്ശോല, ചാപ്പനങ്ങാടി, പറപ്പൂര്‍, ആട്ടീരി, കോഡൂര്‍, പുതുപ്പറമ്പ്, ചെമ്മംകടവ് പ്രദേശങ്ങള്‍ പാലപ്പുറ പള്ളിക്ക് കീഴിലായിരുന്നു. പൊന്നാനിയില്‍ നിന്നായിരുന്നു പള്ളിയിലേക്ക് ജീവനക്കാരെ അയച്ചിരുന്നത്. തിരൂരങ്ങാടി പള്ളിയിലുണ്ടായിരുന്ന ഒറ്റകത്ത് കുടംബത്തിലെ അംഗങ്ങളായിരുന്നു കാലങ്ങളായി പള്ളിയുടെ വിവിധ ചുമതലക്കാര്‍.

ഇവിടെ പല പ്രമുഖരും പള്ളിയുടെ ഖാസി സ്ഥാനവും ഖത്തീബ് പദവിയും വഹിച്ചിട്ടുണ്ട്. ഒറ്റകത്ത് ചേക്കു മുസ്്‌ലിയാര്‍, ഒറ്റകത്ത് കുഞ്ഞഹമ്മദ് മുസ്്‌ലിയാര്‍, ഒറ്റകത്ത് സൈനുദ്ദീന്‍ മുസ്്‌ലിയാര്‍ തുടങ്ങിയ പ്രമുഖരെല്ലാം ആദ്യകാല ഖത്തീബുമാരാണ്. ബ്രിട്ടീഷ് സര്‍ക്കാറിന്റെ കാലത്തെ ഖാസി പട്ടികയില്‍ 1881ലെ ഖാസിയായി ഒറ്റകത്ത് വീരാവുണ്ണി മുസ്്‌ലിയാരെ രേഖപ്പെടുത്തിയതായി ചരിത്രം പറയുന്നു. പള്ളിയുടെ പരിപാലന ചുമതല പ്രദേശത്തെ അഞ്ച് പ്രബല കുടുംബങ്ങളിലെ കാരണവന്‍മാര്‍ക്കായിരുന്നു.
വെളിച്ചെണ്ണയില്‍ തിരിയിട്ട് കത്തിച്ചായിരുന്നു ആദ്യകാലത്ത് പള്ളിയില്‍ വെളിച്ച സംവിധാനം ഒരുക്കിയിരുന്നത്. അകത്തെ പള്ളിയില്‍ നിലവിളക്കും പുറത്ത് കിണാതിയും വെട്ടം വിതറും. ഇതിലേക്കാവശ്യമായ എണ്ണ നാട്ടുകാരില്‍ നിന്നും ശേഖരിക്കുകയായിരുന്നു. ഒരുദിനം പുറത്തെ വിളക്കിലെ പാതികത്തിയ തിരി എലി എടുത്ത് പള്ളിക്ക് മുകളിലെത്തിച്ചു. അങ്ങനെ പള്ളി അഗ്നിക്കിരയായി. പിന്നീട് പള്ളിയുടെ മേല്‍കൂരയില്‍ ഓട് പാകി നവീകരിച്ചു.
ചാപ്പനങ്ങാടി ബാപ്പുമുസ്്‌ലിയാര്‍ പള്ളിയുടെ പ്രസിഡന്റ് പദവി അലങ്കരിക്കുന്ന കാലത്താണ് പള്ളിക്ക് ഏറെ പുരോഗതിയുണ്ടായത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പള്ളിയില്‍ ആദ്യമായി വൈദ്യുതി എത്തിച്ചത്. പാണക്കാട് പൂകോയ തങ്ങള്‍, ചാപ്പനങ്ങാടി ബാപ്പു മുസ്്‌ലിയാര്‍ എന്നിവര്‍ പള്ളി പുനര്‍ നിര്‍ക്കുമിക്കു ന്നതിനായി രംഗത്തിറങ്ങിയെങ്കിലും ആഗ്രഹം പൂവണിയും മുമ്പെ ഇരുവരും ഈ ലോകത്തോട് വിടപറഞ്ഞു. പള്ളിയിലെ മിംമ്പര്‍ വൈദ്യരത്‌നം പി എസ് വാര്യര്‍ നല്‍കിയതാണ്.
തിരൂരിലേക്കുള്ള കുതിര സവാരിക്കിടെ പൊന്‍മുണ്ടം പള്ളിയില്‍ കയറി മൂത്രശങ്കതീര്‍ത്തിറങ്ങിയ വാര്യര്‍ പള്ളിയില്‍ മിമ്പര്‍കണ്ടപ്പോള്‍ കുതിര വണ്ടിയിലെ ഡ്രൈവര്‍ സൂപ്പിക്കുട്ടിയോട് കാര്യം തിരക്കി. അദ്ദേഹത്തില്‍ നിന്നും ലഭിച്ച അറിവിന്റെ അടിസ്ഥാനത്തില്‍ എന്നാല്‍ പാലപ്പുറ പള്ളിയില്‍ തന്റെ വക മിമ്പര്‍ നല്‍കുമെന്ന് തീര്‍ച്ചപെടുത്തുകയും അത് നിര്‍മിച്ചു നല്‍കുകയും ചെയ്തു. ഈ മിമ്പര്‍ തന്നെയാണ് ഇന്നും ഇവിടെ ഉപയോഗിക്കുന്നത്. പാലപ്പുറ പള്ളിയിലെ നേര്‍ച്ച പ്രസിദ്ധമാണ്. ചാപ്പനങ്ങാടി ബാപ്പു മുസ്്‌ലിയാര്‍ തന്നെയാണ് ഇത് വിപുലീകരിച്ചത്. കുറ്റിക്കാട്ടില്‍ മണിപറമ്പത്ത് ശൈഖ് മുഹ്‌യിദ്ദീന്‍ എന്നവരാണ് ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നത്. വെട്ടത്ത് രാജാവിന്റെ കീഴിലുണ്ടായിരുന്ന നാടുവാഴിയുടെ ചുങ്കപ്പിരിവിനെതിരെ ഉണ്ടായ ചെറിത്ത് നില്‍പ്പിനിടയിലാണ് ഇദ്ദേഹം ശഹീദായത്. എല്ലാവര്‍ഷവും സഫര്‍ മാസത്തിലാണ് ഇവിടെ നേര്‍ച്ച നടക്കുന്നത്.

---- facebook comment plugin here -----

Latest