Connect with us

Articles

ഈ എയര്‍പോര്‍ട്ടും ഹജ്ജ് ഹൗസും വാങ്ങാനാരുണ്ട്?

Published

|

Last Updated

ആരുണ്ട് എയര്‍പോര്‍ട്ടും”ഹജ്ജ് ഹൗസും വാങ്ങാന്‍? കണ്ണംകൊട്ട് പാറയില്‍ യന്ത്രപക്ഷികള്‍ പറക്കാന്‍ മണ്ണും വിണ്ണും നല്‍കിയ കരിപ്പൂര്‍ നിവാസികളുടെ ചോദ്യമാണിത്. മലബാറിന് ചിറക് മുളക്കുന്നുവെന്ന് പറഞ്ഞ് ചെണ്ട കൊട്ടി ആഹ്ലാദ നൃത്തം നടത്തിയവരാരും ഇന്ന് കരിപ്പൂര്‍ കരിഞ്ഞുണങ്ങുമ്പോള്‍ ചരമഗീതം പാടാനോ ആശ്വാസിപ്പിക്കാനോ കാണുന്നില്ല. 1960ല്‍ പഴയ കണ്ണംകൊട്ട്പാറ എന്ന ഞങ്ങളുടെ പൂര്‍വീകരുടെ കളിസ്ഥലമായ കുന്നിന്‍പ്രദേശം വിമാനത്താവളത്തിനായി അക്വയര്‍ ചെയ്തപ്പോള്‍ ചുറ്റുഭാഗത്തും കെട്ടിയ കമ്പിവേലിക്കപ്പുറത്തുള്ള സ്ഥലം വിമാനമിറങ്ങാനുള്ളതാണെന്ന് പറഞ്ഞ് കുട്ടിക്കാലത്ത് ആഹ്ലാദിച്ചിരുന്നവരായിരുന്നു ഞങ്ങള്‍. അന്ന് കൊച്ചിയിലും തിരുവനന്തപുരത്തും ചെറിയ വിമാനത്താവളങ്ങളുണ്ടായിരുന്നു.

1970കളില്‍ പിന്നെ സ്ഥലംമാറ്റ ചര്‍ച്ചകള്‍ പല തവണ നടന്നു. 1980കളുടെ ആദ്യം വരെ ചര്‍ച്ച തുടര്‍ന്നു. 83 ല്‍ ഔദ്യോഗിക പ്രഖ്യാപനവും അന്നത്തെ വ്യോമയാന മന്ത്രിയുടെ നേതൃത്വത്തില്‍ ശിലാസ്ഥാപനവും. അതോടെ മലബാറുകാര്‍ മൊത്തത്തിലും കരിപ്പൂര്‍ ദേശവാസികള്‍ പ്രത്യേകിച്ചും ആഹ്ലാദത്തിലായി. കണ്ണംകൊട്ട്പാറയുടെ മൂര്‍ദാവില്‍ കയറിയാല്‍ അന്ന് അറബിക്കടലിലെ തിരമാലകളും ചേളാരിയില്‍ ബിര്‍ള കമ്പനിയുടെ ചരക്ക് വിമാനം(ചെറിയ) വരുന്നതും കാണാമായിരുന്നു. അത്രയും ഉയരത്തില്‍ ആകാശം മുട്ടി നില്‍ക്കുന്നതും ചുറ്റുഭാഗവും മലകളാല്‍ ചുറ്റപ്പെട്ടതുമായ മലനിരകളായിരുന്നു കണ്ണംകൊട്ട്പാറ. ചെപ്ലിക്കുന്ന്, വലിയപറമ്പ്, അരിമ്പ്ര, ഊരകം തുടങ്ങിയ മലകള്‍ നാല് ഭാഗത്തും വലയംചെയ്ത കണ്ണംകൊട്ട്പാറയിലെ പ്രകൃതിരമണീയമായ ഉപരിതലം നിരപ്പാക്കാനായി ലോകത്ത് ഏറ്റവും മുന്തിയ ബുല്‍ഡോസറുകളും മറ്റു യന്ത്രങ്ങളും രാപകല്‍ഭേദമന്യേ പണിയെടുത്തു. പരിസരവാസികള്‍ക്ക് ഉറക്കം നഷ്ടപ്പെട്ടെങ്കിലും വികസന സ്വപ്‌നങ്ങള്‍ മുടങ്ങിയില്ല. ഒരുതരി മണ്ണ് പോലും പുറമേനിന്നെടുക്കാതെ അന്നത്തെ റണ്‍വേ പൂര്‍ത്തിയാക്കി. 1987ല്‍ പണി പൂര്‍ത്തിയായെങ്കിലും 1988 ഏപ്രില്‍ 13നാണ് വ്യോമയാന മന്ത്രി മോത്തിലാല്‍ വോറ ഉദ്ഘാടനം ചെയ്തത്.

അതോടെ മലബാര്‍ പുരോഗതിയിലേക്ക് പറന്നുയര്‍ന്നു. ആഭ്യന്തര വിമാന സര്‍വീസുകള്‍ ഒന്നിന് പിറകെ മറ്റൊന്നായി തുടങ്ങി. വിദേശത്തേക്കുള്ള യാത്രക്കാരും തിരിച്ചുള്ളവരും ബോംബെ വഴി ആഭ്യന്തര സര്‍വീസുകളില്‍ യാത്ര ആരംഭിച്ചു. കേരളത്തിന്റെ ചക്കയും ചക്കക്കുരുവും മാമ്പഴവും തുടങ്ങി മുരിങ്ങവരെ വിമാനം വഴി കടല്‍ കടന്നു. ഹജ്ജ്-ഉംറ തീര്‍ഥാടകരുടെ യാത്ര കരിപ്പൂരില്‍ നിന്ന് ബോംബെ വഴി ആരംഭിച്ചു. വൈകാതെ റണ്‍വേ നീട്ടണമെന്ന് തീരുമാനമായി. കരിപ്പൂര്‍ ദേശത്തോട് തൊട്ട് കിടക്കുന്ന നെടിയിരുപ്പ് വില്ലേജിലേക്കും കൊണ്ടോട്ടി വില്ലേജിന്റെ ചില ഭാഗങ്ങളിലേക്കുമായി റണ്‍വേ വികസനത്തിനായി സ്ഥലം അക്വയര്‍ ചെയ്തു. മതിയായ സംഖ്യ നല്‍കി അതോറിറ്റി തന്നെയാണ് ഭൂമി ഏറ്റെടുത്തതും കുടിയൊഴിപ്പിച്ചതും. പിന്നീട് നഷ്ടപരിഹാര തുക മതിയായില്ലെന്ന പരാതി ഉയര്‍ന്നതോടെ രണ്ടിരട്ടിയാക്കി.

കണ്ണംകൊട്ട്പാറ എന്ന പ്രകൃതി രമണീയമായിരുന്ന മലക്ക് സമാനമായി കിഴക്കോട്ട് മറ്റൊരു മല നിര്‍മിക്കാന്‍ അതോറിറ്റി വലിയ സാഹസം തന്നെ നടത്തേണ്ടിവന്നു. പരിസരങ്ങളിലെ പത്തിലേറെ പഞ്ചായത്തുകളിിലെ മലകള്‍ തുരന്നാണ് മണ്ണെടുത്തത്. ആ മലകള്‍ മുഴുവനും ഇന്ന് ഉരുള്‍പ്പൊട്ടല്‍ ഭീഷണിയിലാണ്. ആ മലകളില്‍ നിന്നു ചീറിപ്പാഞ്ഞ് വന്ന ലോറികള്‍ക്കിടയില്‍ പെട്ട് ഒരു ഡസനിലധികം മനുഷ്യ ജീവനുകള്‍ ഹോമിക്കപ്പെട്ടു. പള്ളികളും അമ്പലങ്ങളും വിദ്യാലയങ്ങളും പലതും നഷ്ടമായി.
ഏറ്റവും വലിയ നഷ്ടം വര്‍ഷങ്ങളായി തിരൂരങ്ങാടി, തിരൂര്‍, ചെമ്മാട് ഭാഗത്തേക്ക് വ്യാപാര വ്യവസായ ബന്ധങ്ങള്‍ നടന്നിരുന്ന കൊണ്ടോട്ടിക്കാരുടെ ഏകജാലകമായിരുന്ന കൊണ്ടോട്ടി – തിരൂരങ്ങാടി റോഡ് പാടെ മണ്ണിട്ട് മൂടിയതായിരുന്നു. അനുദിനം വളര്‍ന്ന് വന്നിരുന്നതും വിമാനത്താവളത്തിന്റെ ഏറ്റവും തൊട്ടടുത്തുള്ളതുമായ പൗരാണിക വ്യാപാര മേഖലയായ കൊണ്ടോട്ടി അങ്ങാടി അതോടെ കണ്ണു ചിമ്മി. നെല്‍പ്പാടങ്ങളെ അതിജയിച്ച് കണ്ണംകൊട്ട്പാറയോളം ഉയരത്തില്‍ പൊങ്ങിവന്ന പടുകൂറ്റന്‍ കോണ്‍ഗ്രീറ്റ് കൊട്ടാരങ്ങളില്‍ മുഴുവനും ഈ റോഡ് ഇല്ലാതായതോടെ ഷട്ടറുകള്‍ താഴാനും തുടങ്ങി. പലതിന്റെയും പണികള്‍ പാതിവഴിയിലായി.

പക്ഷേ, കൊണ്ടോട്ടിക്കാരും കരിപ്പൂര്‍, നെടിയിരുപ്പ് വാസികളും എല്ലാം സഹിച്ചു. പ്രവാസികള്‍ക്കും ഹാജിമാര്‍ക്കും യാത്ര ചെയ്യാനാണല്ലോ. ഞെങ്ങിയും ഞെരങ്ങിയും 2006 ല്‍ റണ്‍വേ വികസനം പൂര്‍ണമായി. അതോടെ വിദേശത്തേക്ക് ഇന്ത്യന്‍ വിമാനങ്ങള്‍ കരിപ്പൂരില്‍ നിന്നു പറന്നുയര്‍ന്നു. 2006 ഫെബ്രുവരി ഒന്നിന് കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളമായി. അതൊരു നെടുവീര്‍പ്പിന്റെ ആവേശമായി. അന്നത്തെ എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ ലൈന്‍സും മറ്റെല്ലാ വിമാനത്താവളത്തേക്കാളും വരുമാനമുണ്ടാക്കിയത് കരിപ്പൂരില്‍ നിന്നായി. കൂടുതല്‍ യാത്രക്കാരും സൗകര്യങ്ങളും വികസന-വ്യാപാര പ്രതീക്ഷകളും സാധ്യതകളും വളര്‍ന്നതോടെ കോഴിക്കോട്, പെരിന്തല്‍മണ്ണ, കോട്ടക്കല്‍ നഗരങ്ങളിലും പരിസരങ്ങളിലും ഏറനാടന്‍ കുന്നുകളിലും നക്ഷത്ര ഹോട്ടലുകളും റിസോര്‍ട്ടുകളും ഉഴിച്ചില്‍-പിഴിച്ചില്‍ അടക്കമുള്ള ആതുരാലയങ്ങളും സുഖവാസ കേന്ദ്രങ്ങളും വളര്‍ന്നു വന്നു. മൊട്ടക്കുന്നുകളും അരുവികളും നീരുറവകളുമുള്ള കുഗ്രാമങ്ങളില്‍ വരെ റിസോര്‍ട്ടുകാരുടെ വിലപേശല്‍ കാരണം സ്വര്‍ണ വിലയായി. നെല്‍പാടങ്ങള്‍ പോലും എണ്ണപ്പാടത്തെ നാണയതുട്ടുകള്‍ക്കായി വഴി മാറിക്കൊടുത്തു.
വികസനം മുന്നോട്ട് കുതിച്ചതോടെ വിദേശ വിമാനക്കമ്പനികളുമായി കരാറുണ്ടാക്കി. തലങ്ങും വിലങ്ങും പറന്ന എയര്‍ ഇന്ത്യ വിമാനങ്ങള്‍ മാത്രം കണ്ടിരുന്ന കോഴിക്കോട്ടുകാരും മലപ്പുറത്തുകാരും പിന്നീട് കണ്ടത് മത്സരിച്ചോടി ഇടംകാത്ത് ആകാശത്ത് വട്ടമിട്ട് കറങ്ങുന്ന വിദേശ വിമാനകമ്പനികളുടെ വിമാനങ്ങളായിരുന്നു.
അതോടെ ടെര്‍മിനല്‍ വികസിച്ചു. ആഭ്യന്തരവും അന്താരാഷ്ട്രവും എന്ന പേരില്‍ രണ്ട് ടെര്‍മിനലുകളായി. അതില്‍ ഓരോന്നും മികച്ച സേവനകേന്ദ്രങ്ങളായി. കേന്ദ്ര സര്‍ക്കാറിന് നല്ല വരുമാന സ്രോതസ്സായി കരിപ്പൂര്‍ മാറി. മലബാറിന്റെ ആസ്ഥാനമായ കോഴിക്കോടും പരിസരങ്ങളും വികസനത്തിന്റെ സോപാനങ്ങളിലേക്ക് പറന്നുയര്‍ന്നു. വിദേശികളെ സ്വീകരിക്കാന്‍ ഹോട്ടലുകളും ആശുപത്രികളും മത്സരിച്ചു. വിനോദ കേന്ദ്രങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടു. കേന്ദ്രത്തിനും കേരളത്തിനും നികുതിയിലും കയറ്റുമതിയിലും ടൂറിസത്തിലും വലിയകുതിപ്പായി.

കേരളത്തിലെ വന്‍കിട വ്യാപാരികളുടെ സാധനങ്ങള്‍ മുതല്‍ ചെറുകിട കര്‍ഷകന്റെ വാഴത്തട്ട മുതല്‍ നാളികേരം വരെ വിദേശ കമ്പോളങ്ങളിലേക്ക് വന്‍തോതില്‍ കയറാന്‍ തുടങ്ങി. യാത്രാ ക്ലേശവും ടിക്കറ്റ് വര്‍ധനവും ലീവ് കുറവും കാരണം കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ അറപ്പും വെറുപ്പുമായിരുന്ന പ്രവാസികള്‍ക്ക് നേരിട്ടുള്ള പലതരം വിമാനങ്ങളെത്തിയതോടെ ഇടക്കിടെ നാട്ടില്‍ വന്ന് കുടുംബത്തെ കാണാനും കുടുംബവുമായി യാത്രചെയ്യാനും സൗകര്യമായി. ഇങ്ങനെ എത്ര വിമാനങ്ങള്‍ സര്‍വീസ് നടത്തിയാലും മതിയാകാത്ത രൂപത്തില്‍ കരിപ്പൂര്‍ വിമാനത്താളവത്തില്‍ യാത്രക്കാരായി.
ഹജ്ജ് ക്യാമ്പ്
കേരളത്തില്‍ മുസ്‌ലിം ജനസംഖ്യ കൂടുതലുള്ളത് മലബാര്‍ മേഖലയിലാണ്. കേരളത്തില്‍ നിന്ന് ഹജ്ജ് യാത്ര തുടങ്ങാന്‍ തീരുമാനം വന്നാല്‍ അതിന് കരിപ്പൂര്‍ വിമാനത്താവളം തന്നെയാണ് പ്രധാന ജാലകം. തിരുവനന്തപുരത്തിനോ കൊച്ചിക്കോ അത്ര സാധ്യതയില്ല. നീണ്ട മുറവിളിക്ക് ശേഷം അത് കരിപ്പൂരില്‍ നിന്ന് തുടങ്ങാന്‍ തീരുമാനമായി. ഹജ്ജ് ക്യാമ്പ് കരിപ്പൂരില്‍ ആരംഭിക്കുകയും താത്കാലികമായി യാത്ര തുടങ്ങുകയും ചെയ്തതോടെ കോഴിക്കോടിന്റെ മുഖച്ഛായ തന്നെ മാറി. മലബാറിന്റെ നാനാ ദിക്കുകളില്‍ നിന്നും കരിപ്പൂരിലേക്ക് ഹാജിമാര്‍ ഓടിയെത്തി. പണ്ട് കപ്പലിലെ യാതനകളും മുംബൈയിലെ മുസാഫര്‍ ഖാനയിലെ തിക്കും തിരക്കും അനുഭവിച്ചവരൊക്കെ തങ്ങളുടെ വീട്ടുപടിക്കല്‍ നിന്ന് ഇഹ്‌റാം ചെയ്തു പോവുന്ന ഹാജിമാരുടെ സൗകര്യം കണ്ടും തല്‍ബിയത്ത് കേട്ടും നാഥനെ സ്തുതിച്ചു. മലബാറിന്റെ ഏത് ഭാഗത്ത് നിന്നായാലും അഞ്ചും ആറും മണിക്കൂര്‍കൊണ്ട് കരിപ്പൂരിലെത്താം. ഹാജിമാരില്‍ ഭൂരിഭാഗവും 70 നു മുകളില്‍ പ്രായമുള്ളവരാണ്. അതില്‍ 80 ശതമാനവും മലബാര്‍ മേഖലയില്‍ നിന്നുള്ളവരാണ്. എല്ലാവര്‍ഷവും ഇതാണ് അവസ്ഥ. അവസാനം സ്ഥിരമായി ഹജ്ജ് ഹൗസിന് സ്ഥലമെടുത്തു.

കരിപ്പൂരിലെ ചാകര കണ്ട് നെടുമ്പാശ്ശേരി ലോബി അന്നത്തെ സംസ്ഥാന സര്‍ക്കാറിനെയും പിന്നീട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തേയും സ്വാധീനിച്ചു. മലബാറിന്റെ ചിറകൊടിക്കാന്‍ പതിനെട്ടടവും പയറ്റുകയായിരുന്നു അവര്‍. കരിപ്പൂരില്‍ എന്തെങ്കിലും ഒരു മൈനസ് പോയിന്റ് ലഭിക്കാന്‍ കാത്തിരുന്നു. പതിനായിരക്കണക്കിന് യാത്രക്കാരും നൂറുക്കണക്കിന് വിമാനങ്ങളും നിരവധി ഹജ്ജ് വിമാനങ്ങളും കരിപ്പൂരില്‍ നിന്നും പറന്നിട്ടും തിരിച്ചിറങ്ങിയിട്ടും ഒരാളുടെ കാല്‍ തട്ടുകയോ വിമാനത്തിന് എന്തെങ്കിലും ഉരസല്‍ സംഭവിക്കുകയോ ചെയ്തിട്ടില്ല. അവസാനം മംഗലാപുരം അപകടത്തിന്റെ പേര് പറഞ്ഞു കാരണമുണ്ടാക്കി. അവിടെ ടേബില്‍ മോഡലായിരുന്നു എന്നും റണ്‍വേ വേണ്ടത്ര നീളമില്ലാത്തത് കൊണ്ടാണ് അപകടം സംഭവിച്ചതെന്നും അതേ കാരണങ്ങള്‍ കരിപ്പൂരില്‍ ഉള്ളതിനാല്‍ അപകടം പ്രതീക്ഷിച്ച് റണ്‍വേ നീട്ടലും വികസനവും അനിവാര്യമാണെന്ന് പറഞ്ഞ് നിലവിലുണ്ടായിരുന്ന വിമാനങ്ങളും പ്രധാനപ്പെട്ട വിദേശ സര്‍വീസുകളും ഒരു സുപ്രഭാതത്തില്‍ നിര്‍ത്തി.
തുടര്‍ന്ന് നിലവിലുണ്ടായിരുന്ന റണ്‍വേയുടെ റീ കാര്‍പ്പറ്റിംഗ് നടത്തണമെന്ന് പറഞ്ഞ് പകല്‍ 12 മുതല്‍ രാത്രി എട്ട് മണി വരെ വിമാനത്താവളം അടച്ചിടാനും തീരുമാനമായി. പക്ഷേ, തീരുമാനം നടപ്പിലാക്കിയത് പിന്നീട് ഒമ്പത് മാസം കഴിഞ്ഞാണ്. എങ്കിലും 2015 ലെ ഹജ്ജ് ക്യാമ്പ് ആ പേര് പറഞ്ഞ് കൗശലപൂര്‍വം കൊച്ചിയിലേക്ക് മാറ്റി. അന്നത്തെ ഹജ്ജ് മന്ത്രിയടക്കമുള്ളവര്‍ ഇതിന് ഒത്താശ ചെയ്തു. പിറ്റേ വര്‍ഷം ഹജ്ജ് ക്യാമ്പ് നടക്കുമ്പോഴാണ് പണി തുടങ്ങിയത്. പണി കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞ് അടുത്ത വര്‍ഷവും കൊച്ചയില്‍ പിടിച്ചുവെച്ചു. മൂന്നാം വര്‍ഷം ഏത് കാരണം കൊണ്ടാണ് അവിടെ ക്യാമ്പ് വെച്ചത് എന്നറിയില്ല. ആ കാരണം ചോദിക്കാന്‍ ജനപ്രതിനിധികളോ ഭരണപക്ഷമോ പ്രതിപക്ഷമോ ഇല്ല. ഹാജിമാരെ കറവപ്പശു ആക്കുന്ന ഈ കച്ചവടത്തെയും അക്രമത്തെയും ചോദ്യം ചെയ്യാന്‍ ആരും ഇല്ല. 2018ലെ ക്യാമ്പോടെ നാലാമത്തെ ഹജ്ജ് ക്യാമ്പും കൊച്ചിയിലാണ് നടക്കുക. 80 ഉം 90ഉം വയസ്സായ ഹാജിമാരില്‍ 85 ശതമാനവും കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട് മേഖലകളില്‍ നിന്ന് കൊച്ചിയില്‍ എത്തുന്നതോടെ തളര്‍ന്ന് അവശരാകുകയാണ്. പിന്നീടുള്ള വിമാനയാത്രയും മറ്റും താങ്ങാനാവാത്ത ക്ഷീണം ഹാജിമാര്‍ക്ക് വരുത്തിത്തീര്‍ക്കുമെന്ന് ചിന്തിക്കാന്‍ ആളില്ലാതായി.

കൊച്ചിയിലാകട്ടെ കഴിഞ്ഞ മൂന്ന്് വര്‍ഷങ്ങളില്‍ മനുഷ്യവാസമോ, മനുഷ്യപെരുമാറ്റമോ പാടില്ലാത്ത എയര്‍ ക്രാഫ്റ്റ് ആന്റ് മെയിന്റനന്‍സ് ഹാളില്‍ ആണ് ഹാജിമാരെ (സിയാല്‍) താമസിപ്പിച്ചത്. മനുഷ്യാവകാശ ലംഘനമാണ് യഥാര്‍ഥത്തില്‍ നടത്തിയത്. ഓക്‌സിജന്‍ ലഭ്യതയുടെ കുറവും സീറോപോയിന്റിന്റെ പരിമിതികളുമുള്ള ഒരിടത്തേക്ക് ക്യാമ്പ് മാറ്റിയതില്‍ പലതട്ടിപ്പുകളും നടന്നതായി പരാതിയുണ്ട്. അതേസമയം സിയാല്‍ ചെയ്യുന്നത് വലിയ സേവനമാണെന്ന് പ്രശംസിക്കുകയാണ് ചിലര്‍. എന്നാല്‍ സിയാല്‍ എന്നത് കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്എന്ന കമ്പനിയാണ്. ഒരു സ്വകാര്യ കമ്പനിയാണിത്. ഹജ്ജ് ക്യാമ്പിലൂടെ കിട്ടുന്ന ലാഭം ചില്ലറയല്ല. അതില്‍ നിക്ഷേപിച്ച ഓരോരുത്തരുടെയും കീശയിലേക്ക് ഓരോ ഹാജിയുടെയും പേരില്‍ പണം വരുന്നുണ്ട്.

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് കവാടത്തില്‍ നിന്നും എത്രയോ ദൂരത്തുള്ള ഒറ്റപ്പെട്ട സ്ഥലത്താണ് ക്യാമ്പ് നടത്തുന്നത്. അവിടെ ഹാജിമാര്‍ക്കൊപ്പം വരുന്നവര്‍ക്ക് ഒരു പച്ചവെള്ളവും കിട്ടാത്ത ദുരവസ്ഥയാണുള്ളത്. അങ്ങാടിയിലേക്ക് പോയിവരണമെങ്കില്‍ ചുരുങ്ങിയത് 200 രൂപ റിക്ഷക്ക് ചെലവാണ്. ഇതിന്റെയെല്ലാം ലാഭം “സിയാലി”നാണ്. ഇത്തവണ സിയാല്‍ ക്യാമ്പിന് സ്ഥലം നല്‍കാന്‍ വിസമ്മതിച്ചു. അവസാനം ഹജ്ജ് കമ്മിറ്റി ക്യാമ്പിന് സ്ഥലം അന്വേഷിച്ച് പലയിടത്തും പരതി. പിന്നീട് നാണക്കേടാവുമെന്ന് കണ്ട സിയാല്‍ മേധാവികള്‍ താത്കാലികമായി ഒരു ട്രൈനിംഗ് സെന്റര്‍ നല്‍കി. കോടികള്‍ മുടക്കിയുണ്ടാക്കിയ കരിപ്പൂര്‍ ഹജ്ജ് ഹൗസ് നോക്കുകുത്തിയായിരിക്കെയാണ് ഇത് എന്നോര്‍ക്കണം.
ഹജ്ജ് ഹൗസ്
കേരളത്തില്‍ നിന്ന് ഹാജിമാരുടെ യാത്ര ആദ്യമായി 1990 കളില്‍ ആരംഭിച്ചപ്പോള്‍ സ്ഥിരമായ ഒരു ഹജ്ജ് ഹൗസ് വേണമെന്ന് അഭിലാഷമുണ്ടായി. പ്രഥമവര്‍ഷങ്ങളില്‍ യു ഡി എഫ് സര്‍ക്കാറായതിനാല്‍ ലീഗ് മാനേജ്‌മെന്റിന്റെ കീഴിലുള്ള ഒരു കോളജിലായിരുന്നു ക്യാമ്പ് നടന്നിരുന്നത്. അവിടെ നിന്നും എയര്‍പോര്‍ട്ടിലെത്താന്‍ വലിയ പാടാണ്. കാരണം വഴികളും മറ്റും വീതി കുറഞ്ഞതും ദുര്‍ഘടവും വളവും തിരിവും നിറഞ്ഞതുമായിരുന്നു.

ക്യാമ്പുകള്‍ അവിടെ നടക്കുകയാണെങ്കിലും എയര്‍പോര്‍ട്ടിന് നേരെ മുന്‍ഭാഗത്ത് ഹജ്ജ് കമ്മിറ്റിയുടെ കെട്ടിടവും സ്ഥലവുമുണ്ടായിരുന്നു. വര്‍ഷങ്ങളായി കോഴിക്കോട് പുതിയറയിലായിരുന്നു അന്നും ഓഫീസ്. മറ്റു സംസ്ഥാനങ്ങളിലുള്ളത് പോലെ ഒരു സ്ഥിരം ഹജ്ജ് ഹൗസ് കേരളത്തിലും വേണമെന്നും അത് കരിപ്പൂരിലാവണമെന്നും അഭിപ്രായം വന്നു. ഉടനെ കുമ്മിണിപറമ്പിലെ സ്വകാര്യ കോളജ് മാനേജ്‌മെന്റ് അത് കോളേജ് കാമ്പസിലാക്കാന്‍ സര്‍ക്കാറിനെ സ്വാധീനിക്കുകയും അവിടെ ശിലാസ്ഥാപനം നടത്തുകയും ചെയ്തു. ഒരു പാര്‍ട്ടി കോളജില്‍ ഹജ്ജ് ഹൗസ് പറ്റില്ലെന്ന് ജനാഭിപ്രായമുയര്‍ന്നു. ചിലര്‍ നിയമ യുദ്ധവും നടത്തി.

വൈകാതെ സര്‍ക്കാര്‍ ഇടത്തോട്ട് മാറി. ഹജ്ജ് കമ്മിറ്റിയും മാറി. പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് ചെയര്‍മാനായി. പ്രഥമ തീരുമാനം തന്നെ ഹജ്ജ് ഹൗസ് സ്വതന്ത്ര ഭൂമിയില്‍ നിര്‍മിക്കുക എന്നതായി. ആദ്യ ക്യാമ്പ് തന്നെ പുതിയ സ്ഥലത്ത് പൊതു ക്യാമ്പായി മാറി. ക്യാമ്പ് കഴിഞ്ഞ് എട്ട് മാസം കൊണ്ട് ഹജ്ജ് ഹൗസ് നിര്‍മാണം പൂര്‍ത്തിയാക്കി ഹജ്ജ് കമ്മിറ്റി ചരിത്രം സൃഷ്ടിച്ചു. 2007 നവംബറില്‍ ഉദ്ഘാടനം കഴിഞ്ഞു. 72,000 ച.മീറ്ററില്‍ ഉള്ള ഈ ഭൂമിയില്‍ 1.4 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഹജ്ജ് ഹൗസ് എന്ന കെട്ടിട സമുച്ചയം ആയിരക്കണക്കിന് ഹാജിമാര്‍ക്ക് ഒരേ സമയം താമസിക്കാനും ക്ലാസുകള്‍ ശ്രവിക്കാനും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനും ഇഹ്‌റാമടക്കമുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനും കഴിയുന്ന പ്രകൃതി രമണീയമായ കാഴ്ചയുള്ള ബഹുനില കെട്ടിടമാണ്. മുന്‍ ക്യാമ്പുകളിലും മറ്റു സ്ഥലങ്ങളിലും വെച്ച് സ്വരൂപിച്ചതും ഉദാരമതികള്‍ നല്‍കിയതും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അനുവദിച്ചതുമായ കോടിക്കണക്കിന് രൂപ കൊണ്ടാണ് കെട്ടിടം നിര്‍മിച്ചത.് അതിന്റെ ഉദ്ഘാടന സമ്മേളനം അന്നത്തെ സാര്‍ക്കാറും ഹജ്ജ് കമ്മിറ്റിയും ജനകീയ പരിപാടിയായാണ് നടത്തിയത്. നിര്‍മാണ കാലത്ത് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഒന്നര കോടിയും സംസ്ഥാന സര്‍ക്കാര്‍ ഒരു കോടിയും ഹാജിമാരും മറ്റു ഉദാരമതികളും കൂടി രണ്ട് കോടിയും നല്‍കിയത് കൊണ്ടാണ് ഇത് പൂര്‍ത്തിയായത്. പിന്നീട് സമ്പൂര്‍ണമാക്കാന്‍ വീണ്ടും ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടിവന്നിട്ടുണ്ട്. തൊട്ട് മുമ്പിലെ വിലയേറിയതും ഹജ്ജ് ഹൗസിന് അത്യാവശ്യമായതുമായ ഭൂമി അന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരാണ് വാങ്ങിക്കൊടുത്തത്. അതുവരെ ഏകപക്ഷീയമായി പാര്‍ട്ടി പരിപാടി പോലെ നടന്നിരുന്ന ഹജ്ജ് ക്യാമ്പ് ജനകീയമായി. ചെലവുകളും ക്രമങ്ങളും ലഘൂകരിച്ചു. എന്നാല്‍, പുതിയ സര്‍ക്കാര്‍ വന്നതോടെ ഇനി തങ്ങള്‍ നിര്‍മിച്ചതല്ലാത്ത ഹജ്ജ് ഹൗസും ക്യാമ്പും കരിപ്പൂരില്‍ നിന്ന് തന്നെ മാറ്റാന്‍ പഴുതുകളുമായി കാത്തുനിന്നു ചിലര്‍. അപ്പോഴാണ് എയര്‍പോര്‍ട്ട് റണ്‍വേ റീ കാര്‍പ്പറ്റിംഗ് എന്ന നാടകം കൊച്ചിന്‍ എയര്‍പോര്‍ട്ട് കമ്പനിയിലെ നിക്ഷേപകരുടെ റബ്ബര്‍ സ്റ്റാമ്പായി മാറിയിരുന്ന അന്നത്തെ ഡയരക്ടറും അതോറിറ്റിയും ഹജ്ജ് മന്ത്രിയുംകൂടി കളിച്ചത്. അങ്ങനെ റീ കാര്‍പ്പറ്റിംഗ് വര്‍ക്കുള്ളത് കൊണ്ട് തത്കാലം ക്യാമ്പ് മാറ്റുകയാണെന്ന് പറഞ്ഞ് ഹാജിമാരെയും വഞ്ചിച്ചു. നേരത്തെ പുതിയറയിലുണ്ടായിരുന്ന കേരള ഹജ്ജ് കമ്മിറ്റി ഓഫീസും കോടികള്‍ ജനങ്ങളില്‍ നിന്നും ഹാജിമാരില്‍ നിന്നും പിരിച്ചെടുത്തും സര്‍ക്കാറില്‍ നിന്ന് നീക്കിവെച്ചും ഉണ്ടാക്കിയ ഹജ്ജ് ഹൗസും കരിപ്പൂരില്‍ നിലനില്‍ക്കേ കഴിഞ്ഞ മൂന്ന് വര്‍ഷവും ഈ വര്‍ഷവും അടക്കം കൊച്ചിയിലേക്ക് കെട്ട്‌കെട്ടിക്കുന്ന ഹാജിമാരുടെ കഥ എത്ര ദയനീയമാണ്. മലബാറില്‍ നിന്നുള്ള 80 കഴിഞ്ഞ 85 ശതമാനം ഹാജിമാര്‍ വലിയ ഒരു തീര്‍ഥാടനത്തിന് മുമ്പ് നമ്മുടെ ദുര്‍ഘടമായ റോഡിലൂടെ എത്രയാണ് ദുരിത യാത്ര നടത്തേണ്ടത്. ഹജ്ജ് ഹൗസോ വെറും കല്യാണ മണ്ഡപമായി അവശേഷിക്കുന്നു. (അവസാനിച്ചിട്ടില്ല)