Eranakulam
ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് പരിചാരകരായി 600 സന്നദ്ധ പ്രവര്‍ത്തകര്‍
		
      																					
              
              
            നെടുമ്പാശ്ശേരി: രാജ്യത്തെ വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ വഴി ഈ വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് താര്‍ഥാടകര്‍ക്ക് വഴികാട്ടുന്നതിനും സഹായിക്കുന്നതിനും വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് സന്നദ്ധ സേവകരായി യാത്രയാകുന്നത് 600 ഓളം ഹജ്ജ് വളണ്ടിയര്‍മാര്‍.”ഖാദിമുല്‍ ഹജ്ജാജ്”എന്ന പേരിലാണ് ഹജ്ജ് തീര്‍ഥാടകരെ സഹായിക്കാന്‍ പുറപ്പെടുന്ന ഇവര്‍ അറിയപ്പെടുന്നത്. രാജ്യത്തിന്റെ വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ വഴി യാത്രയാകുന്ന ഇവരുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണ്. ഓരോ സംസ്ഥാനത്തെയും ഹജ്ജ് വളണ്ടിയര്‍മാരെ തിരിച്ചറിയുന്നതിന് വ്യത്യസ്തമായ യൂണിഫോമും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം വരെ ഇന്ത്യയില്‍ നിന്നുള്ള വളണ്ടിയര്‍മാര്‍ക്ക് ഒരേ തരത്തിലുള്ള യൂണിഫോമാണ് നല്‍കിയിരുന്നത്. ഇത് മൂലം വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഹജ്ജ് തീര്‍ഥാടകര്‍ക്ക് വളണ്ടിയര്‍മാരെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല. പുതിയ രീതി നടപ്പാക്കുന്നതോടെ ഓരോ സംസ്ഥാനത്തെയും വളണ്ടിയര്‍മാരെ തിരിച്ചറിയാന്‍ തീര്‍ഥാടകര്‍ക്ക് കഴിയും. ഇന്ത്യയില്‍ നിന്ന് ആകെ 593 പേരെയാണ് ഇതുവരെ തിരഞ്ഞെടുത്തിരിക്കുന്നത്.
മറ്റ് സംസ്ഥാനങ്ങളില്‍ അനുവദിച്ച സീറ്റുകളില്‍ തീര്‍ഥാടകര്‍ക്ക് സീറ്റുകള്‍ ലഭിച്ചതു മൂലം കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ നിന്ന് വളണ്ടിയര്‍മാരായി ഏതാനും പേര്‍ക്ക് കൂടി അവസരം ലഭിക്കും. ഓരോ സംസ്ഥാനത്തെയും വ്യത്യസ്തമായ രീതികള്‍ കണക്കിലെടുത്ത് 151 മുതല്‍ 301 വരെയുള്ള തീര്‍ഥാടകര്‍ക്ക് ഒരു വളണ്ടിയര്‍ എന്ന നിലയിലായിരുന്നു ഹജ്ജ് വളണ്ടിയര്‍മാരുടെ തിരഞ്ഞെടുപ്പ്.
കേരളത്തില്‍ നിന്ന് 200 തീര്‍ഥാടകര്‍ക്ക് ഒരു വളണ്ടിയര്‍ എന്ന കണക്കില്‍ 56 പേരെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. വളണ്ടിയര്‍മാരെ നിശ്ചയിക്കുമ്പോള്‍ സംസ്ഥാനത്ത് നിന്ന് 11197 പേര്‍ക്ക് മാത്രമാണ് ഹജ്ജിന് അനുമതി ലഭിച്ചിരുന്നത്. ഇപ്പോള്‍ ഇത് 11355 ആയി ഉയര്‍ന്നു. വെയിറ്റിംഗ് ലിസ്റ്റിലുള്ള ഏതാനും പേര്‍ക്ക് കൂടി ഇനിയും അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഒരു വളണ്ടിയറെ കൂടി സംസ്ഥാനത്ത് നിന്ന് ഉള്‍പ്പെടുത്തും.
ഏറ്റവും കൂടുതല്‍ പേര്‍ ഹജ്ജിന് പുറപ്പെടുന്ന ഉത്തര്‍പ്രദേശില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഹജ്ജ് വളണ്ടിയര്‍മാര്‍ ഉള്ളത്. യു പി യില്‍ നിന്നുള്ള 29017 ഹാജിമാര്‍ക്കായി 146 വളണ്ടിയര്‍മാരാണ് മക്കയിലെത്തുക. 196 തീര്‍ഥാടകരുള്ള ഗോവയില്‍ നിന്നും ഒരു വളണ്ടിയര്‍ മാത്രമാണ് ഉണ്ടാകുക. 388 തീര്‍ഥാടകരുള്ള ചത്തീസ്ഗണ്ഡ്, 298 പേരുള്ള ലക്ഷദ്വീപ്, 388 പേരുള്ള മണിപ്പൂര്‍, 688 പേരുള്ള ഒഡിഷ, 303 പേരുള്ള പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്ന് രണ്ട് വീതം വളണ്ടിയര്‍മാരുണ്ടാകും.
ഇന്ത്യയില്‍ നിന്ന് 1,23,700 പേര്‍ക്കാണ് ഹജ്ജ് കമ്മിറ്റി വഴി ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്. ഹജ്ജ് വളണ്ടിയര്‍മാര്‍, രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവരുടെ സ്‌പെഷ്യല്‍ ക്വാട്ടയില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ എന്നിവര്‍ കൂടി ഉള്‍പ്പെടുമ്പോള്‍ തീര്‍ഥാടകരുടെ എണ്ണം 1,25,000 ആയി ഉയരും. രാജ്യത്തെ 21 എംബാര്‍ക്കേഷന്‍ പോയന്റുകളില്‍ നിന്ന് തീര്‍ഥാടകരോടൊപ്പമാണ് ഹജ്ജ് വളണ്ടിയര്‍മാരും മക്കയിലെത്തുക.
മലയാളിയായ മുജീബ് റഹ്മാന്‍ പുത്തലത്താണ് ഈ വര്‍ഷം മക്കയില്‍ ഹജ്ജ് വളണ്ടിയര്‍മാര്‍ക്ക് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷവും കേരളത്തില്‍ നിന്നുള്ള വളണ്ടിയര്‍മാരെ വിജയകരമായി നയിക്കുകയും, കഴിഞ്ഞ അഞ്ച് വര്‍ഷം സംസ്ഥാന ഹജ്ജ് കോ ഓര്‍ഡിനേറ്ററായി സേവനം അനുഷ്ടിക്കുകയും ചെയ്തതിന്റെ പ്രവര്‍ത്തന പരിചയം കണക്കിലെടുത്താണ് ഈ വര്‍ഷം ഇന്ത്യന്‍ ഖാദിമുല്‍ ഹജ്ജാജ് സംഘത്തെ നയിക്കാന്‍ സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റി ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
