Connect with us

Articles

മതേതര മഴവില്‍ മഹാസഖ്യം: സാധ്യതകള്‍, വെല്ലുവിളികള്‍

Published

|

Last Updated

സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയില്‍ ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അമ്പരപ്പും അതിശയവുമാണ്. പതിറ്റാണ്ടുകള്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിട്ടും സമത്വസുന്ദര മുദ്രാവാക്യം ഉയര്‍ത്തി പ്രചാരണം നടത്തിയിട്ടും ഇന്നും പൊട്ടക്കിണറ്റിലെ പാഴ്ജലം പോലെ പരിമിതപ്പെട്ടുകിടക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ത്യയില്‍ ഏറെയാണ്. മറ്റൊരു വശത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ വിപ്ലവാവേശങ്ങളുണര്‍ത്തിയെടുത്ത ജയപ്രകാശ് നാരായണന്റെയും രാംമനോഹര്‍ ലോഹ്യയുടെയുമൊക്കെ പിന്‍മുറക്കാര്‍ എന്നവകാശപ്പെടുന്ന ജനതാ രാഷ്ട്രീയത്തിന്റെ അവശിഷ്ട രൂപങ്ങളുണ്ട്. പ്രാദേശിക വൈകാരികതകളിലും ആശയദാരിദ്ര്യത്തിന്റെ സമ്മര്‍ദങ്ങളാല്‍ ബാലിശ പ്രമേയങ്ങളിലും അടഞ്ഞുകിടക്കുകയും കഷ്ടിച്ച് തിരഞ്ഞെടുപ്പ് വിജയം നേടി അധികാരത്തിലെത്തിക്കൊണ്ടിരിക്കയും ചെയ്യുന്ന തദ്ദേശീയ പാര്‍ട്ടികളും ഉണ്ട്. ഈ പാര്‍ട്ടികളെല്ലാം മോദി- അമിത്ഷാ കൂട്ടുകെട്ടില്‍ സംഘ്പരിവാര്‍ രാഷ്ട്രീയം നേടിക്കൊണ്ടിരിക്കുന്ന കുതിപ്പിന്റെ കാര്യകാരണങ്ങള്‍ അന്വേഷിച്ച് നിരാശയിലായിരിക്കുകയാണ്.
സംഘ്പരിവാര രാഷ്ട്രീയത്തിന്റെ ഈ തേരോട്ടം ഇന്ത്യയിലെ ചെറുതുംവലുതുമായ എല്ലാ പാര്‍ട്ടികളെയും അക്ഷരാര്‍ഥത്തില്‍ തന്നെ ഇന്ന് ഭീകരമായ ഒരസ്തിത്വ സന്ദേഹത്തില്‍ എത്തിച്ചിരിക്കുകയാണ്. സംസ്ഥാനങ്ങള്‍ ഒന്നൊന്നായി വെട്ടിപ്പിടിക്കുകയും സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് മുന്‍കാലങ്ങളില്‍ തെല്ലും സ്വാധീനമില്ലാതിരുന്ന സംസ്ഥാനങ്ങളില്‍ പോലും സഖ്യത്തിലൂടെ ബി ജെ പി അധികാരത്തിലേറുകയുമാണല്ലോ. തീവ്ര വര്‍ഗീയ രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ സംഘ്പരിവാറിന് പുറത്തു നിന്നുകൊണ്ട് നീക്കങ്ങള്‍ നടത്തുന്ന ശിവസേന പോലും ബി ജെ പിയുടെ വളര്‍ച്ചയില്‍ കാണുന്നത് സ്വന്തം അസ്തിത്വ ശോഷണത്തിന്റെ ലക്ഷണങ്ങളാണ്.
ചെറുതും വലുതുമായ ഒരു വിഭാഗം പാര്‍ട്ടികള്‍ അധികാര മോഹത്തിന്റെ പ്രേരണയില്‍ മാത്രം എന്‍ ഡി എ സഖ്യത്തില്‍ അണിനിരന്ന് ബി ജെ പിയുടെ ആജ്ഞാനുവര്‍ത്തികളായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും ഭാവിയില്‍ ബി ജെ പിയുടെ ധൃതരാഷ്ട്രാലിംഗനും സ്വന്തം അസ്തിത്വത്തെ ഉന്മൂലനം ചെയ്‌തേക്കുമെന്ന ഭീതി അവര്‍ക്കുമുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളെന്ന് വിളിക്കപ്പെടുന്ന സംഘ്പരിവാര്‍ വിരുദ്ധ രാഷ്ട്രീയ ചേരിയിലുള്ള പാര്‍ട്ടികള്‍ മതനിരപേക്ഷതയുടെയും വര്‍ഗീയ- തീവ്രവാദ വിരുദ്ധതയുടെയും മറപടിച്ചാണ് സ്വന്തം ഭയഭീതികള്‍ പ്രകടിപ്പിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മോദിയുടെ രാഷ്ട്രീയം ഇന്ത്യയുടെ ബഹുസ്വരതയെയും മതനിരപേക്ഷതയെയും വിഴുങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന് പ്രതിപക്ഷ ദിശയില്‍ നിന്ന് ശബ്ദിക്കുന്ന ചില പാര്‍ട്ടികളുടെയെങ്കിലും യഥാര്‍ഥ പ്രശ്‌നം സംഘ്പാരിവാര്‍ രാഷ്ട്രീയത്തിന്റെ ദ്രുതവളര്‍ച്ചയില്‍ അവര്‍ ഇല്ലാതായിപ്പോകുമോ എന്ന ഭീതി മാത്രമാണ്.
ഈ സാഹചര്യത്തിലാണ് സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരായ ദേശീയ മതനിരപേക്ഷ സംഖ്യം എന്ന ആശയം ചര്‍ച്ചാ വിഷയമായി മാറിയിരിക്കുന്നത്. കോണ്‍ഗ്രസും ജനതാ പരിവാര്‍ പാര്‍ട്ടികളും ഇടതുപാര്‍ട്ടികളും പ്രദേശിക തലത്തില്‍ സ്വാധീനമുള്ള ബി ജെ പി വിരുദ്ധ പാര്‍ട്ടികളെയും അണി നിരത്തിക്കൊണ്ടുള്ള ഒരു ഐക്യപ്രതിരോധ രാഷ്ട്രീയമാണിതിലൂടെ ലക്ഷ്യമാക്കുന്നത്. 2019ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ സാധ്യതകളെ തടയിടുക എന്ന താത്പര്യം എന്‍ ഡി എക്ക് പുറത്ത് നില്‍ക്കുന്ന എല്ലാ പാര്‍ട്ടികള്‍ക്കും പൊതുവായുണ്ട്.
ഏതെങ്കിലും വിധത്തില്‍ കേന്ദ്ര ഭരണത്തില്‍ പങ്കാളിയാകുക എന്ന ആഗ്രഹം വെച്ചുപുലര്‍ത്താത്ത ഒരു പാര്‍ട്ടിയും ഇന്ന് ഇന്ത്യയിലില്ല. അതേ സമയം ആദര്‍ശ നിലപാടുകളുടെ പേരില്‍ ബി ജെ പിയെ അകറ്റി നിര്‍ത്തുന്നവരും അവസരം ഒത്തുവരാത്തതിന്റെ പേരില്‍ എന്‍ ഡി എയില്‍ ചേക്കേറാന്‍ കഴിയാതെ പോയവരും പ്രതിപക്ഷ നിരയിലുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസും ജനതാ ദള്‍ യുനൈറ്റഡും ഉള്‍പ്പെടെ ഇന്ന് പ്രതിപക്ഷ നിരയിലുള്ള പല പാര്‍ട്ടികളും മുമ്പ് ഒരിക്കലെങ്കിലും എന്‍ ഡി എയുടെ ഭാഗമായിരുന്നവരുമാണ്. സംഘ്പരിവാര്‍ വളര്‍ച്ചയെ പ്രതിരോധിക്കണം എന്ന് അഭിലാഷമുള്ള പ്രതിപക്ഷ പാര്‍ട്ടികളില്‍ പലതിന്റെയും ഭൂതകാല പശ്ചാത്തലം അധികാര മോഹത്തില്‍ അധിഷ്ഠിതമായ അവസരവാദത്തിന്റെതാണ്. മതേതര വിശാല സഖ്യത്തിന്റെ ഉദ്ദേശ്യശുദ്ധിക്ക് നേരെ ഉയര്‍ന്നുവരുന്ന വെല്ലുവിളികളാണ് ഈ പറഞ്ഞ കാര്യങ്ങളൊക്കെ.
വ്യക്തമായ ബി ജെ പി വിരുദ്ധരാഷ്ട്രീയ പശ്ചാത്തലം അവകാശപ്പെടാന്‍ കോണ്‍ഗ്രസിനും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും ജനതാ പരിവാറില്‍ ഉള്‍പ്പെടുന്ന ഒന്നു രണ്ടു പാര്‍ട്ടികള്‍ക്കും മാത്രമേ സാധിക്കുകയുള്ളൂ എന്നത് സഖ്യത്തിനെതിരായി സംഘ്പരിവാര്‍ രാഷ്ട്രീയ വക്താക്കള്‍ക്ക് പ്രയോഗിക്കാവുന്ന ഒരു ഭൂതകാല വസ്തുതയാണ്. സഖ്യത്തിനെതിരായ പ്രചാരണത്തിന് മുമ്പ് എന്‍ ഡി എയുടെ ഭാഗമായി വര്‍ത്തിച്ചിരുന്ന പാര്‍ട്ടികളുടെ സഖ്യത്തിലെ പങ്കാളിത്തത്തെ തന്നെ ഉപയോഗപ്പെടുത്താന്‍ മോദി- അമിത്ഷാ സംഘത്തിന്റെ കുബുദ്ധി പിന്നോട്ട് നില്‍ക്കുകയുമില്ല.
ബീഹാറില്‍ വിജയം കണ്ട മതേതര മഴവില്‍ മഹാ സഖ്യമാണ് ഇതിന് മാതൃകയായി ചൂണ്ടിക്കാട്ടുന്നത്. ആ സഖ്യത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഉണ്ടായിരുന്നില്ല.എന്നാല്‍, ദേശീയ തലത്തില്‍ സഖ്യം നിലവില്‍ വരുമ്പോള്‍ അതില്‍ നിന്ന് ഇടതുപാര്‍ട്ടികള്‍ മാറിനില്‍ക്കുന്നത് ചരിത്രപരമായ മണ്ടത്തരത്തെക്കാള്‍ വലിയതെന്തോ ആയിരിക്കുമെന്ന യാഥാര്‍ഥ്യം സി പി എം ഇതര ഇടതുപാര്‍ട്ടികള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. പ്രത്യേകിച്ച് സി പി ഐ നേതൃത്വത്തിന് ഇക്കാര്യത്തില്‍ സവിശേഷമായ താത്പര്യം കാണാം. എന്നാല്‍, സി പി എം നേതൃത്വം ഇനിയും വ്യക്തതയില്‍ എത്തിയതായി തോന്നുന്നില്ല.
മികച്ച പാര്‍ലിമെന്റേറിയനായ സീതാറാം യെച്ചൂരിക്ക് രാജ്യസഭയിലേക്ക് പിന്തുണ നല്‍കാമെന്ന കോണ്‍ഗ്രസ് വാഗ്ദാനം സി പി എം കേന്ദ്ര നേതൃത്വം തള്ളിയത് പഴയ കോണ്‍ഗ്രസ് അലര്‍ജിയുടെ ഫലമായിട്ടു തന്നെയാണ്. നിലവിലുള്ള സാഹചര്യത്തില്‍ യെച്ചൂരിയെ പോലെ ഒരാളെ പാര്‍ലിമെന്റിലെത്തിക്കാന്‍ സി പി എം നേതൃത്വം ജാഗ്രത പാലിക്കേണ്ട തായിരുന്നു. സാധ്യമാകുന്നത്ര സംഘ്പരിവാര്‍ വിരുദ്ധ രാഷ്ട്രീയ നിലപാടുള്ള വ്യക്തികളെ പാര്‍ലിമെന്റിലും സംസ്ഥാന നിയമസഭകളിലും എത്തിച്ചുകൊണ്ട് സംഘ്പരിവാര്‍ അതിവ്യാപന ശ്രമങ്ങളെ പ്രതിരോധിക്കാന്‍ ചെറിയ ചെറിയ അവസരങ്ങളെ പോലും വിനിയോഗിക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്.
യു പി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും എസ് പിക്കും ബി എസ് പിക്കുമുണ്ടായ തോല്‍വി കേവലം പരാജയം മാത്രമായിരുന്നില്ല. അവസാനത്തിന്റെ ആരംഭം കൂടിയായിരുന്നു. ന്യൂനപക്ഷ ദളിത് രാഷ്ട്രീയത്തെക്കുറിച്ചുള്ള ആത്മവിശ്വാസം പോലും പല പാര്‍ട്ടികള്‍ക്കും നഷ്ടമായിക്കഴിഞ്ഞു. സംഘ്‌രാഷ്ട്രീയത്തിനെതിരായ എല്ലാ സഖ്യങ്ങളും വിജയത്തിലെത്തണമെന്നില്ലെന്ന പാഠം ഉത്തര്‍ പ്രദേശില്‍ നിന്ന് ലഭിക്കുകയും ചെയ്തു. കേവല സഖ്യത്തില്‍ കവിഞ്ഞ്, വ്യക്തമായ ആസൂത്രണത്തോടെയും ലക്ഷ്യബോധത്തോടെയും കൈകാര്യം ചെയ്യപ്പെടുന്ന രാഷ്ട്രീയമാണ് ഭാവിയില്‍ പ്രതിരോധ സാധ്യതകള്‍ തുറന്നുനല്‍കുക. അതേസമയം, മതേതര വോട്ടുകളുടെ ഭിന്നിപ്പിനും മതനിരപേക്ഷ സ്വഭാവമുള്ള ബി ജെ പി ബദലിന്റെ സാധ്യതകളെ ചോര്‍ത്തിക്കളയാനും ഇടവരുത്തുന്ന വിധത്തില്‍ സംഘ്പരിവാര്‍ വിരുദ്ധ നിലപാടുള്ള പാര്‍ട്ടികളെ സഖ്യത്തില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതും പ്രായോഗികമായി ഫലപ്രദമായിരിക്കില്ല.
വിശാല സഖ്യമെന്ന ആശയം ഉയര്‍ത്തിപ്പിടിച്ചു നടക്കുന്ന കോണ്‍ഗ്രസിന്റെ അവസ്ഥ എന്നാല്‍, ഒട്ടും സുരക്ഷിതമല്ല എന്നതാണ് സത്യം. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന അമിത്ഷാ- മോദി കൂട്ടുകെട്ടിന്റെ അഭിലാഷം ഏതാണ്ട് പൂര്‍ത്തീകരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. മുതിര്‍ന്ന പല കോണ്‍ഗ്രസ് നേതാക്കളും ഇതിനകം ബി ജെ പിയിലെത്തിക്കഴിഞ്ഞു. വ്യക്തിത്വ ഗുണവും ഒരു പരിധിവരെ ആദര്‍ശഗുണവുമുള്ള നേതാക്കള്‍ക്കായി ബി ജെ പി കാത്തിരിക്കുകയാണ്. കമല്‍ നാഥിന്റെ പേര് പോലും ബി ജെ പി പ്രവേശനത്തിന്റെ കാര്യത്തില്‍ വാര്‍ത്തകളില്‍ വന്നുകഴിഞ്ഞു. കേരളത്തിലെ ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബി ജെ പിയില്‍ ചേരാന്‍ പോകുന്നതായി വന്ന വാര്‍ത്തകളും അതിനോട് പ്രതികരിച്ചുകൊണ്ട് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു നടത്തിയ “ബുദ്ധിയുള്ളവരാരും ഇനി കോണ്‍ഗ്രസില്‍ നില്‍ക്കില്ല” എന്ന പരാമര്‍ശവും സൂചനകള്‍ തന്നെയാണ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയിലേക്ക് ഇനിയും വലിയ വലിയ കൂടുമാറ്റങ്ങള്‍ നടക്കാനിരിക്കുകയാണ്. വിശാല മതേതര രാഷ്ട്രീയ സഖ്യമെന്ന ആശയത്തിന് കോണ്‍ഗ്രസിന്റെ ഈ ആന്തരിക ജീര്‍ണതയും ശൈഥില്യവും വലിയ പ്രതിബന്ധങ്ങള്‍ തീര്‍ക്കുക തന്നെ ചെയ്യും. യു പിയില്‍ സംഭവിച്ച പോലെ സഖ്യത്തിലേര്‍പ്പെടുന്ന എല്ലാ പാര്‍ട്ടികളെയും ഒറ്റയടിക്ക് നിലംപരിശാക്കാന്‍ ബി ജെ പിക്ക് അവസരം ലഭിക്കാതിരിക്കട്ടെ എന്നാശിക്കാം. അവിടെ എസ് പി കോണ്‍ഗ്രസ് സഖ്യം ഇരുപാര്‍ട്ടികളെയും ശിഥിലമാക്കുകയാണല്ലോ ചെയ്തത്.

Latest