Connect with us

Socialist

പിറന്ന നാട്ടില്‍ ജീവിക്കാന്‍ നിവൃത്തിയില്ലാതെ നിലനില്‍പ്പിന്റെ പോരാട്ടത്തിലാണ് ആ നാട്ടുകാര്‍

Published

|

Last Updated

ഏഴിമല നാവിക അക്കാദമി സൃഷ്ടിക്കുന്ന പരിസര, ജല മലിനീകരണങ്ങള്‍ക്കെതിരെ അമ്പത് ദിവസത്തിലേറെയായി സമരം ചെയ്യുന്ന രാമന്തളി പ്രദേശവാസികളെ കുറിച്ച് വിടി ബല്‍റാം എംഎല്‍എ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…

ഏഴിമല നാവിക അക്കാദമി സൃഷ്ടിക്കുന്ന പരിസര, ജല മലിനീകരണങ്ങള്‍ക്കെതിരെ അമ്പത് ദിവസത്തിലേറെയായി സമരം ചെയ്യുന്ന രാമന്തളി പ്രദേശവാസികളെ ഇക്കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു. പിറന്ന നാട്ടില്‍ ജീവിക്കാന്‍ നിവൃത്തിയില്ലാതെ നിലനില്‍പ്പിന്റെ പോരാട്ടത്തിലാണ് ആ നാട്ടുകാര്‍. രാമന്തളി ജനാരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്ത്വത്തില്‍ വിനീത് കാവുങ്കല്‍ എന്ന ചെറുപ്പക്കാരന്‍ നടത്തുന്ന നിരാഹാരസമരം ഇന്ന് പത്താം ദിവസമാണ്.

ഏതാണ്ട് 2500 ഏക്കറോളം സ്ഥലമുണ്ട് ഏഷ്യയിലെത്തന്നെ ഈ പ്രമുഖ നാവിക പരിശീലനകേന്ദ്രത്തിന്. എന്നാല്‍ ഇവിടത്തെ 6000 ലേറെ ആളുകളുടെ കക്കൂസ് മാലിന്യമടക്കമുള്ള എല്ലാത്തരം മാലിന്യങ്ങളും സംസ്‌കരിക്കുന്നതിനുള്ള പ്ലാന്റ് നിര്‍മ്മിച്ചതാവട്ടെ ആ വിശാലമായ കോമ്പൗണ്ടിന്റെ ഒരറ്റത്ത് ജനവാസമേഖലയോട് ചേര്‍ന്നും! പ്ലാന്റ് നിര്‍മ്മാണത്തിലെ ഗുണനിലവാരക്കുറവും മറ്റ് അപാകതകളും കാരണമാണ് പ്രദേശത്തെ ജലസ്രോതസ്സുകളെല്ലാം മലിനമായിരിക്കുന്നത്. പ്ലാന്റും തൊട്ടടുത്ത വീട്ടിലെ കിണറും തമ്മില്‍ പന്ത്രണ്ട് മീറ്റര്‍ അകലമേയുള്ളൂ. സമീപത്തെ മുന്നൂറോളം വീടുകളിലെ കിണറുകളെല്ലാം മാലിന്യപൂരിതമായിരിക്കുന്നു. വെളുത്ത പാടകെട്ടിയ, കറുകറുത്ത വെള്ളമുള്ള പല കിണറുകളും ഞാന്‍ നേരിട്ട് കണ്ടു. പല കിണറുകളിലും കോളിഫോം ബാക്റ്റീരിയയുടെ അളവ് 1100ല്‍ കൂടുതലാണെന്ന് പരിശോധനാറിപ്പോര്‍ട്ടുകളില്‍ കാണുന്നു.

പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള കാര്യമായ ഒരു ശ്രമവും നാവിക അക്കാദമി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഇണഞഉങ അടക്കമുള്ളവര്‍ മലിനീകരണത്തെക്കുറിച്ച് പഠനം നടത്തിയെങ്കിലും അതൊക്കെ പ്ലാന്റ് മാത്രം പരിശോധിച്ചാണെന്നും തങ്ങളുടെ ഒരു കിണര്‍ പോലും അവര്‍ വന്ന് നോക്കിയിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.
ഇതിനേക്കാള്‍ അത്ഭുതാവഹമാണ് സിപിഎമ്മിന്റെ നേതൃത്ത്വത്തിലുള്ള പഞ്ചായത്ത് അധികാരികളുടേയും സര്‍ക്കാര്‍ സംവിധാനങ്ങളുടേയും മറ്റും സമീപനം. അമ്പത് ദിവസത്തിലേറെയായി ഒരു ജനത മുഴുവന്‍ സമരത്തിലായിട്ടും സ്ഥലം എംഎല്‍എയും പഞ്ചായത്ത് പ്രസിഡണ്ടുമൊക്കെ സമരപ്പന്തല്‍ ഒന്ന് സന്ദര്‍ശിക്കാന്‍ പോലും ഇതുവരെ തയ്യാറായിട്ടില്ലത്രേ! സമരത്തിന്റെ ഭാഗമായി നാട്ടുകാര്‍ വഴിതടഞ്ഞപ്പോള്‍ പിണറായിബെഹ്ര കാലത്തെ സ്ഥിരം രീതിയനുസരിച്ച് തന്നെ അതിനെ അതിക്രൂരമായിട്ടാണ് പോലീസ് നേരിട്ടത്. സ്ത്രീകളെ വലിച്ചിഴച്ച് കൊണ്ടുപോയത് പുരുഷന്മാരായ പോലീസുകാരാണ്. ഇക്കാര്യത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടിട്ടുണ്ട്.
ഇപ്പോള്‍ പഠനത്തിനായി സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന സമിതിയിലും സമരക്കാരുടെ ഒരു പ്രതിനിധിയേപ്പോലും ഉള്‍ക്കൊള്ളിക്കാന്‍ തയ്യാറായിട്ടില്ല. കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് രൂപീകരിച്ച് സമരവുമായി മുന്നോട്ടുപോകുന്ന ജനാരോഗ്യ സംരക്ഷണ സമിതിക്ക് ബദലായി സിപിഎമ്മിന്റെ പഞ്ചായത്ത് തല നേതാക്കളുടെ നേതൃത്ത്വത്തിലുള്ള മറ്റൊരു സമിതിയും ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ അതിന്റെ ഉദ്ദേശ്യശുദ്ധിയില്ലായ്മ തിരിച്ചറിഞ്ഞ മറ്റ് ഏതാണ്ടെല്ലാവരും ഇപ്പോളതില്‍ നിന്ന് പുറത്തുവന്ന് ജനാരോഗ്യ സംരക്ഷണ സമിതിയോട് സഹകരിക്കുകയാണ്.

രാമന്തളി നിവാസികളുടെ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കാര്യമായ ഇടപെടല്‍ ആവശ്യമുണ്ട്. നിലവിലെ പ്ലാന്റ് അടച്ചുപൂട്ടുകയും ലഭ്യമായ മറ്റ് ഏതെങ്കിലും ഉചിതമായ സ്ഥലങ്ങളില്‍ വികേന്ദ്രീകൃതമായ മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങള്‍ ഉണ്ടാക്കുകയുമാണ് ചെയ്യേണ്ടത്. ഇതിന് പണമൊരു തടസ്സമാണെന്ന് കരുതാനാവില്ല. ലക്ഷക്കണക്കിന് കോടി രൂപയുടെ പ്രതിരോധ ബജറ്റുള്ള ഒരു രാജ്യത്തിന് ഇത്തരമൊരു അഭിമാന സ്ഥാപനവുമായി ബന്ധപ്പെട്ട മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ കഴിയേണ്ടത് നിര്‍ബന്ധമാണ്. അതിനായി ഇന്ത്യന്‍ നേവിയേയും പ്രതിരോധ വകുപ്പിനേയും പ്രേരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരും കടന്നുവരേണ്ടതുണ്ട്. സാമൂഹ്യമാധ്യമങ്ങളിലൂടെയും പുറത്തും ഇക്കാര്യത്തില്‍ ശക്തമായ സാമൂഹ്യസമ്മര്‍ദ്ദം ഉയര്‍ത്തിക്കൊണ്ടുവരുന്നതും പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Latest