National
നദികള്‍ വറ്റി; ഉത്തര്‍പ്രദേശിലെ 50 ജില്ലകളില്‍ കൊടുംവരള്‍ച്ച
 
		
      																					
              
              
            ലക്‌നോ: ഉത്തര്‍ പ്രദേശിലെ 50 ജില്ലകളില്‍ കൊടുംവരള്‍ച്ച ബാധിച്ചതായി റിപ്പോര്‍ട്ട്. വെള്ളം കിട്ടാക്കനിയായതിനാല്‍ നിരവധി കൃഷി സ്ഥലങ്ങള്‍ തരിശായി കിടക്കുകയാണ്. ഇത് പ്രാദേശി സമ്പദ്ഘടനയെ കാര്യമായി ബാധിച്ചിട്ടുണ്ട്.
ബുന്ധേല്‍ഖണ്ഡ് മേഖലയിലെ ചിറ്റാര്‍കൂത്, ബാന്ദ, മഹോബ, ഹാമിര്‍പൂര്‍, ലളിത്പൂര്‍, ത്സാന്‍സി, ബാന്ദ എന്നീ ജില്ലകളില്‍ വരള്‍ച്ച അതിരൂക്ഷമായിട്ടുണ്ട്. യമുനയുടെ പ്രമുഖ പോഷക നദിയായ കെന്‍ നദിയുടെ പ്രധാന കൈവഴികള്‍ ഖലയില്‍ നിന്നാണ് ഉത്ഭവിക്കുന്നത്.
നട്ടുച്ചക്കും വെള്ളം ശേഖരിക്കാനായി ആളുകള്‍ ഈ നദിയിലൂടെ നടക്കുകയാണ്. കൈകൊണ്ട് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പമ്പുമായി നടക്കുന്ന ഇവര്‍ക്ക് ഒരു ബക്കറ്റിലധികം വെള്ളം നദിയില്‍ നിന്ന് ലഭിക്കുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ ടാങ്കറുകളില്‍ കുടിവെള്ളം എത്തിക്കുണ്ടെങ്കിലും ഖലാ ഗ്രാമത്തില്‍ ഇതുവരെ അധികൃതര്‍ കുടിവെള്ള വിതരണം നടത്തുന്നില്ല. കെന്‍ നദിയിലൂടെ കിലോമീറ്ററുകളോളം നടന്നാണ് പലരും വെള്ളം ശേഖരിക്കുന്നത്. വെള്ളം ശേഖരിക്കാനുള്ള പമ്പുകള്‍ ഇവര്‍ പരസ്പരം കൈമാറുന്നുണ്ടെങ്കിലും ഇവരുടെ ആവശ്യം നിറവേറ്റുന്നതിനുള്ള വെള്ളം ഇവര്‍ക്ക് ലഭിക്കുന്നില്ല.ബാന്ദ ജില്ലയില്‍ കുടിവെള്ള ക്ഷാമം വളരെ രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് യോഗേഷ് കുമാര്‍ പറഞ്ഞു. അടുത്ത മാസം മഴപെയ്യുമെന്ന് പ്രതീക്ഷയുണ്ടെങ്കിലും കെന്‍ നദി അനുദിനം വരളുകയാണ്. കുടിവെള്ളത്തിന് വേണ്ടി ജനങ്ങള്‍ കലഹിച്ച സംഭവങ്ങള്‍ മേഖലയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തതായും അദ്ദേഹം പറഞ്ഞു. ബുന്ധേല്‍ഖണ്ഡ് മേഖലയില്‍ നൂറുകണക്കിന് കുളങ്ങളും തോടുകളും കനാലുകളും വറ്റിവരണ്ടു. നിരവധി കാലികളാണ് പ്രദേശത്ത് ചത്തൊടുങ്ങിയത്.
നിലവിലെ സ്ഥിതി വളരെ ദയനീയമാണെന്ന് ചിറ്റാര്‍കൂത്ത് ഡിവിഷനല്‍ കമ്മീഷണര്‍ വെങ്കടേശ്വരലു പറഞ്ഞു. കുടിവെള്ള പ്രശ്‌നം പരിഹരിക്കാനായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ബുന്ധേല്‍ഖണ്ഡ് മേഖലയിലേക്ക് 30 കോടി രൂപയാണ് അനുവദിച്ചത്. 3200 ഹാന്‍ഡ് പമ്പുകള്‍ ഏഴ് ജില്ലകളിലായി സ്ഥാപിക്കുകയും ചെയ്തു. 440 ടാങ്കറുകളില്‍ പ്രദേശത്ത്് വെള്ളമെത്തിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

