Connect with us

National

വി കെ സിങ് കരസേനാ മേധാവിയായിരിക്കെ പട്ടാള അട്ടിമറി നീക്കം നടത്തിയെന്ന വാര്‍ത്ത ശരി: മനീഷ് തിവാരി

Published

|

Last Updated

ന്യൂഡല്‍ഹി: സര്‍ക്കാര്‍ അനുമതിയില്ലാതെ സൈന്യം ഡല്‍ഹി ലക്ഷ്യമിട്ട് നീങ്ങിയെന്ന വാര്‍ത്ത ശരിയായിരുന്നെന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. അട്ടിമറി ശ്രമവുമായി സൈന്യം നീങ്ങിയെന്ന വാര്‍ത്ത ദൗര്‍ഭാഗ്യകരമാണെങ്കിലും സത്യമാണെന്നായിരുന്നു അന്നത്തെ വാര്‍ത്താവിതരണ മന്ത്രിയായിരുന്ന മനീഷ് തിവാരി വ്യക്തമാക്കിയത്.

ഒരു പുസ്തക പ്രകാശന ചടങ്ങിലായിരുന്നു തിവാരിയുടെ വെളിപ്പെടുത്തല്‍. 2012 ഏപ്രില്‍ 4നായിരുന്നു ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചത്. 2012 ജനുവരി 16ന് രാത്രി ഹിസാറില്‍ നിന്നും ആഗ്രയില്‍ നിന്നും രണ്ട് സൈനിക യൂണിറ്റുകള്‍ ഡല്‍ഹി ലക്ഷ്യമാക്കി അപ്രതീക്ഷിതമായി നീങ്ങുന്നെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയെന്നായിരുന്നു ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്ത. അന്നത്തെ കരസേനാ മേധാവിയായിരുന്ന ജനറല്‍ വി കെ സിങ് അദ്ദേഹത്തിന്റെ ജനന തീയതിയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സുപ്രീംകോടതിയില്‍ ഹാജരായ ദിവസമായിരുന്നു ഇത്. സര്‍ക്കാര്‍ അറിയാതെയായിരുന്നു ഈ നീക്കം. അന്നത്തെ പ്രതിരോധ സെക്രട്ടറിയായിരുന്ന ശശികാന്ത് ശര്‍മ മലേഷ്യന്‍ സന്ദര്‍ശനം റദ്ദാക്കി ഡല്‍ഹിയിലെത്തി. രാത്രി 11 മണിക്ക് അദ്ദേഹം മിലിട്ടറി ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ എ കെ ചൗധരിയോട് എന്താണ് നടക്കുന്നത് വിശദീകരണം തേടി. സൈനിക നീക്കത്തെക്കുറിച്ച് മുഴുവന്‍ വസ്തുതകളും വിശദീകരിക്കണമെന്ന് നിര്‍ദേശിച്ചു. രണ്ട് യൂണിറ്റ് സൈന്യത്തേയും ഉടന്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. ഉടന്‍തന്നെ സൈന്യത്തെ തിരിച്ചയച്ചെന്നുമായിരുന്നു റിപ്പോര്‍ട്ട്.

വാര്‍ത്ത പ്രസിദ്ധീകരിച്ച ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം

വാര്‍ത്ത പ്രസിദ്ധീകരിച്ച ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം

എന്നാല്‍ ഈ വാര്‍ത്ത അന്നത്തെ യുപിഎ സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. അടിസ്ഥാന രഹിതമായ വാര്‍ത്തയാണിതെന്ന് പ്രതിരോധ മന്ത്രിയായിരുന്ന എ കെ ആന്റണി വ്യക്തമാക്കി. ജനറല്‍ വി കെ സിങും വാര്‍ത്ത നിഷേധിച്ചു. എന്നാല്‍ പിന്നീട് ലഫ്റ്റനന്റ് ജനറല്‍ എ കെ ചൗധരി വാര്‍ത്ത ശരിയായിരുന്നെന്ന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അന്നത്തെ വാര്‍ത്താ വിതരണ മന്ത്രിയും പ്രതിരോധ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലെ അംഗവുമായിരുന്ന മനീഷ് തിവാരി സൈനിക അട്ടിമറി നീക്കം നടന്നെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം മനീഷ് തിവാരിയെ തള്ളി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. വാര്‍ത്ത തെറ്റായിരുന്നെന്ന് കോണ്‍ഗ്രസ് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‌വി പറഞ്ഞു. തിവാരിയുടെ പ്രസ്താവന പൂര്‍ണമായും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. തിവാരിയുടെ വെളിപ്പെടുത്തലിനെതിരെ ബിജെപിയും രംഗത്തെത്തി.

അതേസമയം ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണങ്ങളുടെ ആവശ്യമില്ലെന്നും യാഥാര്‍ത്ഥ്യം എന്താണെന്ന് എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്ത പുറത്തുവിടുമ്പോള്‍ ചീഫ് എഡിറ്ററായിരുന്ന ശേഖര്‍ ഗുപ്ത പ്രതികരിച്ചു. ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ എന്തോ കാര്യം അന്ന് രാത്രി നടന്നിട്ടുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യറും പ്രതികരിച്ചു.

---- facebook comment plugin here -----

Latest