International
ഇറാഖ് അധിനിവേശം: ഒടുവില്‍ ബ്ലെയറിന്റെ കുറ്റസമ്മതം

ലണ്ടന്‍: ഇറാഖ് അധിനിവേശം മഹാപാതകമായിരുന്നുവെന്ന് ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറുടെ കുറ്റസമ്മതം. കൂട്ടനശീകരണ ആയുധങ്ങള്‍ സൂക്ഷിച്ചുവെന്നാരോപിച്ച് 2003ല്‍ അന്നത്തെ സദ്ദാം ഹുസൈന്‍ ഭരണകൂടത്തിനെതിരെ നടന്ന സൈനിക നടപടിയില്‍ അമേരിക്കയുടെ വലംകൈയായി നിന്ന ബ്ലെയര്‍ ഇതാദ്യമാണ് ഇത്തരമൊരു കുറ്റസമ്മതം നടത്തുന്നത്. ഇറാഖ് അധിനിവേശമടക്കമുള്ള ഇടപെടലുകളാണ് ഇസില്‍ സംഘത്തിന്റെ ഉദയത്തിന് കാരണമായതെന്നും ബ്ലെയര്‍ പറഞ്ഞു. സി എന്‍ എന്‍ ചാനലിലെ ഫരീദ് സക്കറിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ബ്ലെയറുടെ കുറ്റസമ്മതവും വെളിപ്പെടുത്തലുകളുമുള്ളത്. ഇറാഖ് അധിനിവേശത്തിന് മുമ്പ് തന്നെ ഇത്തരമൊരു നീക്കമുണ്ടായാല്‍ യു എസുമായി സഹകരിക്കാമെന്ന് ടോണി ബ്ലെയര്‍ ഉറപ്പ് നല്‍കിയിരുന്നതായി ബ്രിട്ടീഷ് പത്രം പുറത്തുവിട്ടതിനു പിന്നാലെയാണ് കുറ്റസമ്മതവുമായി ബ്ലെയറുടെ അഭിമുഖം പുറത്തുവരുന്നത്.
“സദ്ദാം ഹുസൈന്റെ പക്കല്‍ കൂട്ട നശീകരണ ആയുധങ്ങള്‍ ഉണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തെറ്റായിരുന്നു. അത്തരമൊരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആക്രമണത്തിന് പുറപ്പെട്ടത് വലിയ പാതകമായിപ്പോയി. ആക്രമണം ആസൂത്രണം ചെയ്തതിലും വന്‍ പിഴവുകള്‍ സംഭവിച്ചു. എല്ലാത്തിനും ലോകത്തോട് ക്ഷമ ചോദിക്കുകയാണ്”- ബ്ലെയര്‍ പറഞ്ഞു. ഇറാഖില്‍ കൂട്ട നശീകരണ ആയുധങ്ങള്‍ കണ്ടെത്താന്‍ സാധിക്കാതെ പോയതില്‍ ദുഃഖമുണ്ടോയെന്നായിരുന്നു ഫരീദ് സക്കറിയയുടെ ചോദ്യം. ചൊവ്വാഴ്ച സംപ്രേഷണം ചെയ്യാനിരിക്കുന്ന മുഴുനീള ഡോക്യുമെന്ററിയായ “ലോംഗ് റോഡ് ടു ഹെല്‍- അമേരിക്ക ഇന്‍ ഇറാഖി” ന്റെ ഒരു ഭാഗമായിരുന്നു ഫരീദിന്റെ ബ്ലെയര്‍ ഇന്റര്‍വ്യൂ.
നിലവിലുള്ള ഒരു ഭരണകൂടത്തെ മാറ്റുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് മനസ്സിലാക്കാന്‍ കഴിയാതെ പോയതിനും താന്‍ മാപ്പ് ചോദിക്കുന്നു. പക്ഷേ, സദ്ദാമിനെ നീക്കിയതില്‍ മാപ്പ് ചോദിക്കാന്‍ മനസ്സനുവദിക്കുന്നില്ലെന്ന് ബ്ലെയര്‍ പറയുന്നു. ഇറാഖ് അധിനിവേശം ഇസില്‍ സംഘത്തിന്റെ ഉദയത്തിന് കാരണമായെന്ന് ജനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അതില്‍ സത്യത്തിന്റെ അംശമുണ്ടെന്നാണ് താന്‍ കരുതുന്നത് എന്നായിരുന്നു ബ്ലെയറുടെ മറുപടി.
2003ല്‍ സദ്ദാമിനെ പുറത്താക്കിയവര്‍ക്ക് 2015ല്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളില്‍ ഉത്തരവാദിത്വമില്ല എന്ന് പറയാനാകില്ലെന്നും ടോണി ബ്ലെയര്‍ കൂട്ടിച്ചേര്‍ത്തു. ഈ കുറ്റസമ്മതങ്ങള്‍ തന്റെ പ്രതിച്ഛായയില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ ഭയക്കുന്നില്ലെന്നും ചോദ്യത്തിന് മറുപടിയായി ബ്ലെയര്‍ പറയുന്നു.
ഈ കുമ്പസാരങ്ങള്‍ എന്തുകൊണ്ട് ബ്രിട്ടീഷ് മാധ്യമത്തില്‍ നടത്താതെ അമേരിക്കന്‍ മാധ്യമ ശൃംഖല തന്നെ തിരഞ്ഞെടുത്തുവെന്ന ചോദ്യമുയരുന്നുണ്ട്. മാത്രമല്ല, അഭിമുഖത്തിന്റെ സമയവും പ്രധാനമാണ്. ഇറാഖ് അധിനിവേശം സംബന്ധിച്ച അന്വേഷണ കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട് അടുത്ത ആഴ്ച വരാനിരിക്കുകയാണ്. സ്വന്തം പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടിയിലും പുറത്തും ഇറാഖ് അധിനിവേശത്തിന്റെ പേരില്‍ ബ്ലെയര്‍ രൂക്ഷ വിമര്‍ശത്തിന് വിധേയനായിരുന്നു.
2003ലെ ആക്രമണ പരമ്പരയെ തുടര്‍ന്ന് ഇറാഖ് അക്ഷരാര്‍ഥത്തില്‍ തകര്‍ന്നടിഞ്ഞു. സദ്ദാം ഹുസൈന്‍ തൂക്കിലേറ്റപ്പെടുകയും ചെയ്തു. 2007ല്‍ പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞപ്പോഴും ഇറാഖ് അധിനിവേശത്തെ ന്യായീകരിച്ചയാളാണ് ബ്ലെയര്‍. അത് ദൈവത്താല്‍ നിയുക്തമായ ദൗത്യമായിരുന്നുവെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. ഇറാഖ് യുദ്ധത്തിനുശേഷം ബ്രിട്ടനില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബ്ലെയര്‍ വീണ്ടും അധികാരത്തിലെത്തിയിരുന്നു.
ഇറാഖ് അധിനിവേശം ഒറ്റനോട്ടത്തില്‍
* 2003 മാര്‍ച്ച്- സദ്ദാം ഹുസൈന്‍ സര്‍ക്കാറിനെ പുറത്താക്കി യു എസ് സഖ്യസേന ഇറാഖില്‍ അധിനിവേശം തുടങ്ങി
* 2003 ഡിസംബര്‍ 14- തിക്‌രീത്തില്‍ വെച്ച് സദ്ദാം ഹുസൈനെ യു എസ് സേന പിടികൂടി
* 2004 ജൂണ്‍- പ്രധാനമന്ത്രി ഇയ്യാദ് അല്ലാവിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാറിന് യു എസ് അധികാരം കൈമാറി
* 2006 ഡിസംബര്‍ 30- സദ്ദാം ഹുസൈനെ വധശിക്ഷക്ക്
വിധേയനാക്കി
* ഇറാഖ് അധിനിവേശവും അതിനെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളിലുമായി അഞ്ച് ലക്ഷത്തോളം ഇറാഖികള്‍ കൊല്ലപ്പെട്ടതായാണ് 2011ല്‍ പുറത്തിറങ്ങിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.