Kerala
മൂന്നാറില്‍ സമരം പടര്‍ത്താന്‍ ബാലസിങ്കം

കൊച്ചി: ഇടുക്കിയിലെ തമിഴര്‍ക്കിടയില്‍ പ്രവര്‍ത്തനം ശക്തമാക്കാനും അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിലും വേണ്ടിവന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കാനും ബാലസിങ്കം ഒരുങ്ങുന്നു. ഇടുക്കിയെ തമിഴ്‌നാട് സര്‍ക്കാറിനും അവകാശമുള്ള സ്വതന്ത്ര ഭരണമുള്ള ജില്ലയാക്കി മാറ്റണമെന്നും ഈ ആവശ്യം നടക്കും വരെ സമരങ്ങള്‍ തുടരുമെന്നും ബാലസിങ്കം ഒരു ടെലിഫോണ്‍ അഭിമുഖത്തില്‍ പറഞ്ഞു.
ഇടുക്കിയില്‍ ഇനി പ്രത്യക്ഷ സമരത്തിന്റെ നാളുകളാണെന്നും തമിഴ് ജനതയുടെ മോചനം കാണാതെ പിന്‍മാറില്ലെന്നും ബാലസിങ്കം വ്യക്തമാക്കി. അഞ്ച് ലക്ഷത്തോളം വരുന്ന തമിഴ് തൊഴിലാളികളെ കഴിഞ്ഞ 60 വര്‍ഷമായി ഇടുക്കി ജില്ലയില്‍ അടിമകളാക്കിവെച്ചിരിക്കുകയാണ്. റേഷന്‍ കാര്‍ഡോ, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡോ നല്‍കാന്‍ പോലും കേരള സര്‍ക്കാര്‍ കൂട്ടാക്കുന്നില്ല. ഇ എം എസും ഇ കെ നായനാരും അച്യുതാനന്ദനും ഭരിച്ചിട്ടും തോട്ടം മേഖലയില്‍ മാത്രം ഒരു മാറ്റവും വന്നിട്ടില്ല- ബാലസിങ്കം കുറ്റപ്പെടുത്തി.
തമിഴ് ദേശീയത ആളിക്കത്തിച്ച് ശ്രദ്ധ നേടിയ എം ഡി എം കെ നേതാവ് വൈക്കോയുടെ പിന്തുണയോടെയാണ് ബാലസിങ്കം ഇടുക്കിയില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ഒരുങ്ങുന്നത്. ഇടുക്കിയോട് ചേര്‍ന്ന തമിഴ്‌നാട്ടിലെ കമ്പം, തേനി ജില്ലകളില്‍ സജീവമായ പാര്‍ട്ടിക്ക് ഇടുക്കിയിലെ തമിഴര്‍ക്കിടയില്‍ സ്വാധീനമുണ്ട്. പീരുമേട്ടിലോ ദേവികുളത്തോ ജനവിധി തേടാനാണ് ബാലസിങ്കത്തിന്റെ തീരുമാനം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ബാലസിങ്കത്തിന്റെ പരീക്ഷണ വേദിയാകും.
തോട്ടം മേഖലയില്‍ ഉടലെടുത്തിരിക്കുന്ന സാമുദായിക വികാരവും അവകാശ പോരാട്ടവും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന കണക്കുകൂട്ടലിലാണ് കേരളാ തമിഴര്‍ ഫെഡറേഷന്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സാന്നിധ്യം അറിയിക്കാന്‍ കഴിഞ്ഞാല്‍ നിയമസഭയിലേക്കും മത്സരിക്കാനാണ് നീക്കം.
അതിനിടെ, തേയിലത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പത്തിന നിര്‍ദേശങ്ങള്‍ ബാലസിങ്കം ഇന്ന് മുന്നോട്ടുവെക്കും. ഇതിനായി കമ്പത്ത് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. കുമളിയില്‍ വാര്‍ത്താസമ്മേളനം നടത്താന്‍ നീക്കം നടത്തിയെങ്കിലും പിന്നീട് പ്രതിഷേധം കണക്കിലെടുത്ത് കമ്പത്തേക്ക് മാറ്റുകയായിരുന്നു. തമിഴ്‌നാട് പോലീസും ബാലസിങ്കത്തിന്റെ നീക്കങ്ങള്‍ ആശങ്കയോടെയാണ് കാണുന്നത്. തീവ്രവാദ നിലപാടുകള്‍ സ്വീകരിക്കുന്ന ബാലസിങ്കത്തിന്റെ മൂന്നാര്‍ ഇടപെടലുകള്‍ കേരള- തമിഴ്‌നാട് ബന്ധം വഷളാക്കുമെന്നാണ് തമിഴ്‌നാട് സര്‍ക്കാറിന്റെ ആശങ്ക. മൂന്നാര്‍ തേയില വിപ്ലവത്തിലൂടെ ശക്തമായ തമിഴ് സാമുദായിക വികാരം കെട്ടടങ്ങാതിരിക്കാനുള്ള ശ്രമത്തിലാണ് ബാലസിങ്കം. പത്തിന ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ വീണ്ടും ശക്തമായ സമരത്തിലേക്ക് തൊഴിലാളികളെ തള്ളിവിടാനാണ് ബാലസിങ്കത്തിന്റെ നീക്കം. മൂന്നാറിലെ മറ്റ് തേയിലത്തോട്ടങ്ങളിലേക്കും സമരം വ്യാപിപ്പിക്കാനും നീക്കമുണ്ട്. ഇളൈന്ത നിലം എന്ന ഡോക്യുമെന്ററിയിലൂടെ തേയിലത്തോട്ടം തൊഴിലാളികളുടെ ദയനീയാവസ്ഥ വരച്ചുകാട്ടിയ ബാലസിങ്കം തന്റെ അടുത്ത ഡോക്യുമെന്ററി അടുത്ത ദിവസം കേരളത്തില്‍ പുറത്തിറക്കും. കോഴിക്കോട്ട് ചടങ്ങ് സംഘടിപ്പിക്കാനാണ് തീരുമാനം.