Connect with us

International

കാണാതായ മലേഷ്യന്‍ വിമാനം അപകടത്തില്‍പ്പെട്ടതായി സ്ഥിരീകരിച്ചു

Published

|

Last Updated

കോലാലംപൂര്‍: കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലേഷന്‍ എയര്‍ലൈന്‍സിന്റെ എം എച്ച് 370 വിമാനം അപകടത്തില്‍പ്പെട്ടതായി മലേഷ്യന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത സന്ദേശത്തില്‍ മലേഷ്യന്‍ സിവില്‍ ഏവിയേഷന്‍ മേധാവി അസ്ഹറുദ്ദീന്‍ അബ്ദുല്‍ റഹ്മാന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം അപകടത്തില്‍പ്പെട്ടതായി അങ്ങേയറ്റം സങ്കടത്തോടെ ഔദ്യോഗികമായി അറിയിക്കുന്നു എന്നാണ് സന്ദേശത്തിലുള്ളത്. വിമാനത്തിലുണ്ടായിരുന്ന 239 പേരും മരിച്ചതായും മലേഷ്യ സ്ഥിരീകരിച്ചു. ഒരു വര്‍ഷത്തോളം നീണ്ട തിരച്ചിലിന് ഒടുവിലും വിമാനത്തെക്കുറിച്ച് ഒരു തുമ്പും കിട്ടാത്ത സാഹചര്യത്തിലാണ് മലേഷ്യ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അതേസമയം വിമാനത്തിന് വേണ്ടിയുള്ള തിരച്ചില്‍ പൂര്‍ണമായും അവസാനിപ്പിച്ചിട്ടില്ല. തിരച്ചില്‍ സംബന്ധിച്ച് ഇടക്കാല റിപ്പോര്‍ട്ട് ഉടന്‍ പുറത്തിറക്കുമെന്നും വ്യോമ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

2014 മാര്‍ച്ച് എട്ടിനാണ് ക്വലാലംപൂരില്‍ നിന്ന് ബീജിംഗിലേക്ക് പുറപ്പെട്ട മലേഷ്യന്‍ വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളില്‍ വെച്ച് അപ്രത്യക്ഷമായത്. അഞ്ച് ഇന്ത്യക്കാരും വിമാനത്തിലുണ്ടായിരുന്നു. വിമാനം അപടത്തില്‍ പെട്ടതായി മലേഷ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ അപടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കുള്ള തടസ്സം നീങ്ങിയിരിക്കുകയാണ്.

---- facebook comment plugin here -----

Latest