Connect with us

Gulf

47 ലക്ഷത്തിന്റെ വ്യാജ ഇന്ത്യന്‍ രൂപ പിടികൂടി

Published

|

Last Updated

ദുബൈ: 47 ലക്ഷത്തിന്റെ വ്യാജ ഇന്ത്യന്‍ രൂപ പിടികൂടി. ദുബൈയിലെ ബിസിനസുകാരന് കൈമാറാന്‍ ശ്രമിക്കവേയായിരുന്നു മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പിടികൂടിയതെന്ന് ദുബൈ പോലീസിന്റെ കുറ്റാന്വേഷണ വിഭാഗം ഉപമേധാവി മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹീം അല്‍ മന്‍സൂരി വെളിപ്പെടുത്തി.
സാധാരണക്കാര്‍ക്കൊപ്പം ബേങ്കിനെ പോലും കബളിപ്പിക്കാന്‍ സാധിക്കുന്ന രീതിയിലുള്ളവയായിരുന്നു ഇന്ത്യന്‍ രൂപയുടെ നിര്‍മിതി. സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ പിടികൂടാന്‍ സാധിക്കുന്നത് വലിയ കാര്യമാണ്. സംഭവവുമായി ബന്ധപ്പെട്ട് നാലു ഏഷ്യക്കാരെ അറസ്റ്റ് ചെയ്തതിട്ടുണ്ട്. 30നും 40തിനും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായ പ്രതികള്‍. ഇവര്‍ വ്യാജ നോട്ടുമായി ബിസിനസ്‌കാരനെ സമീപിക്കുകയും 1.4 ലക്ഷം ദിര്‍ഹത്തിന് ഇവ നല്‍കാന്‍ കരാര്‍ ഉറപ്പിക്കുകയായിരുന്നു. യഥാര്‍ഥ നോട്ടിന് ഇന്നലത്തെ വിനിമയ നിരക്ക് അനുസരിച്ച് 2.85 ലക്ഷം ദിര്‍ഹം വിലയുള്ളപ്പോഴായിരുന്നു പാതി തുകക്ക് ഇവ നല്‍കാന്‍ കരാറുണ്ടാക്കിയത്. ബിസിനസുകാരന്റെ വിശ്വാസം ആര്‍ജിക്കാന്‍ ഏതാനും ആയിരം രൂപ നോട്ടുകള്‍ നല്‍കിയിരുന്നു. ബിസിനസുകാരന്‍ ഇവ യഥാര്‍ഥ നോട്ടാണോയെന്ന് ഉറപ്പാക്കാന്‍ പോലീസിനെ സമീപിച്ചതോടെയാണ് പ്രതികളെ കുരുക്കാന്‍ പോലിസ് വല ഒരുക്കിയത്. ഒറിജിനലിനെ വെല്ലുന്ന വ്യാജ നോട്ടുകള്‍ ഉദ്യോഗസ്ഥര്‍ക്ക് പോലും വിസ്മയമായി. പ്രതികള്‍ക്ക് നല്‍കാനുള്ള തുകയായ 1.4 ലക്ഷം ദിര്‍ഹം പോലീസായിരുന്നു നല്‍കിയത്. വ്യാജ രൂപ കൈമാറവേ നാലു പേരെയും നായിഫ് മേഖലയില്‍ നിന്നു കൈയോടെ പിടികൂടുകയുമായിരുന്നുവെന്നും അല്‍ മന്‍സൂരി പറഞ്ഞു.