Connect with us

Business

രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു

Published

|

Last Updated

ദുബൈ: രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞ് അഞ്ച് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. വ്യാഴാഴ്ച രാവില 11.35ന് ഒരു യു എ ഇ ദിര്‍ഹത്തിന് രൂപയുടെ മൂല്യം 16.76 ആയിരുന്നു. ബുധനാഴ്ചയുമായി താരതമ്യപ്പെടുത്തിയാല്‍ വ്യാഴാഴ്ച തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ കറന്‍സികളെല്ലാം വീണ്ടും മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കയാണ്. ഒരു ശതമാനത്തിലധികം ഇടിവാണ് ഒരൊറ്റ ദിവസം സംഭവിച്ചത്. ആറ് മാസത്തിനിടയില്‍ ആദ്യമായാണ് മൂല്യം ഒരു ശതമാനത്തിലധികം ഒറ്റയടിക്ക് ഇടിയുന്നത്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ സംഭവിച്ച ഉണര്‍വിനെ തുടര്‍ന്ന് ഡോളറിന് ലഭിച്ച കരുത്താണ് തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ കറന്‍സികള്‍ക്ക് വിനയായത്. ഇറ്റലി സാമ്പത്തിക മാന്ദ്യവും രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണമായിട്ടുണ്ട്. ഒരു ഡോളറിന് 61.55 എന്നതായിരുന്നു ഇന്നലത്തെ വിനിമയ നിരക്ക്. ബുധനാഴ്ച ഇത് 61.28 ആയിരുന്നു. മൂല്യത്തില്‍ ഇടിവ് സംഭവിച്ചതോടെ വന്‍ തിരക്കാണ് രാജ്യത്തെ മണി എക്‌സ്‌ചേഞ്ചുകളില്‍ അനുഭവപ്പെടുന്നത്. മാസത്തിന്റെ തുടക്കമായതിനാല്‍ മിക്കവര്‍ക്കും ശമ്പളം ലഭിക്കുമെന്നതും തിരക്കിന് ആക്കം കൂട്ടിയിട്ടുണ്ട്.
ബുധനാഴ്ച 65 പൈസയുടെ ഇടിവാണ് ദിര്‍ഹവുമായി രൂപക്കുണ്ടായത്. അതായത് 1.07 ശതമാനം. യു എസ് ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ 73 പൈസയുടെ ഇടിവാണ് രൂപ രേഖപ്പെടുത്തിയത്. 2014 ജനുവരി 24ന് ശേഷം ഒരൊറ്റ ദിവസത്തില്‍ ഡോളറിനെതിരെ രൂപ ഇടിയുന്നത് ആദ്യമാണ്. ഇന്ത്യയിലെ ഓഹരി വിപണിയിലും ഇടിവ് പ്രകടമായെങ്കിലും ഇപ്പോഴും മിക്ക മുന്‍നിര ഓഹരികളും അവയുടെ ഏറ്റവും ഉയര്‍ന്ന നിലയില്‍ തന്നെയാണ് നിലകൊള്ളുന്നത്. ബുധനാഴ്ചയുടെ തുടര്‍ച്ചയായാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നലെയും ഇടിവ് തുടര്‍ന്നത്. വിദേശ നിക്ഷേപകര്‍ വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റഴിച്ച് യു എസ് കമ്പോളത്തിലേക്കു പിന്മാറുന്നതാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ കണ്ടത്. ഇതും രൂപക്ക് ഇടിവുണ്ടാവാന്‍ ഇടയാക്കിയ ഘടകമാണ്.
സമീപകാലത്ത് രൂപ ദിര്‍ഹത്തിനെതിരെ കാഴ്ചവെച്ച കഴിഞ്ഞ 11 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മൂല്യം 15.87 ആയിരുന്നു. ഇതില്‍ നിന്നും ഇന്നലത്തെ തകര്‍ച്ചയോടെ മൊത്തത്തില്‍ 5.5 ശതമാനത്തിന്റെ മൂല്യത്തകര്‍ച്ചയാണ് രൂപ നേരിട്ടത്. ഡോളറിന് എതിരില്‍ രൂപക്ക് ലഭിച്ച മികച്ച മൂല്യം 58.2 ആയിരുന്നു. 2014 മെയി 22ന് ആയിരുന്നു അത്. ഉക്രൈയിന്‍, മധ്യപൗരസ്ത്യ ദേശം എന്നിവിടങ്ങളിലെ രാഷ്ട്രീയ അസ്ഥിരതകള്‍ തുടങ്ങിയവയും രൂപക്ക് തിരിച്ചടിയായ ഘടകങ്ങളാണ്.
ഉക്രൈയിനിന് എതിരായി റഷ്യ നടത്തുന്ന യുദ്ധ സന്നാഹങ്ങളും രൂപയുടെ ഭാവിക്ക് ദോഷകരമായി മാറിയേക്കും. റിസര്‍വ് ബേങ്ക് വായ്പാ നയം മാറ്റം വരുത്താതെ പിന്തുടരാന്‍ തീരുമാനിച്ചതും രൂപക്ക് ശുഭ വാര്‍ത്തയല്ല. ഇത് രാജ്യത്ത് പണപ്പെരുപ്പം വര്‍ധിപ്പിച്ചേക്കും. അടുത്ത രണ്ടു മാസത്തിനിടയില്‍ രൂപയുടെ മൂല്യം ദിര്‍ഹവുമായി 17.15ഉം ഡോളറുമായി 63മായി മാറുമെന്ന് എച്ച് ഡി എഫ് സി സെക്യൂരിറ്റീസ് പ്രവചിക്കുന്നു. ഈ പ്രവചനം ശരിയായാല്‍ ഇന്ത്യ അഭിമുഖീകരിക്കുക കനത്ത വിലക്കയറ്റത്തെയാവും.

---- facebook comment plugin here -----

Latest