Articles
ജനങ്ങളും ജനപ്രതിനിധികളും

സ്ഥാനാര്‍ഥി നിര്‍ണയം ഏറെക്കുറെ കഴിഞ്ഞു. സമ്മര്‍ദ തന്ത്രങ്ങളും ഭീഷണികളും പാരവെപ്പും കുതികാല്‍ വെട്ടുമൊക്കെയായി നല്ലൊരു യുദ്ധം പ്രതീക്ഷിക്കാവുന്ന നാളുകളാണ് വന്നെത്തിയിരിക്കുന്നത്. മുന്നണിയും ഘടകകക്ഷികളും തമ്മിലുള്ള വടംവലികള്‍ക്കും അസ്വാരസ്യങ്ങള്‍ക്കുമൊടുവിലാണ് സ്ഥാനാര്‍ഥികളെ കണ്ടെത്തിയിരിക്കുന്നത്. മുന്നണി, പാര്‍ട്ടികള്‍ക്കുള്ളിലെ വലിയൊരാഭ്യന്തര യുദ്ധത്തിനൊടുവിലാണ് അവര്‍ ജനങ്ങളെ അഭിമുഖീകരിക്കുന്നത്. പാര്‍ട്ടിയുടെയും മുന്നണിയുടെയും ഔദാര്യം കൊണ്ടും പണാധിപത്യം കൊണ്ടും സീറ്റ് തരപ്പെടുത്തിയ പലര്‍ക്കും ജനങ്ങളുടെ താത്പര്യങ്ങളെക്കാള്‍ തങ്ങള്‍ക്ക് സീറ്റ് തരപ്പെടുത്തിയ ഘടകത്തോടായിരിക്കും ആഭിമുഖ്യം. തന്നെ തിരഞ്ഞെടുത്ത നാട്ടുകാരുടെ സേവനത്തിലേര്‍പ്പെടുന്നതിന് പകരം, പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാകാതിരിക്കാനായിരിക്കും അവരുടെ ശ്രമം. അതുകൊണ്ട് തന്നെ ഫലത്തില്‍ ഓരോ തിരഞ്ഞെടുപ്പും ജയിക്കുന്നത് ജനങ്ങളല്ല, പാര്‍ട്ടികളാണ്.
ജനാധിപത്യ വ്യവസ്ഥിതിയില്‍ “രാജാവ്” ജനങ്ങളാണ് എന്നാണ് വെപ്പ്. കാരണം അവരാണ് തങ്ങളെ ഭരിക്കേണ്ടവരാരെന്ന് തിരഞ്ഞെടുക്കുന്നത്. പക്ഷേ, ഇന്ന് സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതും വിജയിപ്പിക്കുന്നതുമെല്ലാം പാര്‍ട്ടിയാണ്. അല്ലെങ്കില്‍ പാര്‍ട്ടി താത്പര്യമനുസരിച്ചാണ്. അപ്പോള്‍ ജനാധിപത്യമല്ല, പാര്‍ട്ടി ആധിപത്യമാണ് മുഴച്ചുനില്‍ക്കുന്നത്.
ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഭരണമാണ് ജനാധിപത്യം. സത്യത്തില്‍ ജനങ്ങള്‍ക്ക് വേണ്ടിയാണോ ഇന്ന് സര്‍ക്കാറുകളും ഭരണകൂടങ്ങളും നിലകൊള്ളുന്നത്? ജനകീയ താത്പര്യങ്ങളും ആവശ്യങ്ങളും എത്രത്തോളം സഫലമാകുന്നുണ്ടെന്ന് പരിശോധിച്ചാലറിയാം ജനപ്രതിനിധികള്‍ക്ക് താത്പര്യം ജനങ്ങളോടോ അതല്ല, പാര്‍ട്ടിയോടോ എന്ന്.
ജനാധിപത്യ പ്രക്രിയയില്‍ പരമപ്രധാനമായ ഒരു സ്ഥാനം സമ്മതിദാനാവകാശത്തിനും അതിന്റെ ഫലപ്രദമായ വിനിയോഗത്തിനുമുണ്ട്. അതുകൊണ്ട് തന്നെ ഓരോ വോട്ടും വിലപ്പെട്ടതാണ്. വോട്ട് രേഖപ്പെടുത്താതെ മാറി നില്‍ക്കുന്നവര്‍ രാഷ്ട്ര നിര്‍മാണത്തില്‍ തങ്ങളുടെ പങ്ക് ബോധപൂര്‍വം അവഗണിക്കുന്നവരാണ്. നമ്മുടെ കാരണം കൊണ്ട് അര്‍ഹനായ ഒരാള്‍ തഴയപ്പെടുകയോ അനര്‍ഹനായ ഒരാള്‍ കയറിപ്പറ്റുകയോ ചെയ്യരുതെന്ന് ഓരോ പൗരനും ചിന്തിക്കണം. ഭരണഘടനാപരമായ ഈ മൗലികാവകാശം ഫലപ്രദമായി വിനിയോഗിക്കുന്നിടത്താണ് ജനാധിപത്യം വിജയിക്കുന്നത്.
ഒരു നിലക്ക് നോക്കുമ്പോള്‍ തമിഴരെ കണ്ട് പഠിക്കണം. തങ്ങള്‍ക്ക് ഉപകാരം ചെയ്യുന്നവരെ നോക്കി വോട്ട് രേഖപ്പെടുത്താന്‍ മുമ്പേ ശീലിച്ചവരാണ് അവര്‍. ആനുകൂല്യങ്ങളും അവകാശങ്ങളും നേടിയെടുക്കാന്‍ അത്തരം സമീപനങ്ങളിലൂടെ തമിഴ് ജനതക്ക് സാധിച്ചു. തമിഴ്‌നാട്ടില്‍ രണ്ട് രൂപ അരിയൊക്കെ തുടങ്ങിയിട്ട് കാലം കുറേയായി. രണ്ട് രൂപ അരി ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു അവിടെ. വോട്ട് വില തമിഴര്‍ മനസ്സിലാക്കിയതോടെ ടെലിവിഷനും സൈക്കിളും ഗ്രൈന്ററുമൊക്കെയായി ഇപ്പോഴും ജനങ്ങളിലേക്ക് ഇറങ്ങുന്നു തമിഴ് രാഷ്ട്രീയ നേതാക്കള്‍. നാട്ടുകാരാകട്ടെ, തങ്ങള്‍ക്ക് ഏറ്റവും ഉപകാരം ചെയ്യുന്നവരെ ജയിപ്പിക്കാനും ശ്രമിക്കുന്നു.
തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കുന്ന പാര്‍ട്ടി ഭരിക്കുക, ആ പാര്‍ട്ടിയ ജനങ്ങള്‍ അംഗീകരിക്കുന്നതായി വിലയിരുത്തുക എന്നീ കാര്യങ്ങള്‍ ഒരുവേള ചിന്തിക്കപ്പെടേണ്ടതാണ്. തിരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം എത്ര ഉയരുന്നു എന്ന് ആലോചിക്കണം. ഈ രേഖപ്പെടുത്തിയ വോട്ടുകള്‍ തന്നെ പല പാര്‍ട്ടികളിലായി വിഭജിക്കപ്പെടുന്നു. ഇവരില്‍ കൂടുതല്‍ ലഭിക്കുന്നതാര്‍ക്കോ അവരാണ് ആ നാടിന്റെ ജനപ്രതിനിധിയായി വാഴുക. യഥാര്‍ഥത്തില്‍ നാട്ടിലെ ജനങ്ങളുടെ വളരെ ചുരുങ്ങിയ ശതമാനം വോട്ട് മാത്രമായിരിക്കും അവര്‍ക്ക് ലഭിച്ചിട്ടുണ്ടാകുക. അതേസമയം, മുഴുവന്‍ ജനങ്ങളുടെയും പ്രതിനിധി അയാളാണു താനും.
ഇനി വോട്ട് കൂടുതല്‍ ലഭിച്ച സ്ഥാനാര്‍ഥി തന്നെ വിജയിക്കുന്നത് പലപ്പോഴും ആ സ്ഥാനാര്‍ഥിയുടെ ഗുണം കൊണ്ടല്ല, മറിച്ച് എതിര്‍ സ്ഥാനാര്‍ഥിയുടെ “പോരായ്മ” കൊണ്ടാണ്. ഒരു സ്ഥാനാര്‍ഥിക്ക് ലഭിക്കുന്ന വോട്ടുകള്‍ അയാള്‍ക്ക് ലഭിക്കുന്ന അംഗീകാരത്തിന്റെ തെളിവ് എന്നതിലുപരി എതിര്‍സ്ഥാനാര്‍ഥിയോടുള്ള ജനങ്ങളുടെ അനിഷ്ടത്തിന്റെയും അമര്‍ഷത്തിന്റെയും അളവുകോലാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നുവെച്ചാല്‍ പല സ്ഥാനാര്‍ഥികളും ജയിക്കുന്നത് നിഷേധ വോട്ട് കൊണ്ടാണ്. നിഷേധ വോട്ടുകള്‍ പ്രത്യേകം രേഖപ്പെടുത്താനുള്ള സംവിധാനം ഒരുക്കിയത് ഇതിനൊരു പരിഹാരമായി ഒരു പരിധി വരെയെങ്കിലും മാറുമായിരിക്കാം. തങ്ങളുടെ സ്ഥാനാര്‍ഥിയുടെ മെച്ചം എന്നതിനെക്കാള്‍ എതിര്‍ സ്ഥാനാര്‍ഥിയുടെ പോരായ്മകള്‍ പ്രചരിപ്പിക്കാനും അയാളെ പരിഹാസപാത്രമാക്കാനും ശ്രമിക്കുന്നതിന്റെ മനഃശാസ്ത്രവും മറ്റൊന്നല്ല.
തിരഞ്ഞെടുപ്പില്‍ ജയിച്ചുകയറിയാല്‍ പിന്നെ സ്ഥാനാര്‍ഥിയുടെയും പാര്‍ട്ടിയുടെയും സ്വഭാവത്തിന് വ്യക്തമായ മാറ്റം കണ്ടുതുടങ്ങും. പിന്നെ അവരില്‍ പലരെയും ഒന്നുകണ്ടുകിട്ടാന്‍ ജയിപ്പിച്ച ജനങ്ങള്‍ക്ക് ഏറെ പണിപ്പെടേണ്ടിവരുന്നു. ജനാധിപത്യ സമ്പ്രദായത്തില്‍ “രാജാവി”ന്റെ നിലയുള്ള പൗരന്‍ മന്ത്രിമാരുടെയും എം എല്‍ എമാരുടെയും പിറകെ നടക്കേണ്ടിവരുന്നത് ജനാധിപത്യത്തിലെ ഒരു തമാശയാണ്. മന്ത്രിയെ തൊഴുതുനില്‍ക്കുന്ന രാജാവിനെയാണ് നാമിവിടെ കാണുന്നത്.
ജനങ്ങള്‍ തിരഞ്ഞെടുത്ത എം എല്‍ എമാരും മന്ത്രിമാരും എവിടെ പോകണമെന്നും എവിടെ പോകരുതെന്നും തീരുമാനിക്കുന്നത് ജനങ്ങളല്ല, പാര്‍ട്ടിയാണ്. പല സാമാജികരുടെയും നിയമനിര്‍മാണസഭകളിലെ പ്രസംഗം കേട്ടാല്‍ തോന്നുക ജനങ്ങളെ പ്രതിനിധീകരിക്കുന്നതിനു പകരം, പാര്‍ട്ടിയെയാണ് പ്രതിനിധീകരിക്കുന്നത് എന്നാണ്. ജനങ്ങള്‍ക്ക് ക്ഷീണമുണ്ടായാലും പാര്‍ട്ടിക്ക് ക്ഷീണമുണ്ടാകരുത്.
ജനങ്ങള്‍ ഇക്കാര്യങ്ങളെല്ലാം മനസ്സിലാക്കിയതിന്റെ തെളിവായി വേണം ഈയടുത്ത് രൂപം കൊണ്ട ആം ആദ്മിയുടെ പിറവിയെയും വിജയത്തെയും കാണാന്‍. കുത്തക രാഷ്ട്രീയക്കാര്‍ക്കെതിരെ ജനങ്ങള്‍ വിചാരിച്ചാല്‍ എന്തെല്ലാമോ ചെയ്യാനാകുമെന്നതിന്റെ സൂചന കൂടി നല്‍കുന്നു, ദിവസങ്ങള്‍ മാത്രം നീണ്ടുനിന്നതാണെങ്കിലും ആം ആദ്മിയുടെ അധികാരാരോഹണം.
തങ്ങളെ അധികാരത്തിലേറ്റിയ ജനങ്ങളെ ജനപ്രതിനിധികള്‍ ഭയപ്പെടുന്നു എന്നതാണ് രസകരമായ മറ്റൊരു കാര്യം. അതുകൊണ്ടാണല്ലോ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുമ്പോള്‍ അവര്‍ക്ക് കനത്ത കാവല്‍ ഏര്‍പ്പെടുത്തേണ്ടിവരുന്നത്. ജനങ്ങളെ പേടിയോടെ കാണുന്നവര്‍ക്കെങ്ങനെ ജനപ്രതിനിധിയായി പ്രവര്‍ത്തിക്കാനാകും? ജനങ്ങള്‍ക്ക് അവരിലും അവര്‍ക്ക് ജനങ്ങളിലും വിശ്വാസമില്ലെന്നതിന്റെ തെളിവ് കൂടിയാണിത്. ഇവിടെ ജനപ്രതിനിധികള്‍ ഓര്‍ത്തിരിക്കേണ്ട ഒരു ഭരണാധികാരിയുടെ ചരിത്രമുണ്ട്. ഖലീഫ ഉമര്‍. വിസ്തൃതമായ അറബ് സാമ്രാജ്യത്വത്തിന്റെ കരുത്തനായ ഖലീഫയെ തേടി ഒരു അന്യനാട്ടുകാരന്‍ മദീനയിലെത്തി. മദീനാ നിവാസികളോട് അദ്ദേഹം രാജാവിനെക്കുറിച്ചും രാജകൊട്ടാരത്തെക്കുറിച്ചും അന്വേഷിച്ചു. അപ്പോള്‍ നാട്ടുകാര്‍ പറഞ്ഞു: “ഞങ്ങള്‍ക്ക് രാജാവില്ല. അമീര്‍ മാത്രം. അദ്ദേഹത്തിന് കൊട്ടാരമൊന്നുമില്ല. ആടുകളെയും കൊണ്ട് മലഞ്ചരുവില്‍ പോയിട്ടുണ്ട്.” ആഗതന്‍ അതുവഴി പോയി നോക്കി. അവിടെയതാ വെറും മണലില്‍ ഈന്തപ്പന വൃക്ഷത്തിന്റെ തണലില്‍ ഒരാള്‍ തന്റെ കൈ തലയണയാക്കി വെച്ച് സുഖമായി ഉറങ്ങുന്നു. അയാള്‍ ഉറങ്ങുന്നയാളെ വിളിച്ചുണര്‍ത്തി ചോദിച്ചു: “ഈ ഖലീഫാ ഉമര്‍ എവിടെയെന്നൊന്ന് പറഞ്ഞുതരാമോ?” അപ്പോള്‍ ഉറക്കില്‍ നിന്നുണര്‍ന്ന് അദ്ദേഹം പറഞ്ഞു: “ഞാന്‍ തന്നെയാണ് ഖലീഫ ഉമര്‍. എന്താണ് ആവശ്യം? പറയൂ” വന്നയാള്‍ ആവശ്യം പറഞ്ഞ് അതിശയത്തോടെ തിരിച്ചുപോയി.
അക്കാലത്തെ വലിയ സാമ്രാജ്യങ്ങളായിരുന്ന റോമ, പേര്‍ഷ്യാ സാമ്രാജ്യങ്ങള്‍ പോലും ഭയപ്പെട്ടിരുന്ന ഖലീഫ ഉമറിനെയും തന്റെ നാട് ഭരിക്കുന്ന ആഢംബരപ്രിയനായ ചക്രവര്‍ത്തിയെയും ആ മനുഷ്യന്‍ ഇങ്ങനെ താരതമ്യം ചെയ്തു. “”മുസ്‌ലിംകളുടെ ഖലീഫ വെറും മണലില്‍ സമാധാനത്തോടെ സുഖമായി ഉറങ്ങുന്നു. അദ്ദേഹത്തിനാരെയും ഭയപ്പെടേണ്ടതില്ല. എന്റെ നാട്ടിലെ ചക്രവര്‍ത്തിയോ? എല്ലാ സുരക്ഷാ സംവിധാനവുമുണ്ടായിട്ടും ഭീതിയുടെ നിഴലിലാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. അയാള്‍ സ്വന്തം പ്രജകളെ ഭയപ്പെടുന്നു. ഖലീഫ ഉമറാകട്ടെ, നീതിപൂര്‍വം ഭരണം നടത്തുന്നു. അതുകൊണ്ടദ്ദേഹത്തിന് സമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്നു…””