Editorial
യാത്രക്കാരുടെ താത്പര്യം അവഗണിക്കരുത്
സംസ്ഥാനത്ത് ബസ്ചാര്‍ജ് വര്‍ധന ഉറപ്പായി. ബസ് യാത്രാനിരക്ക് സംബന്ധിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച രാമചന്ദ്രന്‍ കമ്മീഷന്‍ ചാര്‍ജ് വര്‍ധനവിന് ശിപാര്‍ശ ചെയ്തിരിക്കയാണ്. ഡീസല്‍ വിലയും നിത്യച്ചെലവും വര്‍ധിച്ച സാഹചര്യത്തില്‍ ബസ് ചാര്‍ജ് ഉടന്‍ വര്‍ധിപ്പിക്കണമെന്ന ബസ് ഉടമകളുടെ നിലപാട് ശരിവെച്ച കമ്മീഷന്‍ മിനിമം ചാര്‍ജ് ആറില്‍ നിന്ന് ഏഴ് രൂപയാക്കാനും കിലോമീറ്ററിന് അഞ്ച് പൈസ വീതം കൂട്ടാനുമാണ് നിര്‍ദേശിച്ചത്. ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ് നിരക്കുകളും ആനുപാതികമായി വര്‍ധിപ്പിക്കാന്‍ ശിപാര്‍ശയുണ്ട്.
ബസ്ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് ഇന്നലെ മുതല്‍ അനിശ്ചിത കാല ബസ് പണിമുടക്കിന് ബസ് ഉടമസ്ഥ സംഘം തീരുമാനിച്ചതായിരുന്നു. രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ വിഷയം പരിഗണിക്കാമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പിന്മേല്‍ അവര്‍ സമരം മാറ്റിവെക്കുകയായിരുന്നു. കെ എസ് ആര്‍ ടി സിയും നിരക്ക് വര്‍ധനക്ക് സമ്മര്‍ദം ചെലുത്തിയിരുന്നു. വന്‍ കടബാധ്യത മുലം ഊര്‍ധശ്വാസം വലിച്ചു കൊണ്ടിരിക്കുന്ന കെ എസ് ആര്‍ ടി സിയുടെ രക്ഷക്ക് ചാര്‍ജ് വര്‍ധന അനിവാര്യമായതിനാല്‍ കമ്മീഷന്‍ ശിപാര്‍ശകള്‍ കാര്യമായ മാറ്റമില്ലാതെ പെട്ടെന്ന് നടപ്പാക്കാനാണ് സാധ്യത. അതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം കടുത്ത പ്രയാസമനുഭവിക്കുന്ന സാധാരണക്കാരന്റെ ജീവിത ഭാരം കൂടുതല്‍ ദുസ്സഹമാകും.
ഒരു വര്‍ഷം മുമ്പാണ് രാമചന്ദ്രന്‍ കമ്മീഷന്റെ തന്നെ ശിപാര്‍ശ പ്രകാരം സംസ്ഥാനത്ത് ബസ്ചാര്‍ജ് വര്‍ധിപ്പിച്ചത്. മിനിമം ചാര്‍ജ് അഞ്ച് രൂപയില്‍ നിന്ന് ആറായും ഓര്‍ഡിനറി ബസുകള്‍ക്ക് കിലോമീറ്ററിന് 55 ല്‍ നിന്ന് 58 പൈസയായും അന്ന് വര്‍ധിപ്പിച്ചിരുന്നു. അതിനു ശേഷം ഡീസല്‍ വിലയില്‍ ഏഴ് രൂപയുടെ വര്‍ധനയുണ്ടായതിന് പുറമെ ജീവനക്കാരുടെ ആനുകൂല്യങ്ങളും റിപെയറിംഗ്, സ്‌പെയര്‍പാര്‍ട്‌സ് ചെലവുകളും വര്‍ധിച്ചതിനാല്‍ ചാര്‍ജ് വര്‍ധന കൂടാതെ ബസ് വ്യവസായത്തിന് പിടിച്ചു നില്‍ക്കാനാകില്ലെന്നാണ് ഉടമകളുടെ വാദം. കമ്മീഷനും സര്‍ക്കാറും ഉടമകളുടെ വാദം അപ്പടി അംഗീകരിക്കുമ്പോള്‍, ഫെയര്‍ സ്‌റ്റേജ് പുതുക്കണമെന്ന പൊതുജനത്തിന്റെ ആവശ്യത്തിന് നേരെ ബന്ധപ്പെട്ടവര്‍ പുറംതിരിഞ്ഞു നില്‍ക്കുകയാണ്. അശാസ്ത്രീയമാണ് നിലവിലെ ഫെയര്‍ സ്റ്റേജ് നിര്‍ണയമെന്നതനാല്‍ യാത്രക്കാര്‍ ചൂഷണത്തിന് ഇരയാകുകയാണ്. ഫയര്‍ സ്റ്റേജ് പുനര്‍നിര്‍ണയിക്കണമെന്ന ആവശ്യത്തിന് ദശകങ്ങളുടെ പഴക്കമുണ്ട്. ചാര്‍ജ് വര്‍ധനയുടെ ആഘാതത്തില്‍ നിന്ന് യാത്രക്കാര്‍ക്ക് ചെറിയൊരു ആശ്വാസമേകാന്‍ ഇത് സഹായകവുമാണ്. എന്നാല്‍ ബസ് ഉടമകളുടെ എതിര്‍പ്പില്‍, നഗ്നമായ ഈ ചൂഷണം തുടരാന്‍ സര്‍ക്കാര്‍ അനുവദിക്കുകയാണ്. ബസ്സുടമകളുടെയും കെ എസ്ആര്‍ ടി സിയുടെയും വാദങ്ങള്‍ കേള്‍ക്കുന്നതിന് പുറമെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പൊതുജനത്തിനായി നടത്തിയ ഹിയറിംഗിലെ അഭിപ്രായങ്ങള്‍ കൂടി കേട്ട ശേഷമാണ് കമ്മീഷന്‍ ചാര്‍ജ് പുനര്‍നിര്‍ണയിച്ചതെന്ന് പറയുന്നുണ്ടെങ്കിലും പൊതുജനവികാരം കമ്മീഷന്റെ ശിപാര്‍ശയില്‍ ഒട്ടും പ്രതിഫലിച്ചിട്ടില്ലെന്നും പരാതിയുണ്ട്.
ബസ്സുടമകള്‍ മൂന്ന് മാസം കൂടുമ്പോള്‍ നടത്തിപ്പുചെലവിന്റെ കണക്ക് ആര്‍ ടി എക്ക് നല്‍കേണ്ടതുണ്ട്. ഈ കണക്കിനെ ആധാരമാക്കിയാണ് നാറ്റ്പാക് ബസ് നടത്തിപ്പുചെലവ് സൂചിക തയ്യാറാക്കേണ്ടത്. ഇതനുസരിച്ചുള്ള നിരക്കുപുതുക്കല്‍ ശിപാര്‍ശ പൊതുജനാഭിപ്രായമറിയാനായി പ്രസിദ്ധപ്പെടുത്തണമെന്നും ജനങ്ങളുടെ പ്രതികരണവും നിര്‍ദേശങ്ങളും വിലയിരുത്തി വേണം അന്തിമ തീരുമാനമെടുക്കാനെന്നുമാണ് വ്യവസ്ഥ. എന്നാല്‍ ബസ് ഉടമകളിലാരും യഥാസമയം വരവു ചെലവ് കണക്കുകള്‍ സമര്‍പ്പിക്കാറില്ല. ബസ് വ്യവസായം നഷ്ടത്തിലാണെന്ന വാദത്തിന്റെ പൊള്ളത്തരം വ്യക്തമാകുമെന്നതിനാലാണ് ഉടമകള്‍ അതിന് വിസമ്മതിക്കുന്നതെന്നാണ് ബസ് യാത്രക്കാരുടെ സംഘടനകള്‍ കുറ്റപ്പെടുത്തുന്നത്.
ബസ്, ഓട്ടോ, ടാക്‌സി നിരക്കുവര്‍ധന പോലുള്ള നടപടികളില്‍ എപ്പോഴും വാഹന ഉടമകളുടെ പക്ഷത്ത് നില്‍ക്കുകയും പൊതുജനത്തിന്റെ പരാതികള്‍ അവഗണിക്കുകയും ചെയ്യുന്ന നിലപാട് ജനാധിപത്യഭരണകൂടത്തിന് ചേര്‍ന്നതല്ല. ഡീസല്‍ വിലയിലെയും നടത്തിപ്പിലെയും വര്‍ധന മൂലം ബസ് മുതലാളിമാര്‍ക്കുണ്ടാകുന്ന അധിക ബാധ്യതക്ക് യാത്രാ കൂലി വര്‍ധന മാത്രമല്ല പരിഹാരം. നികുതികളില്‍ ഇളവ്, ഇന്‍ഷ്വറന്‍സ് പോളിസി നിരക്ക് കുറക്കല്‍ തുടങ്ങിയ മാര്‍ഗങ്ങള്‍ സര്‍ക്കാറിന്റെ മുന്നിലുണ്ട്. ഇത്തരം നടപടികളിലൂടെയാണ് മറ്റു പല സംസ്ഥാനങ്ങളിലും കുറഞ്ഞ നിരക്കില്‍ ജനങ്ങള്‍ക്ക് യാത്രാസൗകര്യം ഉറപ്പാക്കുന്നത്. കെ എസ് ആര്‍ ടി സിയെ നിലനിര്‍ത്താന്‍ അടിക്കടി പൊതുഖജാനാവില്‍ നിന്ന് സഹായം നല്‍കുകയും മറ്റു സ്വകാര്യ വ്യവസായങ്ങള്‍ക്ക് പലവിധ ഇളവുകള്‍ അനുവദിക്കുകയും ചെയ്യുമ്പോള്‍ സാധാരണക്കാരന്‍ ഗതാഗതത്തിന് കൂടുതല്‍ ആശ്രയിക്കുന്ന സ്വകാര്യ ബസ്സുകളുടെ നിലനില്‍പ്പിന് എന്തുകൊണ്ട് സര്‍ക്കാറിന് ചില ഇളവുകള്‍ നല്‍കക്കൂടാ?






