Connect with us

Gulf

മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം: പി എ കെ മുഴപ്പാല ഇനി നാട്ടില്‍

Published

|

Last Updated

അല്‍ ഐന്‍: മൂന്നര പതിറ്റാണ്ട് പ്രവാസത്തിന്റെ ചൂരും ചൂടും അനുഭവിച്ചറിഞ്ഞും നന്മ വിതറിയും പി എ കെ മുഴപ്പാല എന്ന പി അബ്ദുല്‍ ഖാദര്‍ ഇനി നാട്ടിലേക്ക്. 1978 മാര്‍ച്ച് 11നാണ് അദ്ദേഹം യു എ ഇയില്‍ എത്തുന്നത്. നാട്ടിലെ സംഘഠനാ പ്രവര്‍ത്തന മേഖലയില്‍ നിന്നുള്ള പറിച്ചുനടല്‍. ദുബൈ ദേര നൈഫ് പോലീസ് സ്റ്റേഷന് പിന്നില്‍ “മക്ത്തബ് മുഴപ്പാല” ടൈപ്പിംഗ് സെന്ററിലായിരുന്നു ആദ്യ സേവനം. 1981ല്‍ റാശിദിയ്യയിലുള്ള ഗലദാരി ഐസ്‌ക്രീം കമ്പനിയില്‍ പര്‍ച്ചേസിംഗ് സെക്രട്ടറിയായി. 1982ല്‍ അല്‍ ഐന്‍ മിനിസ്ട്രി ഓഫ് എന്‍വയോണ്‍മെന്റ് വാട്ടറിന്റെ സെന്‍ട്രല്‍ ലബോറട്ടറിയില്‍ അഡ്മിനിസ്‌ട്രേറ്ററായി. ഇവിടത്തെ 31 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് പ്രവാസത്തിനു ഇപ്പോള്‍ വിരാമമിടുന്നത്.

പ്രവാസികള്‍ക്കിടയില്‍ ശ്രദ്ധേയമായ സംരംഭങ്ങളില്‍ എഴുത്തുകാരന്‍ കൂടിയായ പി എ കെയുടെ സജീവ സാന്നിധ്യമുണ്ട്. പ്രിയതമക്ക് സ്‌നേഹപൂര്‍വം, ഹജ്ജ് ഡയറി, മരണത്തിനു മുമ്പു പിമ്പും, റമസാനും പെരുന്നാളും, അനുഗ്രഹത്തിന്റെ പ്രവാചകര്‍ (സ); യുഗാന്തരങ്ങളുടെയും എന്നിവയാണ് പ്രധാന കൃതികള്‍. അല്‍ ഇര്‍ശാദ് പബ്ലിഷിംഗ് സെന്റര്‍ ആരംഭിച്ചതിലും അതിനുകീഴില്‍ അല്‍ ഇര്‍ഫാദ് മാസിക തുടങ്ങിയതിലും അദ്ദേഹം മുന്‍നിര പങ്കുവഹിച്ചു. പിന്നീടത് അല്‍ ഇര്‍ശാദ് ചാരിറ്റബിള്‍ സൊസൈറ്റിയായി. അല്‍ ഇര്‍ശാദ് ഇസ്‌ലാമിക് പ്രൊപ്പഗേഷന്‍ സെന്റര്‍, റെഡ് ക്രസന്റ് ഹോസ്പിറ്റല്‍, നഴ്‌സിംഗ് കോളജ്, ഐ ആര്‍ ഡി സി സമുച്ചയം തുടങ്ങിയവ ഇതിന്റെ കീഴിലാണ് പ്രവര്‍ത്തിച്ചുവരുന്നത്.
1979 ല്‍ രൂപംകൊടുത്ത ദുബൈ സുന്നി ജമാഅത്ത് പ്രഥമ ജനറല്‍ സെക്രട്ടറി, അല്‍ ഐന്‍ സുന്നി യൂത്ത് സെന്റര്‍ ജനറല്‍ സെക്രട്ടറി, എസ് വൈ എസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, മര്‍കസ് അല്‍ ഐന്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി, ജാമിഅ സഅദിയ്യ ജനറല്‍ സെക്രട്ടറി, അല്‍ മഖര്‍ ജനറല്‍ സെക്രട്ടറിയും നിലവില്‍ പ്രസിഡന്റും, നരിക്കുനി ബൈത്തുല്‍ ഇസ്സയുടെ വൈസ് പ്രസിഡന്റ് തുടങ്ങി ഒട്ടേറെ പദവികള്‍ വഹിച്ചു. മാമ്പ നുസ്‌റത്തുല്‍ ഇസ്‌ലാം ജമാഅത്തിന്റെ നീണ്ടകാലത്തെ ജനറല്‍ സെക്രട്ടറിയായും തുടര്‍ന്ന് പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു. കണ്ണൂര്‍ മുണ്ടേരി മാമ്പ കോലയാങ്കണ്ടി തൊടുവയില്‍ അബ്ദുല്ല-ചെറുകുന്നത് കുഞ്ഞാമിന ദമ്പതികളുടെ മകനാണ്. മാമ്പ, മൊവ്വഞ്ചേരി, അഞ്ചരക്കണ്ടി, തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ് എന്നിവിടങ്ങളില്‍ നിന്ന് ഭൗതിക വിദ്യാഭ്യാസവും മാമ്പ ശറഫുല്‍ ഇസ്‌ലാം മദ്‌റസ, മൊവ്വഞ്ചേരി പള്ളി ദര്‍സ്, കരിയാട് നൂറുല്‍ ഇസ്‌ലാം ദര്‍സ്, എടക്കാട് മണല്‍പള്ളി ദര്‍സ്, തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്്‌ലാം അറബി കോളജ് എന്നിവിടങ്ങളില്‍ മത പഠനവും നടത്തി. 1973 ല്‍ എസ് എസ് എഫ് രൂപവത്കരണത്തിന് നേതൃത്വംവഹിക്കാനായത് ഏറെ സന്തുഷ്ടി നല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പ്രഗത്ഭ പണ്ഡിതന്മാരുമായി ആത്മബന്ധം പുലര്‍ത്താനായതും അവര്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കാനായതിലുമുള്ള സംതൃപ്തിയോടെയുമാണ് മുഴപ്പാല മടങ്ങുന്നത്. അല്‍ ഐന്റെ വിവിധ ഭാഗങ്ങളില്‍ മത പഠന ക്ലാസുകള്‍ക്കും ദര്‍സുകള്‍ക്കും നേതൃത്വം നല്‍കി നിരവധി പേര്‍ക്ക് ധാര്‍മിക പാഠങ്ങള്‍ പകര്‍ന്നു നല്‍കി. നാട്ടിലും ഇതേ രീതിയില്‍ സാമൂഹിക-ധാര്‍മിക മേഖലയിലെ പ്രവര്‍ത്തനം തന്നെയാണ് ലക്ഷ്യം. മുഴപ്പാലയെ ബന്ധപ്പെടാവുന്ന നമ്പര്‍: 050-6732724.

---- facebook comment plugin here -----

Latest