Kasargod
ഇടയിലക്കാട്ടില്‍ ഇത്തവണയും വാനരന്‍മാര്‍ക്ക് ഓണസദ്യ വിളമ്പി

തൃക്കരിപ്പൂര്‍: പന്തിയില്‍ ഒരുക്കിവെച്ച ഡസ്‌കിനു മുകളില്‍ വിഭവങ്ങള്‍ ഒന്നൊന്നായി വിളമ്പി. അടുത്തുതന്നെ കുടിക്കാനുള്ള വെള്ളം ഒഴിച്ചുവെച്ച ഗ്ലാസും നിരത്തിവെച്ചു. പപ്പീന്നു നീട്ടിവിളിച്ചപ്പോള്‍ കൂട്ടത്തോടെ വാനരക്കൂട്ടം എത്തിയതോടെ പതിവുപോലെ ഈവര്‍ഷവും ഇടയിലക്കാട് നാഗവനത്തിലെ അന്തേവാസികള്‍ക്കായി ഒരുക്കിയ ഓണസദ്യ ഗംഭീരമായി.
സാധാരണ സദ്യവട്ടങ്ങളുടെ ചിട്ടകളോടെയാണ് വാനരന്‍മാര്‍ക്ക് ഓണസദ്യയും ഒരുക്കിയത്. വൃത്തിയാക്കിയ ഡസ്‌കിനു മുകളില്‍ തൂശനിലയിട്ടാണ് സദ്യവിളമ്പിയത്. പഴുത്ത പപ്പായ, കേരറ്റ്, ബീറ്റ്‌റൂട്ട് തുടങ്ങിയവയായിരുന്നു വിഭവങ്ങള്‍. എല്ലാം ഇലയില്‍ ഒരുക്കിയശേഷം എന്നും അന്നം നല്‍കിവരുന്ന ഇടയിലക്കാടിലെ ചാലില്‍ മാണിക്കമ്മ എന്ന വൃദ്ധ പേരു ചൊല്ലിവിളിച്ചപ്പോള്‍ വാനരപ്പട ഒന്നാകെയെത്തി. പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ പ്രായമേറേയായവ വരെ ആ കൂട്ടത്തിലുണ്ടായിരുന്നു. കാടിനു വെളിയിലെ റോഡരികില്‍ ഒരുക്കിയ പന്തിക്ക് പരിസരമായി ജനക്കൂട്ടത്തെ കണ്ടതും മിന്നിമറയുന്ന ക്യാമറയും ഇവറ്റകളെ ആദ്യമൊന്ന് പ്രകോപിച്ചെങ്കിലും പിന്നീട് ഒന്നൊന്നായി സദ്യക്കായെത്തി. സ്വന്തം ഇലയിലെ വിഭവങ്ങള്‍ ഒന്നൊന്നായി കഴിച്ചും ബാക്കി കവിളില്‍ സൂക്ഷിച്ചും കൂടാതെ അടുത്ത ഇലയില്‍ നിന്ന് കയ്യിട്ട് വാരിയും കടിപിടികൂടിയുള്ള വാനരന്മാരുടെ കുസൃതികള്‍ കാണികളെ ഏറെ രസിപ്പിച്ചു. ഇന്നലെ ചതയദിനത്തില്‍ ഇടയിലക്കാട് നാഗവനം ജംഗ്ഷനിലാണ് വാനരന്‍മാര്‍ക്കായി സദ്യ ഒരുക്കിയത്. ഇടയിലക്കാട് നവോദയ വായനശാല ആന്റ് ഗ്രന്ഥാലയം പ്രവര്‍ത്തകരാണ് ഈ സദുദ്യമത്തിന് നേതൃത്വം നല്‍കിയത്.