Connect with us

Gulf

അല്‍ ഐന്‍ ബസ് സ്റ്റാന്റ് അടച്ചു; പുനര്‍ നിര്‍മാണം ഉടനെ

Published

|

Last Updated

അല്‍ ഐന്‍: നാല് പതിറ്റാണ്ടോളം പഴക്കം വരുന്ന അല്‍ ഐന്‍ മാര്‍ക്കറ്റിനോട് ചേര്‍ന്ന് നില്‍ക്കുന്ന ബസ് സ്റ്റാന്റ് അടച്ചു. ബസ് സ്റ്റാന്റ് പുനര്‍നിര്‍മിക്കുന്നതുവരെ പഴയ ടാക്‌സി സ്റ്റാന്റിലാണ് താല്‍ക്കാലിക സംവിധാനമൊരുക്കിയത്. രണ്ട് ട്രാക്കുകളിലായി ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ ഇവിടെ സൗകര്യപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് ഇരിക്കുന്നതിന് മേല്‍ക്കൂരയോടു കൂടിയ ഇരിപ്പിടവും നിര്‍മിച്ചിട്ടുണ്ട്. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് വേണ്ടി കാരവന്‍ കൊണ്ട് ശീതീകരിച്ച വെയിറ്റിംഗ് ഷെഡും മറ്റു അനുബന്ധ സൗകര്യങ്ങളും നിര്‍മിച്ചതില്‍ ഉള്‍പ്പെടും. പുതുക്കിപ്പണിയുന്ന ബസ് സ്റ്റാന്റിന്റെ പ്രവൃത്തി അടുത്തു തന്നെ ആരംഭിക്കും.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പഴയ സ്റ്റാന്റില്‍ കാലങ്ങളോളം പ്രവര്‍ത്തിച്ചിരുന്ന കഫ്തീരിയ നഗരസഭ അധികൃതര്‍ നോട്ടീസ് കൊടുത്ത് അടപ്പിച്ചിരുന്നു. നിലവില്‍ ടൗണ്‍ പരിധിയില്‍ മാത്രം യാത്ര ചെയ്തിരുന്ന ബസുകള്‍ സ്റ്റാന്റില്‍ പ്രവേശിക്കാറില്ല. എന്നാല്‍ പുതിയ ബസ് സ്റ്റാന്റ് യാഥാര്‍ഥ്യമാകുന്നതോടെ എല്ലാ ബസുകളും സ്റ്റാന്റില്‍ പ്രവേശിക്കും. 2014 ഓടെ പൂര്‍ത്തിയാകുന്ന ബസ് സ്റ്റാന്റ് അല്‍ ഐന്‍ മാര്‍ക്കറ്റിന്റെ മുഖഛായ തന്നെ മാറ്റി എഴുതും.
ഒരു കാലത്ത് അല്‍ ഐന്‍ നഗരത്തില്‍ നിന്നും യു എ ഇയുടെ വിവിധ ഭാഗങ്ങളിലേക്ക് ബസുകള്‍ സര്‍വീസ് നടത്തിയിരുന്നു. കാലത്തിന്റെ കുത്തൊഴുക്കില്‍ നിലച്ചുപോയ ബസ് യാത്രകള്‍ ഇന്ന് തൊഴിലാളികളായ വിദേശികളുടെയും പാവപ്പെട്ടവരുടെയും ആശ്രയമാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗരസഭ ബസ് സര്‍വീസ് സ്വകാര്യമേഖലക്ക് കൈമാറിയതോടെ പഴയകാലത്തിന്റെ പ്രതാപമായിരുന്ന 250ല്‍ പരം ബസുകള്‍ ഇന്ന് സനാഇയ്യയുടെ കിഴക്ക് ഭാഗത്ത് ട്രക്ക് റോഡിനോട് ചേര്‍ന്ന് തുരുമ്പെടുക്കുകയാണ്. എല്ലാവരുടെയും ആശ്രയമായിരുന്ന ബസ് സര്‍വീസ് വീണ്ടും സജീവമാകുന്നതിന്റെ സൂചനകളാണ് ഡിപ്പാര്‍ട്‌മെന്റിന് കീഴില്‍ രണ്ടു മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച പുതിയ ബസ് സര്‍വീസുകള്‍. ഏതായാലും പൊടിമണ്ണുകള്‍ പറന്ന, കട്ടറുകള്‍ നിറഞ്ഞ മരുഭൂമിയില്‍ ഓടിക്കിതച്ച് ഒരു കാലഘട്ടത്തിന്റെ ഓര്‍മയായി മാറിയ തുരുമ്പെടുത്ത ബസുകള്‍ക്കും ശാപമോക്ഷം ഇനിയുണ്ടാവുമോ?

Latest