Connect with us

Gulf

നിതാഖാത് നടപ്പാക്കുന്നതിനുള്ള ഇളവ് കാലാവധി നീട്ടാന്‍ സാധ്യത

Published

|

Last Updated

*റമസാനിന് മുമ്പ് കാലാവധി നീട്ടിയേക്കും
*മൂന്ന് മാസത്തേക്ക് കൂടി നീട്ടണമെന്ന് തൊഴില്‍ മന്ത്രാലയം

ജിദ്ദ:സഊദി അറേബ്യയില്‍ നിതാഖാത് നടപ്പാക്കുന്നതിനുള്ള സമയപരിധി നീട്ടാന്‍ സാധ്യത. അബ്ദുല്ല രാജാവ് പ്രഖ്യാപിച്ച ഇളവ് കാലാവധി അവസാനിക്കാനിരിക്കെ, സമയപരിധി നീട്ടണമെന്ന നിര്‍ദേശം തൊഴില്‍ മന്ത്രാലയം മുന്നോട്ടു വെച്ചിട്ടുണ്ട്. അനധികൃത തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനും കമ്പനി മാറുന്നതിനുമുള്ള അവസരം മൂന്ന് മാസത്തേക്ക് കൂടി നീട്ടാനുള്ള നിര്‍ദേശമാണ് തൊഴില്‍ മന്ത്രാലയം വെച്ചത്. ഇക്കാര്യത്തില്‍ ഉന്നത അധികാരികളുടെ അഭിപ്രായം മന്ത്രാലയം തേടിയതായി സഊദിയിലെ അല്‍ വതന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. അനുകൂല തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും റമസാന്‍ മാസത്തിന് മുമ്പ് ഇക്കാര്യം തീരുമാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലൈ മൂന്നിനാണ് ഇളവ് കാലാവധി അവസാനിക്കുന്നത്.

സഊദി മനുഷ്യാവകാശ കമ്മീഷന് പിന്നാലെ ഇന്ത്യ, പാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ്, ബംഗ്ലാദേശ്, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും സമയ പരിധി നീട്ടണമെന്ന ആവശ്യം മുന്നോട്ടു വെച്ചിട്ടുണ്ട്. ഇക്കാര്യം പരിഗണിച്ചാണ് ഇളവ് കാലാവധി നീട്ടുന്ന കാര്യം തൊഴില്‍ മന്ത്രാലയം പരിഗണിക്കുന്നത്. വിദഗ്ധ തൊഴിലാളികള്‍ രാജ്യത്തിന് പുറത്തുപോകുന്നത് പല കമ്പനികളെയും ബാധിക്കുമെന്ന അഭിപ്രായവും സ്വീകരിച്ചാണ് നിര്‍ദേശം. മൂന്ന് മാസം മുതല്‍ ആറ് മാസം വരെ ഇളവ് കാലാവധി നീട്ടണമെന്ന ആവശ്യം സഊദിയിലെ കമ്പനികള്‍ തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എണ്‍പത് ലക്ഷത്തോളം വരുന്ന അനധികൃത തൊഴിലാളികളില്‍ പകുതിയിലധികം പേര്‍ക്കും രേഖകള്‍ ശരിയാക്കുന്നതിന് ഇനിയും സമയം ലഭിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ശക്തമായ സമ്മര്‍ദം കാരണം ഇളവ് കാലാവധി നീട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നാഷനല്‍ കമ്മിറ്റി ഫോര്‍ കോണ്‍ട്രാക്‌ടേഴ്‌സ് ചെയര്‍മാന്‍ ഫഹദ് അല്‍ ഹമ്മദി പറഞ്ഞു.
കാലാവധി അവസാനിച്ചാലും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റവും തൊഴില്‍ മാറ്റവും ചില തൊഴിലിനങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റും തുടരുമെന്ന് സഊദി പത്രം റിപ്പോര്‍ട്ട് ചെയ്തു. ഹംജ്ജ്, ഉംറ വിസകളില്‍ വന്ന് അനധികൃതമായി തങ്ങിയവര്‍ക്ക് നാട്ടിലേക്ക് പോകുന്നതിനുള്ള ആനുകൂല്യവും അടുത്ത മാസം മൂന്നിന് അവസാനിക്കും.

രേഖകള്‍ ശരിയാക്കാനുള്ള തിരക്കില്‍ പ്രവാസികള്‍

ജിദ്ദ: നിതാഖാതുമായി ബന്ധപ്പെട്ട ഇളവ് കാലാവധി അവസാനിരിക്കാനിക്കെ, മലയാളികളുള്‍പ്പെടെയുള്ളവര്‍ രേഖകള്‍ ശരിയാക്കുന്നതിനുള്ള തിരക്കില്‍. പദവി നേരെയാക്കുന്നതിനും സ്‌പോണ്‍സര്‍ഷിപ്പ് മാറുന്നതിനും പുതിയ തൊഴില്‍ കണ്ടെത്തുന്നതിനുമുള്ള തിരക്കിലാണ് പ്രവാസികള്‍. ലേബര്‍ ഓഫീസുകളിലും എംബസികളിലും തര്‍ഹീലുകളിലും വന്‍ തിരക്കാണ്. നാട്ടിലേക്ക് മടങ്ങുന്നതിനായി എക്‌സിറ്റ് വിസ ലഭ്യമാക്കാനും തിരക്ക് അനുഭവപ്പെടുന്നുണ്ട്. നിതാഖാത് നടപടി തുടങ്ങിയത് മുതല്‍ ഇതുവരെ പതിനഞ്ച് ലക്ഷത്തിലധികം പേര്‍ സമയപരിധി ഉപയോഗപ്പെടുത്തിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു.
സ്‌പോണ്‍സര്‍ഷിപ്പ് മാറുന്നതുള്‍പ്പെടെയുള്ളവക്ക് ഭീമമായ തുകയാണ് ചെലവ് വരുന്നത്. പദവി ശരിയാക്കല്‍ സൗജന്യ സേവനമാണെങ്കിലും ഇടനിലക്കാരും മറ്റും ഭീമമായ തുകയാണ് ഈടാക്കുന്നത്. പല കമ്പനികളും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിലൂടെ ജോലി കൊടുക്കാന്‍ തയ്യാറാണെങ്കിലും കുറഞ്ഞ ശമ്പളമാണ് നല്‍കുന്നത്.

Latest