Gulf
പ്ലസ് ടു: യു എ ഇ വിദ്യാലയങ്ങള്‍ക്ക് മികച്ച നേട്ടം

ദുബൈ: കേരള പ്ലസ് ടു പരീക്ഷയില്‍ യു എ ഇ വിദ്യാലയങ്ങള്‍ക്ക് മികച്ച വിജയം. യു എ ഇയില്‍ 510 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയിരുന്നത്. ഇതില്‍ 479 വിദ്യാര്‍ഥികള്‍ വിജയിച്ചു.
അബുദാബി മോഡല്‍ സ്‌കൂളില്‍ നിന്ന് പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു. സയന്‍സ് വിഭാഗത്തില്‍ ഫാത്തിമ പര്‍വീന്‍, ഹാത്തിം നിസാര്‍ അഹമ്മദ് എന്നിവര്‍ക്കും കൊമേഴ്‌സ് വിഭാഗത്തില്‍ ഷെറില്‍ എലിസബത്ത് രാജുവിനും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ഫാത്തിമ പര്‍വീന്‍ 1169 മാര്‍ക്ക് (97.4 ശതമാനം സയന്‍സ്), റസന ഹസന്‍ കുഞ്ഞി 1149 മാര്‍ക്ക് (95.75 ശതമാനം കൊമേഴ്‌സ്) ഗള്‍ഫ് മേഖലയില്‍ ഒന്നാം റാങ്കിനുടമകളായി.
ഹാത്തിം നിസാര്‍ അഹമ്മദ് 1161 (96.8 ശതമാനം സയന്‍സ്), സല്‍മ നസാരി 1151 (95.98 ശതമാനം സയന്‍സ്) യഥാക്രമം മൂന്നും നാലും റാങ്കിനുടമകളായി. ഷെറിന്‍ എലിസബത്ത് രാജു ഗള്‍ഫ് മേഖലയില്‍ കൊമേഴ്‌സ് വിഭാഗത്തില്‍ മൂന്നാം റാങ്കും ലെജീസ അബ്ദുല്‍ ലത്തീഫ് നാലാം റാങ്കിനും അര്‍ഹരായി. ഹയര്‍ സെക്കന്‍ഡറി സയന്‍സ്, കൊമേഴ്‌സ് വിഭാഗങ്ങള്‍ക്ക് ഗള്‍ഫ് മേഖലയില്‍ തന്നെ ഒന്നാം റാങ്കുകള്‍ കരസ്ഥമാക്കിയത് അബുദാബി മോഡല്‍ സ്‌കൂളിന് ഇരട്ടിമധുരമായി. സയന്‍സില്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയ 56 പേരും കൊമേഴ്‌സ് വിഭാഗത്തില്‍ പരീക്ഷയെഴുതിയ 51 പേരും വിജയിച്ചു.
ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 81 പേരില്‍ മുഴുവന്‍ പേരും വിജയിച്ചു. സയന്‍സ് വിഭാഗത്തില്‍ മാജിദാ മൂസ അസൈനാര്‍ 95.8 ശതമാനം മാര്‍ക്കോടെ ഒന്നാം സ്ഥാനത്തെത്തി. ആതിര മുരളീധരന്‍ നായര്‍, റശ രയരോത്ത് അബ്ദുല്‍ ഖാദര്‍ രണ്ടാം സ്ഥാനം പങ്കിട്ടു. കൊമേഴ്‌സില്‍ ലിയാ ജോര്‍ജ് പോള്‍, നുസ്‌റത്ത് ഉമ്മര്‍ എന്നിവര്‍ ഒന്നാം സ്ഥാനം പങ്കിട്ടു. രവീണ വേണു രണ്ടാം സ്ഥാനത്തെത്തി.
ഷാര്‍ജ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ 51 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. മികച്ച വിജയം നേടിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. സയന്‍സ് വിഭാഗത്തില്‍ 96.92 ശതമാനം മാര്‍ക്കോടെ നൃതിതി ഒന്നാം സ്ഥാനത്തെത്തി. ചൈതന്യ, തീര്‍ഥ തുളസി എന്നിവര്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍.
കൊമേഴ്‌സ് വിഭാഗത്തില്‍ 89.58 ശതമാനം മാര്‍ക്കോടെ ആല്‍ബിന്‍ ഫ്രാന്‍സിസ് ഒന്നാം സ്ഥാനം നേടി. നീനു, ഫായിസ എന്നിവര്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. നാല് വിദ്യാര്‍ഥികള്‍ മലയാളത്തില്‍ നൂറ് ശതമാനം മാര്‍ക്ക് നേടി.