Connect with us

First Gear

കിടിലന്‍ ഡിസ്‌കൗണ്ട് ഓഫറുമായി ഔഡി; 10 ലക്ഷത്തോളം രൂപ ലാഭിക്കാം

Published

|

Last Updated

ന്യൂഡല്‍ഹി | ജര്‍മന്‍ വാഹന നിര്‍മ്മാതാക്കളായ ഔഡി ഇന്ത്യന്‍ വിപണിയിലെ തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് സ്‌പെഷ്യല്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഔഡി ക്യു2, എ4, എ6 എന്നീ ആഢംബര വേരിയന്റുകള്‍ക്കാണ് പ്രത്യേക ഡിസ്‌കൗണ്ടുകള്‍ നല്‍കിയിരിക്കുന്നത്. ഓഫറുകള്‍ 2021 ഓഗസ്റ്റ് 31 വരെയുള്ള ഡെലിവറികളില്‍ മാത്രമേ ലഭ്യമാകുകയുള്ളൂ. ഔഡി ക്യു2 എന്‍ട്രി ലെവല്‍ എസ് യു വിയുടെ സ്റ്റാന്‍ഡേര്‍ഡ് വിത്ത് സണ്‍റൂഫ് മോഡലിന് ഏഴ് ലക്ഷം രൂപയുടെ ഡിസ്‌കൗണ്ടാണ് പ്രഖ്യാപിച്ചത്. കാര്‍ വാങ്ങുമ്പോള്‍ 29.49 ലക്ഷം രൂപ മുടക്കിയാല്‍ മതി.

എസ് യു വിയുടെ പ്രീമിയം വേരിയന്റിന് 8.5 ലക്ഷം രൂപയാണ് ഓഫര്‍ വില. ഇതോടെ എക്‌സ്‌ഷോറൂം വില 32.39 ലക്ഷം രൂപയായി. ഔഡി ക്യു2 പ്രീമിയം പ്ലസ് 1, പ്രീമിയം പ്ലസ് 2 എന്നിവക്ക് യഥാക്രമം 8.65 ലക്ഷം, 10.65 ലക്ഷം രൂപയാണ് ഓഫര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുള്ളത്. ഈ രണ്ട് മോഡലുകള്‍ക്കും എക്‌സ്‌ഷോറൂം വില യഥാക്രമം 35.99 ലക്ഷം രൂപ, 34.49 ലക്ഷം രൂപ എന്നിങ്ങനെയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 16 നാണ് ക്യു2 എസ്യുവി ഔഡി ഇന്ത്യയില്‍ അവതരിപ്പിച്ചത്.

ഔഡി എ4 സെഡാന് മികച്ച ആനുകൂല്യമാണ് ഓഗസ്റ്റ് 31 വരെ കമ്പനി ഒരുക്കിയിട്ടുള്ളത്. സെഡാന്റെ പ്രീമിയം പ്ലസ് എഡിഷന്‍ മോഡലില്‍ 5.2 ലക്ഷം രൂപയാണ് ഡിസ്‌കൗണ്ട് ലഭിക്കുക. ഓഫര്‍ കഴിഞ്ഞ് 37.99 ലക്ഷം രൂപ എ4ന് മുടക്കിയാല്‍ മതി. എ4 ഫെയ്സ്ലിഫ്റ്റ് സെഡാന്‍ ഈ വര്‍ഷം ജനുവരിയിലാണ് രാജ്യത്തെത്തിയത്. 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് 2021 ഔഡി എ4 ഫെയ്സ്ലിഫ്റ്റിലുള്ളത്. 190 ബിഎച്ച്പി കരുത്ത്, 320 എന്‍എം ടോര്‍ക്ക് എന്നിവയും ഈ മോഡലിന് ലഭിക്കുന്നു.

ഔഡി എ6 സെഡാനും ആകര്‍ഷണീയമായ ഡിസ്‌കൗണ്ടാണ് ലഭിക്കുന്നത്. കാറിന്റെ പ്രീമിയം പ്ലസ് എഡിഷനില്‍ 7.59 ലക്ഷം രൂപയാണ് ഡിസ്‌കൗണ്ടുള്ളത്. ടെക്‌നോളജി എഡിഷന് 7.12 ലക്ഷം രൂപയും ഓഫറില്‍ ലഭിക്കും. ഈ രണ്ട് എഡിഷന്‍ മോഡലിനും യഥാക്രമം 49.49 ലക്ഷം, 54.69 ലക്ഷം എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില. ഈ ഡിസ്‌കൗണ്ടുകള്‍ക്ക് പുറമേ ക്യു2, എ4 എന്നീ മോഡല്‍ കാറുകള്‍ക്ക് ഒരു ലക്ഷം രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും കമ്പനി ഒരുക്കിയിട്ടുണ്ട്. എ6 സെഡാനിന് രണ്ട് ലക്ഷം രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കുന്നതാണ്.

Latest