Connect with us

Editorial

സമ്മര്‍ദങ്ങള്‍ക്ക് ജുഡീഷ്യറി വിധേയപ്പെടുന്നോ?

Published

|

Last Updated

ഇന്ത്യന്‍ കോടതികള്‍ ബാഹ്യ സമ്മര്‍ദങ്ങള്‍ക്ക് വിധേയമാകുന്നുവെന്ന പരാതി പൊതുസമൂഹത്തില്‍ നേരത്തേയുണ്ട്. ഇപ്പോള്‍ രാജ്യത്തെ പരമോന്നത നീതിപീഠം തന്നെ ഇക്കാര്യം എടുത്തു പറഞ്ഞിരിക്കുന്നു. മധ്യപ്രദേശിലെ കോണ്‍ഗ്രസ്സ് നേതാവ് ദേവേന്ദ്ര ചൗരസ്യയുടെ കൊലപാതക കേസിലെ പ്രതി ഗോപാല്‍ സിംഗിനു ജാമ്യം നല്‍കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള വിധിപ്രസ്താവത്തില്‍ സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഋഷികേശ് റോയ് എന്നിവരാണ് കോടതികളിലെ ബാഹ്യ ഇടപെടലിനെക്കുറിച്ച് പറഞ്ഞതും ആശങ്ക പ്രകടിപ്പിച്ചതും. ബി എസ് പി. എം എല്‍ എയുടെ ഭര്‍ത്താവായ പ്രതി ഗോപാല്‍ സിംഗിനെ സംരക്ഷിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാറും പോലീസും ശ്രമിക്കുന്നതായി സുപ്രീം കോടതി നിരീക്ഷിച്ചു. ദേവേന്ദ്ര ചൗരസ്യയുടെ കൊലപാതകക്കേസില്‍ വാദം കേട്ട വിചാരണാ കോടതി ജഡ്ജി തനിക്ക് ഭീഷണി ഉണ്ടെന്ന് ആരോപിച്ചിരുന്നു. ഇത് പോലും കണക്കിലെടുക്കാതെയാണ് മധ്യപ്രദേശ് ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചതെന്ന് കുറ്റപ്പെടുത്തിയ സുപ്രീം കോടതി ഭയാനകമായ സാഹചര്യങ്ങളില്‍ ആണ് പലപ്പോഴും കീഴ്ക്കോടതികള്‍ പ്രവര്‍ത്തിക്കുന്നതെന്നും പ്രതികളെ സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ ശ്രമം ഞെട്ടിപ്പിക്കുന്നതാണെന്നും പ്രസ്താവിച്ചു. പണക്കാര്‍ക്കും സാധാരണക്കാര്‍ക്കും വ്യത്യസ്ത നിയമ സംവിധാനം സാധ്യമല്ലെന്നും സമാന്തരമായ നിയമ സംവിധാനങ്ങള്‍ രൂപപ്പെടുന്നത് നിയമവ്യവസ്ഥ തന്നെ ഇല്ലാതാക്കുമെന്നും സുപ്രീം കോടതി ഓര്‍മപ്പെടുത്തി.

ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല രാജ്യത്തെ കോടതികള്‍ ബാഹ്യസമ്മര്‍ദങ്ങള്‍ക്കു വിധേയമാകുന്ന പ്രവണത. 1973ല്‍ ഇന്ദിരാ ഗാന്ധി അന്നത്തെ സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന മൂന്ന് ജഡ്ജിമാരെ മറികടന്ന്, സര്‍ക്കാറിന് അനുകൂലമായി വിധി നല്‍കിക്കൊണ്ടിരുന്ന എ എന്‍ റായിയെ ചീഫ് ജസ്റ്റിസ് ആയി നിയമിച്ചത് ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്നു. പിന്നാലെ തഴയപ്പെട്ട ജഡ്ജിമാരായ ജെ എം ശീലത്ത്, എ എം ഗ്രോവര്‍, കെ എസ് ഹെഗ്ഡെ എന്നിവര്‍ രാജിവെക്കുകയും ചെയ്തു. 1977ല്‍ എ എന്‍ റായ് വിരമിച്ചപ്പോള്‍ തൊട്ടടുത്ത മുതിര്‍ന്ന ജഡ്ജി എച്ച് ആര്‍ ഖന്നയായിരുന്നു. എന്നാല്‍ അടിയന്തരാവസ്ഥ കാലത്ത് എ ഡി എം ജബല്‍പൂര്‍, ശിവ കാന്ത് ശുക്ല കേസില്‍ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ഭരണകൂടത്തിന് റദ്ദാക്കാമെന്ന സുപ്രീം കോടതി വിധിയോട് വിയോജിപ്പ് രേഖപ്പെടുത്തിയെന്ന കാരണത്താല്‍ ഖന്നയെ സര്‍ക്കാര്‍ തഴഞ്ഞു. ഖന്ന ഉടനടി ന്യായാധിപ സ്ഥാനം രാജി വെച്ചൊഴിഞ്ഞു. ഇതെല്ലാം ജുഡീഷ്യറിയിലുള്ള ബാഹ്യഇടപെടലിന്റെ ഭാഗമായിരുന്നു.

ഗുജറാത്ത് കലാപവും അനുബന്ധ സംഭവങ്ങളുമായി ബന്ധപ്പെട്ട കോടതി നടപടികളിലെ ബാഹ്യഇടപെടലുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ബെസ്റ്റ് ബേക്കറി കേസ്, നരോദ പാട്യ കൂട്ടക്കൊല തുടങ്ങിയ കേസുകള്‍ ഗുജറാത്തിനു പുറത്തേക്ക് മാറ്റണമെന്ന ആവശ്യമുയര്‍ന്നതും ജയലളിതക്കെതിരായ കേസുകള്‍ തമിഴ്‌നാട്ടില്‍ നിന്ന് ബെംഗളൂരുവിലേക്ക് മാറ്റിയതും കോടതികളിലെ ബാഹ്യഇടപെടലുകളിലേക്ക് വ്യക്തമായി വിരല്‍ചൂണ്ടുന്നുണ്ട്. പ്രസാദ് ട്രസ്റ്റിനു കീഴിലുള്ള മെഡിക്കല്‍ കോളജ് അംഗീകാരവുമായി ബന്ധപ്പെട്ട കേസുകള്‍ മുന്‍ ഹൈക്കോടതി ജഡ്ജിയുടെ അറസ്റ്റില്‍ വരെ കാര്യങ്ങളെത്തിച്ചു. സുഹ്‌റാബുദ്ദീന്‍ വധം സംബന്ധിച്ച കേസ് കൈകാര്യം ചെയ്ത ജസ്റ്റിസ് ബി എച്ച് ലോയയുടെ മരണം ഭരണമേഖലയിലെ ഉന്നതരുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങാത്ത ന്യായാധിപന്മാര്‍ക്കുള്ള ഒരു മുന്നറിയിപ്പായാണല്ലോ വിലയിരുത്തപ്പെടുന്നത്. ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ നാല് തലമുതിര്‍ന്ന ജഡ്ജിമാര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ പരസ്യമായി പത്രസമ്മേളനം നടത്തിയതും കോടതികള്‍ സമ്മര്‍ദങ്ങള്‍ക്കു വിധേയപ്പെടുന്നതിന്റെ പ്രതിഫലനമായിരുന്നു.

അടുത്ത കാലത്തായി സുപ്രീം കോടതിയില്‍ നിന്നും ഹൈക്കോടതിയില്‍ നിന്നും വിരമിക്കുന്ന ജഡ്ജിമാരില്‍ പലര്‍ക്കും വിരമിച്ച ദിനം തന്നെയോ ആഴ്ചകള്‍ക്കുള്ളിലോ പുതിയ പദവി ലഭ്യമാകുന്നു. 2018 ജൂലൈ ആദ്യത്തില്‍ വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍ വിരമിച്ചതിന്റെ പിറ്റേ ദിവസം തന്നെ ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെയര്‍മാനായി നിയോഗിക്കപ്പെട്ടതും ജസ്റ്റിസ് പി സദാശിവം കേരള ഗവര്‍ണറായി നിയോഗിതനായതും ഉള്‍പ്പെടെ നിരവധി ഉദാഹരണങ്ങള്‍ ഇതിനു ചൂണ്ടിക്കാണിക്കാനുണ്ട്. പട്ടിക വിഭാഗത്തിനെതിരായ അതിക്രമം തടയാനുള്ള നിയമം ദുര്‍ബലപ്പെടുത്തിയ സുപ്രീംകോടതി ജഡ്ജിമാരില്‍ ഒരാളായിരുന്നു ഗോയല്‍. കേന്ദ്രം ആഗ്രഹിച്ച പോലെ നിയമത്തില്‍ വെള്ളം ചേര്‍ത്തു ഉത്തരവിറക്കിയതിനുള്ള ഉപകാരസ്മരണയായാണ് ഗോയലിന്റെ നിയമനത്തെ രാംവിലാസ് പാസ്വാന്‍ ഉള്‍പ്പെടെ എന്‍ ഡി എ ഘടകകക്ഷി നേതാക്കള്‍ തന്നെ കുറ്റപ്പെടുത്തിയത്. ഇത്തരം നിയമനങ്ങള്‍ നല്‍കുന്ന സൂചനയും ഭരണകൂടത്തോടുള്ള ന്യായാധിപന്മാരുടെ വിധേയത്വം തന്നെ. ഭരണഘടനാ തത്വങ്ങളെയും അടിസ്ഥാന നിയമ തത്വങ്ങളെയും മറികടന്ന് പൊതുബോധം വിധികളെ സ്വാധീനിക്കുന്ന അനുഭവങ്ങളും സമാനകാല ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ധാരാളം. പൊതുമനസ്സാക്ഷി പരിഗണിച്ച് പ്രതികളെ തൂക്കിക്കൊല്ലുന്നു എന്ന് വിധിന്യായത്തില്‍ എഴുതിവെക്കുന്നിടത്തു വരെ കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. സവര്‍ണ മൂല്യബോധം രാജ്യത്തിന്റെ ഭരണഘടനയേക്കാള്‍ മുകളില്‍ നില്‍ക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കുന്ന പരാമര്‍ശങ്ങളും പലപ്പോഴും പരമോന്നത നീതിപീഠത്തില്‍ നിന്ന് കേള്‍ക്കേണ്ടിവരുന്നു.

ഇന്ത്യന്‍ ഭരണഘടനയിലും രാജ്യത്തെ ഭരണ വ്യവസ്ഥയിലും നിര്‍ണായക സ്ഥാനം വഹിക്കുന്ന സ്ഥാപനങ്ങളാണ് കോടതികള്‍. സര്‍ക്കാറിന്റെ ഭാഗമായ നിയമ നിര്‍മാണ സഭകള്‍ക്കും ഉദ്യോഗസ്ഥ സംവിധാനത്തിനും വീഴ്ചകള്‍ സംഭവിക്കുമ്പോള്‍ ഭരണഘടനയുടെ പിന്‍ബലത്തില്‍ അതിനെ തിരുത്തി നേര്‍വഴിക്കു നയിക്കാന്‍ ചുമതലപ്പെട്ടവരാണ് ജുഡീഷ്യറിയുടെ മര്‍മസ്ഥാനം അലങ്കരിക്കുന്ന ന്യായാധിപന്മാര്‍. സര്‍ക്കാറിന്റെ നിയന്ത്രണങ്ങള്‍ക്കു പുറത്ത് ജനങ്ങളുടെ സമാധാന ജീവിതം ഉറപ്പ് വരുത്തുന്നതിലും ജനങ്ങള്‍ക്കിടയില്‍ ഉടലെടുക്കുന്ന പ്രശ്‌നങ്ങളില്‍ നീതി ഉറപ്പാക്കുന്നതിലും അവരുടെ പങ്കും ഉത്തരവാദിത്വവും വളരെ വലുതാണ്. ഇതു സാധ്യമാകണമെങ്കില്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെയും സ്വാധീനിക്കപ്പെടാതെയും സ്വതന്ത്രവും നിഷ്പക്ഷവുമായി നിലകൊള്ളേണ്ടതുണ്ട് ന്യായാധിപന്മാര്‍. ഇല്ലെങ്കില്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി ചൂണ്ടിക്കാട്ടിയതു പോലെ ജുഡീഷ്യറിയിലുള്ള സമൂഹത്തിന്റെ വിശ്വാസം ഇല്ലാതാകും.