Kerala
സി കെ ജാനുവിന് കോഴ: എം ഗണേഷുമായുള്ള ഫോണ്‍ ശബ്ദരേഖ പുറത്തുവിട്ട് പ്രസീത അഴീക്കോട്

കണ്ണൂര്‍ | സി കെ ജാനുവിന് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ഫോണ്‍ സംഭാഷണത്തിന്റെ മറ്റൊരു ഫോണ്‍ ശബ്ദരേഖ ജെ ആര്‍ പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് പുറത്തുവിട്ടു. ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷുമായി സംസാരിച്ചതിന്റെ ഫോണ്‍ റെക്കോര്‍ഡാണ് പ്രസീത പുറത്തുവിട്ടത്.
സുരേന്ദ്രന്‍ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നും ജാനുവിന്റെ കാര്യത്തിന് വേണ്ടിയാണെന്നും പ്രസീത സംഭാഷണത്തില്‍ ആമുഖമായി പറയുന്നുണ്ട്. വേണ്ട വിധത്തില്‍ അക്കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്നും സുരേഷ് എന്നായാളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഗണേഷ് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.
ജാനു തന്നെ വിളിച്ചിരുന്നു. സുരേഷുമായി അവര്‍ സംസാരിച്ച് പരസ്പരം ധാരണയിലെത്തിയിട്ടുണ്ടെന്നും ഗണേഷ് സംഭാഷണത്തില്‍ പറയുന്നുണ്ട്.
സി കെ ജാനുവിന് കോഴ നല്‍കിയതുമായി ബന്ധപ്പെട്ട് നേരത്തെ പ്രസീത ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായുള്ള ഫോണ്‍ സംഭാഷണവും പുറത്തുവിട്ടിരുന്നു. ജാനുവിന് 25 ലക്ഷം രൂപ നല്‍കാന്‍ ഗണേഷിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു ഈ സംഭാഷണത്തില്‍ സുരേന്ദ്രന്‍ പറഞ്ഞിരുന്നത്.
സികെ ജാനുവിന് തിരുവനന്തപുരത്ത് വെച്ച് കെ സുരേന്ദ്രന്‍ പത്ത് ലക്ഷവും ബത്തേരിയില്‍ വച്ച് ബിജെപി ജില്ലാ ഭാരാവാഹികള്‍ വഴി 25 ലക്ഷവും കൈമാറിയെന്ന് നേരത്തെ പ്രസീതയുടെ വെളിപ്പെടുത്തിയിരുന്നു