Connect with us

National

അഫ്ഗാനില്‍ ഐ എസ് വലയില്‍ കുടുങ്ങിയ മലയാളി പെണ്‍കുട്ടികളെ തിരികെ കൊണ്ടുവരാനാകില്ലെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | ഐ എസ് ഭീകരവാദി സംഘടനയുടെ വലയില്‍ കുടുങ്ങി അഫ്ഗാനിസ്ഥാനില്‍ എത്തിയ മലയാളി യുവതികളെ ഇന്ത്യ തിരികെ കൊണ്ടുവരില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ആക്രമണങ്ങളില്‍ ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അഫ്ഗാനില്‍ കീഴടങ്ങിയ നാല് പേരും ഇപ്പോള്‍ അവിടെ ജയിലില്‍ കഴിയുകയാണ്. ഇവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുപോകണമെന്ന് അഫ്ഗാനിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ഇന്ത്യ നിരസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

2016-18 കാലത്താണ് കണ്ണൂര്‍, കാസര്‍കോട് സ്വദേശികളായ നാല് യുവതികള്‍ ഐഎസ് അനുകൂലികളായ ഭര്‍ത്താക്കന്മാരോടൊപ്പം അഫ്ഗാനിലെ നന്‍ഗര്‍ഹറിലേക്ക് പോയത്. എന്നാല്‍ ഐഎസ് ഭീകരരും യുഎസ് – അഫ്ഗാന്‍ സംയുക്ത സേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇവരുടെ ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് ഒറ്റപ്പെട്ട നാല് പേരും 2019ല്‍ അഫ്ഗാന്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു. കാബൂളിലെ ജയിലിലാണ് ഇവരെ ഇപ്പോള്‍ താമസിപ്പിച്ചിരിക്കുന്നത്.

അതിനിടെ, ഐ എസിലേക്ക് ആകര്‍ഷിക്കപ്പെട്ട് അഫ്ഗാനിലെത്തിയ മകളെ തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് യുവതികളില്‍ ഒരാളായ ഫാത്തിമ എന്ന നിമിഷയുടെ മാതാവ് ബിന്ദു ആവശ്യപ്പെട്ടു. മകള്‍ ഉള്‍പ്പെടെയുള്ളവരെ തിരിച്ചുകൊണ്ടുപോകാന്‍ അഫ്ഗാനിസ്ഥാന്‍ ആവശ്യപ്പെട്ടിട്ടും അതിന് ഇന്ത്യ തയ്യാറാകാത്തത് കടുത്ത മനുഷ്യാവാകാശ ലംഘനമാണെന്ന് അവര്‍ പറഞ്ഞു. അമിത് ഷാ ഉള്‍പ്പെടെ ഉള്ളവരെ ബന്ധപ്പെട്ടിട്ടും ഒരു മറുപടിയും ഉണ്ടായില്ലെന്നും അവര്‍ പറയുന്നു.