Connect with us

Kerala

കഞ്ചാവ് ലഹരിയില്‍ സ്‌കൂളില്‍ കിടന്നുറങ്ങിയ പിടികിട്ടാപ്പുള്ളികളെ പോലീസ് വിളിച്ചുണര്‍ത്തി അറസ്റ്റ് ചെയ്തു

Published

|

Last Updated

തിരുവനന്തപുരം | കഞ്ചാവ് ലഹരിയില്‍ സ്‌കൂള്‍ വരാന്തയില്‍ കിടന്നുറങ്ങിയ പിടികിട്ടാപ്പുള്ളികളെ പോലീസ് കൈയോടെ പൊക്കി. നെയ്യാറ്റിന്‍കര പെരുമ്പഴുതൂരിലാണ് സംഭവം. പെരുമ്പഴുതൂര്‍ സ്വദേശി ശോഭലാല്‍, സുധി സുരേഷ് എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ നടക്കുകയാണ്.

ബുധനാഴ്ച രാവിലെ പ്രദേശവാസിയാണ് മൂന്ന് യുവാക്കള്‍ സ്‌കൂളിന്റെ വരാന്തയില്‍ പായ വിരിച്ച് കിടന്നുറങ്ങുന്നത് കണ്ടത്. ഇദ്ദേഹം സ്‌കൂള്‍ പി ടി എ പ്രസിഡന്റിനെ വിവരമറിയിച്ചു. പി ടി എ പ്രസിഡന്റ് വിവരമറിയിച്ചതിനനുസരിച്ച് പോലീസ് എത്തിയപ്പോഴാണ് പിടികിട്ടാപ്പുള്ളികളാണ് സ്‌കൂളിന്റെ വരാന്തയില്‍ കിടന്നുറങ്ങുന്നതെന്ന് കണ്ടെത്തിയത്.

പൊലീസ് എത്തിയിട്ടും കഞ്ചാവ് ലഹരിയില്‍ അറിയാതിരുന്ന മൂവരെയും പോലീസുകാര്‍ തന്നെയാണ് വിളിച്ചുണര്‍ത്തിയത്. തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്യുന്നതിനിടയിലാണ് ഒരാള്‍ സ്‌കൂള്‍ മതില്‍ ചാടിക്കടന്ന് രക്ഷപ്പെട്ടത്.

മൂന്നു പേര്‍ക്കുമെതിരേ ഒട്ടേറെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. മോഷണക്കേസുകള്‍, അടിപിടിക്കേസുകള്‍ തുടങ്ങിയവയാണ് ഇവര്‍ക്കെതിരേ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അറസ്റ്റ് ചെയ്ത രണ്ടുപേരെയും പിന്നീട് കോടതിയില്‍ ഹാജരാക്കി.