Connect with us

Articles

വാക്‌സീന്‍ നയം; കോടതി കേന്ദ്രത്തിനെ തിരുത്തുമ്പോള്‍

Published

|

Last Updated

ക്ഷേമരാഷ്ട്രമാണ് ലോകത്തെ ബഹുഭൂരിപക്ഷം രാജ്യങ്ങളുടെയും പ്രഖ്യാപിത ലക്ഷ്യം. ഇന്ത്യയെ ഒരു ക്ഷേമരാഷ്ട്രമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവെച്ചത് നമ്മുടെ ഭരണഘടന തന്നെയാണ്. ഇന്ത്യയില്‍ മാറിമാറി വന്ന സര്‍ക്കാറുകള്‍ ഒരു ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള പല നടപടികളും സ്വീകരിച്ചു. നിലവിലുള്ള മോദി സര്‍ക്കാറും ക്ഷേമരാഷ്ട്രം തന്നെയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പലപ്രാവശ്യം പ്രഖ്യാപിച്ചിട്ടുള്ളതാണ്.
കൊവിഡ് മഹാമാരി രാജ്യത്തെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. പ്രതിദിനം നാല് ലക്ഷത്തിനു പുറത്ത് രോഗികള്‍ പുതുതായി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ ലോകത്തെ ഒന്നാം സ്ഥാനത്ത് നമ്മുടെ രാജ്യം എത്തിയിരിക്കുന്നു. ഇവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കുന്നതിനായി ആയിരക്കണക്കിന് പുതിയ ആശുപത്രികളും ചികിത്സാ സൗകര്യങ്ങളും മതിയായ മരുന്നുകളും ഉണ്ടാക്കിയേ മതിയാകൂ. കോടിക്കണക്കിനു വരുന്ന ജനങ്ങള്‍ക്ക് പ്രതിരോധ വാക്‌സീനേഷന്‍ അടിയന്തരമായും നല്‍കേണ്ട സ്ഥിതിയാണ് രാജ്യത്തുള്ളത്. ഇക്കാര്യത്തില്‍ തികഞ്ഞ പരാജയമാണ് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. ആശുപത്രിയിലുള്ള കൊവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ സിലിന്‍ഡര്‍ എത്തിക്കുന്ന കാര്യത്തില്‍ പോലും സര്‍ക്കാറുകള്‍ ദയനീയമായി പരാജയപ്പെട്ട സ്ഥിതിയാണ്. ഓക്‌സിജന്റെ അഭാവംമൂലം ഡസന്‍കണക്കിന് രോഗികള്‍ തലസ്ഥാന നഗരമായ ഡല്‍ഹി അടക്കമുള്ള വിവിധ സംസ്ഥാനങ്ങളില്‍ മരണമടയുന്നതിന്റെ വാര്‍ത്തകള്‍ ഇപ്പോള്‍ വന്നുകൊണ്ടിരിക്കുകയാണ്. ലോകത്ത് ഒരിടത്തും ഈ സ്ഥിതി ഉണ്ടായിട്ടില്ല.

കൊവിഡ് വാക്‌സീന്‍ വിതരണത്തില്‍ നീതീകരണമില്ലാത്ത നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കൊവിഡ് വാക്‌സീന്‍ പൊതുമുതലാണെന്നും വാക്‌സീന് എന്തിനാണ് രണ്ട് വില നിശ്ചയിച്ചിരിക്കുന്നതെന്നും സുപ്രീം കോടതി സര്‍ക്കാറിനോട് ചോദിച്ചിരിക്കുന്നു. വാക്‌സീന്‍ കൈപ്പറ്റുന്നത് കേന്ദ്രമായാലും സംസ്ഥാനമായാലും എന്താണ് വ്യത്യാസമെന്നും കോടതി ചോദിച്ചു. സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലെ വാദത്തിനിടയിലാണ് കേന്ദ്ര സര്‍ക്കാറിനെ കടുത്ത പ്രതിരോധത്തിലാക്കി സുപ്രീം കോടതിയുടെ ഈ നിരീക്ഷണങ്ങള്‍. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഢ്, എല്‍ നാഗേശ്വര റാവു, രവീന്ദ്രഭട്ട് എന്നിവരുള്‍പ്പെട്ട ബഞ്ചാണ് കഴിഞ്ഞ ദിവസം ഈ കേസില്‍ വാദം കേട്ടത്. കേന്ദ്ര സര്‍ക്കാറിന്റെ വാക്‌സീന്‍ നയത്തെ രൂക്ഷമായി തന്നെ സുപ്രീം കോടതി വിമര്‍ശിച്ചു.

യു എസില്‍ വാക്‌സീന്‍ 2.15 ഡോളറിനും യൂറോപ്യന്‍ യൂനിയനില്‍ മൂന്ന് ഡോളറിനും ലഭ്യമാകുമ്പോള്‍ ഇന്ത്യയില്‍ 400 രൂപക്കും 600 രൂപക്കും വില്‍ക്കുന്നതിന് എന്ത് നീതീകരണമാണുള്ളതെന്നും ഇത് സാമാന്യബുദ്ധിക്ക് നിരക്കാത്തതാണെന്നും കോടതി പ്രതികരിച്ചു. കൊവിഡ് വാക്സീന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയ നടപടിയെയും കോടതി വിമര്‍ശിച്ചു. ഇന്ത്യയിലെ കോടിക്കണക്കിന് ആളുകള്‍ നിരാലംബരാണ്. അവരെ സ്വകാര്യമേഖലയെ ആശ്രയിക്കുന്ന തരത്തിലേക്ക് തള്ളിവിടാനാകില്ലെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

വാക്‌സീന്‍ നിര്‍മാണത്തിന് സ്വകാര്യ കമ്പനികള്‍ക്ക് എന്തിന് 4,500 കോടി രൂപ നല്‍കിയെന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ വാക്‌സീന്‍ ഉത്പാദിപ്പിക്കില്ലേയെന്നും കോടതി ചോദിച്ചു. സര്‍ക്കാറിന്റെ ധനസഹായത്തോടെയാണ് വാക്‌സീന്‍ നിര്‍മിച്ചിട്ടുള്ളത്. അതുകൊണ്ട് വാക്‌സീനെ പൊതുമുതലായി പരിഗണിക്കേണ്ടതാണ്. വാക്‌സീന് രണ്ട് തരത്തിലുള്ള വില ഈടാക്കുന്നത് സംസ്ഥാനങ്ങില്‍ ചിലര്‍ പരിഗണിക്കപ്പെടാനും ചിലര്‍ അവഗണിക്കപ്പെടാനും ഇടയാക്കും. അതിന് കമ്പനികള്‍ക്ക് അവസരം നല്‍കുന്ന നടപടിയായി ഇത് മാറില്ലേയെന്നും കോടതി ചോദിച്ചു.
കൊവിഡ് പ്രതിരോധത്തിനായി പ്രതിരോധ നടപടികള്‍ കൈക്കൊള്ളുന്നതില്‍ ദയനീയമായി പരാജയപ്പെട്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരായി ശക്തമായ പ്രതിഷേധം രാജ്യത്തൊട്ടാകെ അലയടിച്ചുയരുകയാണ്. ഈ ജനകീയ പ്രതിരോധത്തിനെതിരായി കരിനിയമങ്ങള്‍ ഉപയോഗിക്കാന്‍ പല സര്‍ക്കാറുകളും ഇതിനകം തയ്യാറായിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ വിവരം പങ്കുവെച്ചെന്നാരോപിച്ച് ദേശീയ സുരക്ഷാനിയമം ആളുകളുടെ മേല്‍ ചുമത്തണമെന്ന ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതി ഇടപെട്ടത്. സംസ്ഥാനത്ത് യാതൊരു ഓക്‌സിജന്‍ പ്രതിസന്ധിയുമില്ലെന്നും ഇത്തരം പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ദേശീയ സുരക്ഷാനിയമം ചുമത്തി കേസെടുക്കുകയും സ്വത്ത് കണ്ടുകെട്ടുകയും ചെയ്യുമെന്നും യു പി മുഖ്യമന്ത്രി ആദിത്യനാഥ് പ്രസ്താവിച്ചിരുന്നു. ഇതാണ് സുപ്രീം കോടതിയുടെ ഇടപെടലിന് ഇടയാക്കിയത്.
കൊവിഡ് വാക്‌സീന്‍ സൗജന്യമായി എല്ലാവര്‍ക്കും നല്‍കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ 4,500 കോടി രൂപ കൊണ്ട് പ്രവര്‍ത്തനമാരംഭിച്ച സ്വകാര്യ വാക്‌സീന്‍ നിര്‍മാണ കമ്പനികള്‍ ഇപ്പോള്‍ വില നിശ്ചയിച്ചിട്ടുള്ളത് ലോകത്ത് ഒരു രാജ്യത്തും നിലവിലില്ലാത്ത രീതിയിലാണ്. കേന്ദ്ര സര്‍ക്കാറിന് കുറഞ്ഞ വിലക്കും സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കൂടിയ വിലക്കും സ്വകാര്യ ആശുപത്രികള്‍ക്ക് അതിനേക്കാള്‍ കൂടിയ വിലക്കുമാണ് നല്‍കിവരുന്നത്. രാജ്യത്തെ 18 വയസ്സിനും 45 വയസ്സിനും ഇടയിലുള്ള യുവതക്ക് വാക്‌സീനേഷന്‍ സ്വീകരിക്കണമെങ്കില്‍ സ്വകാര്യ ആശുപത്രികളില്‍ നിന്ന് മാത്രമേ സാധിക്കുകയുള്ളൂ. ഇതിന് വളരെ കൂടുതല്‍ ചാര്‍ജ് നല്‍കേണ്ട സ്ഥിതിയാണുള്ളത്. കേന്ദ്രത്തെയും സംസ്ഥാനങ്ങളെയും ജനങ്ങളില്‍ വിവിധ വിഭാഗങ്ങളെയും പല തട്ടുകളായി തിരിച്ച് അവര്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ മാത്രമേ ഈ വാക്‌സീന്‍ നയം ഉപകരിക്കുകയുള്ളൂ. അതുകൊണ്ട് തന്നെയാണ് പരമോന്നത കോടതി തെറ്റായ വാക്‌സീന്‍ നയം അടിയന്തരമായി തിരുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

വാക്‌സീന്‍ വിലനിര്‍ണയാധികാരം സ്വകാര്യ കമ്പനികള്‍ക്ക് വിട്ടുകൊടുത്തതില്‍ കടുത്ത അതൃപ്തിയാണ് സുപ്രീം കോടതി ഈ വിധിന്യായത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മരുന്നു കമ്പനികള്‍ക്ക് വില നിശ്ചിയിക്കാനുള്ള അധികാരം എന്തിന്റെ അടിസ്ഥാനത്തിലാണ് നല്‍കിയിരിക്കുന്നതെന്ന് കോടതി ചോദിക്കുകയും ചെയ്തിട്ടുണ്ട്.

കൊവിഡ് പ്രതിരോധത്തില്‍ മോദി സര്‍ക്കാര്‍ വളരെ നിരുത്തരവാദപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരമോന്നത കോടതി എടുത്തുപറഞ്ഞിട്ടുണ്ട്. ഓക്‌സിജന്‍ തീര്‍ത്തും കിട്ടാനില്ലാത്ത അവസ്ഥയാണ് ഡല്‍ഹിയിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും മറ്റുമുള്ളത്.
ഭയാനകമായ കൊവിഡ് മഹാമാരി ഗുരുതരമായ ഒരു സാഹചര്യമാണ് രാജ്യത്ത് ഉണ്ടാക്കിയിരിക്കുന്നത്. ബഹുഭൂരിപക്ഷം സാധാരണ ജനങ്ങളും നിര്‍ദയം ഇതിന് ഇരയാകുന്നു. ഇത്തരത്തില്‍പ്പെട്ട ഓരോ പ്രദേശത്തെയും പതിനായിരങ്ങള്‍ക്ക് നീതി ലഭ്യമായേ മതിയാകൂ. എന്തായാലും സുപ്രീം കോടതിയുടെ കൊവിഡ് വാക്‌സീനെ സംബന്ധിച്ചും ഓക്‌സിജന്‍ ലഭ്യതയെ സംബന്ധിച്ചും ചികിത്സയെ സംബന്ധിച്ചുമുള്ള ഐതിഹാസികമായ ഈ വിധി അതുകൊണ്ടുതന്നെ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ്.

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

Latest