ചൈനയുടെ പശ്ചിമേഷ്യൻ ലക്ഷ്യങ്ങൾ

കരാർ പ്രാബല്യത്തിലാകുന്നതോടെ ഇറാനിലേക്ക് ചൈനീസ് മൂലധനം ഒഴുകും. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ഇറാനിലേക്കുള്ള സർവ നിക്ഷേപങ്ങളും തടഞ്ഞതിനാൽ മൂലധന നിക്ഷേപത്തിന്റെ സാധ്യതകൾ അടഞ്ഞു കിടന്ന ഇറാനിൽ ചൈനയുടെ പണത്തിന് പാർക്ക് ചെയ്യാൻ എമ്പാടും ഇടമുണ്ട്. തിരിച്ച് എണ്ണയാണ് ഒഴുകുക.
Posted on: April 4, 2021 5:00 am | Last updated: April 3, 2021 at 11:04 pm

എണ്ണ സമ്പന്നമാണ് ഇറാൻ. ശിയാ രാഷ്ട്രീയത്തിന്റെ കേന്ദ്രം എന്ന നിലയിൽ എക്കാലത്തും സംശയത്തിന്റെ നിഴലിലുള്ള രാജ്യം. ആരും ആ രാജ്യത്തെ അകമഴിഞ്ഞ് വിശ്വസിക്കുന്നില്ല. മുസ്‌ലിംകൾക്കിടയിൽ വംശീയത കത്തിക്കാനുള്ള കരു മാത്രമാണ് പാശ്ചാത്യർക്ക് ഈ രാജ്യം. അവർ ഇറാനോട് അടുക്കുന്നതും അകലുന്നതും ഇങ്ങനെ കരുക്കൾ മാറ്റി പരീക്ഷിക്കുമ്പോഴാണ്. അതുകൊണ്ട് അറബ് രാജ്യങ്ങൾക്കും ഇസ്‌റാഈലിനും ഒരു പോലെ ഇറാനെ പേടിയാണ്, ഇരു കൂട്ടർക്കും ഇറാൻ ശത്രുവാണ്. ഒബാമയുടെ കാലത്താണ് യു എസ് ഇറാനുമായി അൽപ്പമെങ്കിലും ആത്മാർഥമായ ഒരു എംഗേജ്‌മെന്റ് നടത്തിയത്, ആറ് രാഷ്ട്ര ആണവ കരാറിന്റെ രൂപത്തിൽ. യു എൻ രക്ഷാസമിതി സ്ഥിരാംഗങ്ങളും ഇറാനും ഒപ്പുവെച്ച കരാർ ട്രംപ് വന്നപ്പോൾ കീറി ചവറ്റുകൊട്ടയിലിട്ടു. ബൈഡൻ വന്നപ്പോൾ പുനഃസ്ഥാപിക്കുന്നുവെന്ന് പ്രഖ്യാപിച്ചതാണ്. ഇതുവരെ ഒന്നും നടന്നില്ല. ഈ ഘട്ടത്തിൽ അമേരിക്ക ഒഴിച്ചിട്ട കസേരയിൽ ചൈന കയറി ഇരിക്കുകയാണ്. ലോകത്ത് വലിയ മാറ്റങ്ങൾക്ക് വഴി വെക്കുന്ന ബാന്ധവത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.

400 ബില്യൺ ഡോളറിന്റെ ബൃഹത്തായ കരാറിൽ ചൈനയും ഇറാനും ഒപ്പുവെക്കുമ്പോൾ പുതിയൊരു ശാക്തിക ചേരി തന്നെ രൂപപ്പെടുകയാണ് ചെയ്യുന്നത്. കാൽ നൂറ്റാണ്ട് നീളുന്ന സമഗ്ര സഹകരണമാണ് ഈ കറാറിലൂടെ ഇരു രാജ്യങ്ങൾക്കുമിടയിൽ സാധ്യമാകുന്നത്. ഊർജം, വാണിജ്യം, വാർത്താ വിനിമയം, പ്രതിരോധം തുടങ്ങി പ്രധാന മേഖലകളെയെല്ലാം സ്പർശിക്കുന്നതാണ് കരാർ. ചൈനയുടെ പദ്ധതി ഒരിക്കലും ഇറാനിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. ചൈനീസ് വിദേശകാര്യമന്ത്രി നടത്തുന്ന പശ്ചിമേഷ്യൻ യാത്രയുടെ ഒരു സ്റ്റോപ്പ് മാത്രമാണ് ഇറാൻ. ഇന്ത്യയിലേക്കടക്കം നീളുന്ന വിശാല ലക്ഷ്യങ്ങളാണ് ചൈനക്കുള്ളത്. ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ള്വരീഫും ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയുമാണ് ചരിത്രപരമായ കരാറിൽ ഒപ്പുവെച്ചത്. ദ്വിദിന സന്ദർശനത്തിന് ഇറാനിലെത്തിയ വാംഗ് യി പ്രസിഡന്റ് ഹസൻ റൂഹാനി, പരമോന്നത നേതാവ് അലി ഹുസൈനി ഖാംനഈയുടെ പ്രതിനിധി അലി ലറിജാനി എന്നിവരുമായി ചർച്ച നടത്തിയ ശേഷമായിരുന്നു അത്. 25 വർഷ കരാറിന് മുൻകൈയെടുത്തത് ഖാംനഈ തന്നെയാണ്.

കരാർ പ്രാബല്യത്തിലാകുന്നതോടെ ഇറാനിലേക്ക് ചൈനീസ് മൂലധനം ഒഴുകും. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ഇറാനിലേക്കുള്ള സർവ നിക്ഷേപങ്ങളും തടഞ്ഞതിനാൽ മൂലധന നിക്ഷേപത്തിന്റെ സാധ്യതകൾ അടഞ്ഞു കിടന്ന ഇറാനിൽ ചൈനയുടെ പണത്തിന് പാർക്ക് ചെയ്യാൻ എമ്പാടും ഇടമുണ്ട്. തിരിച്ച് എണ്ണയാണ് ഒഴുകുക. ലോകത്തെ നാലാമത് എണ്ണ ഉത്പാദക രാജ്യമായ ഇറാനിൽ നിന്ന് വില കുറച്ച് ക്രൂഡ് ഓയിൽ നിരന്തരം ഇറക്കുന്ന രാജ്യമായി ചൈന മാറും. ഇപ്പോൾ തന്നെ പ്രതദിനം 3,00,000 ബാരൽ ഇറാനിയൻ ഓയിൽ ചൈന ഇറക്കുമതി ചെയ്യുന്നുണ്ട്. കരാർ പ്രാബല്യത്തിലാകുന്നതോടെ ഇത് കുതിച്ചുയരും.
സത്യത്തിൽ തുല്യ ദുഃഖിതരായ രണ്ട് രാജ്യങ്ങൾ നടത്തുന്ന വിൻ- വിൻ ഏർപ്പാടാണ് ഈ കരാർ. ആണവ പദ്ധതിയുടെ പേരിൽ ഇറാനെതിരെ അമേരിക്ക ചുമത്തിയ ഉപരോധം ആ രാജ്യത്തെ സമസ്ത മേഖലയെയും പിന്നോട്ട് തള്ളിയിരിക്കുന്നു. അവരുടെ ക്രൂഡ് എണ്ണ അന്താരാഷ്ട്ര വിപണിയിൽ എത്തിക്കാൻ സാധിക്കുന്നില്ല. പുറത്ത് നിന്ന് സാങ്കേതിക വിദ്യ സ്വീകരിക്കാൻ അവർക്കാകുന്നില്ല. കൊവിഡ് വാക്‌സീൻ പോലും ഇറക്കുമതി ചെയ്യാനാകാത്ത സ്ഥിതി. അമേരിക്കയെ പേടിച്ച് ഒരു രാജ്യവും ഇറാനോട് സഹകരിക്കുന്നില്ല. അതി ഭീകരമായ വരിഞ്ഞു മുറുക്കലാണ് ഇറാൻ അനുഭവിക്കുന്നത്.

ALSO READ  ഇ ഡിക്കെതിരെ ജുഡീഷ്യൽ അന്വേഷണം

കറൻസി നയവും താരിഫ് നയവുമാണ് ചൈനക്ക് മേൽ ഉപരോധം അടിച്ചേൽപ്പിക്കാൻ യു എസ് കാരണമായെടുക്കുന്നത്. ചൈനയുടെ കെട്ടുറപ്പ് കൊണ്ട് പക്ഷേ, ഈ ഉപരോധം ഏശുന്നില്ല. ചൈനീസ് ഉത്പന്നങ്ങൾ എടുത്തു മാറ്റിയാൽ യു എസിലെ ഹൈപ്പർ മാർക്കറ്റുകൾ ശൂന്യമാകുമല്ലോ. യു എസ് മേധാവിത്വത്തെ വെല്ലുവിളിക്കാൻ ചൈനക്ക് ഒറ്റക്ക് സാധിക്കുമെന്ന് ചുരുക്കം. എന്നിട്ടും ഇറാനെ കൂടെ കൂട്ടി വെല്ലുവിളിക്കാൻ ചൈന തയ്യാറാകുന്നത് ആ നീക്കത്തിന് വർധിത പ്രഹര ശേഷിയുള്ളത് കൊണ്ടാണ്. നിരവധി സാമ്പത്തിക, സൈനിക സഖ്യങ്ങളിലൂടെ മേഖലയിൽ ചുവടുറപ്പിക്കാൻ അമേരിക്ക ശ്രമിക്കുമ്പോൾ അതേ അർഥത്തിൽ തിരിച്ചടിക്കുകയാണ് ചൈന.
അമേരിക്കൻ ഉപരോധം കൊണ്ട് മറ്റ് രാജ്യങ്ങൾ പിൻവാങ്ങിയ സർവ മേഖലയിലും ചൈന കടന്ന് കയറുകയാണ്. ഇറാനിൽ 5ജി ശൃംഖല വികസിപ്പിക്കാൻ കരാർ ഏറ്റെടുത്തിരുന്നത് സ്വീഡിഷ് കമ്പനിയായ എറിക്‌സൺ ആയിരുന്നു. ഉപരോധം കാരണം അവർ പാതി വഴിയിൽ ഉപേക്ഷിച്ച് മടങ്ങി. ചൈനീസ് ടെലികോം ഭീമനായ വാവേയ് ആണ് ഇപ്പോൾ അവിടെ രംഗപ്രവേശം ചെയ്തിട്ടുള്ളത്. ഇത് ഒരു ഉദാഹരണം മാത്രമാണ്. ഇറാനുമായി നല്ല ബന്ധത്തിന് ആഗ്രഹമുണ്ടായിട്ടും ഇസ്‌റാഈലിനെ പേടിച്ച് മടിച്ചു നിൽക്കുന്ന ബൈഡൻ ഈ മാറ്റം കാണുന്നുണ്ട്. തങ്ങൾ അടിച്ചേൽപ്പിച്ച ഉപരോധം ഫലശൂന്യമാകുന്നുവെന്ന ആധിയാണ് ബൈഡൻ ഭരണകൂടത്തിന്.

അതുകൊണ്ട്, പുതിയ കരാറിൽ തങ്ങൾക്കുള്ള സന്തോഷവും ആശ്വാസവും ഇറാൻ ഭരണ നേതൃത്വം പരസ്യമായി രേഖപ്പെടുത്തുന്നു. ആപത്ത് കലത്ത് കൂടെ നിന്ന യഥാർഥ സുഹൃത്ത് എന്നാണ് അവർ ചൈനയെ വിശേഷിപ്പിച്ചത്.
തുടക്കത്തിൽ പറഞ്ഞ പോലെ പുതിയ ബാന്ധവം തീർക്കുന്ന പല രാജ്യങ്ങളിൽ ഒന്നു മാത്രമാണ് ചൈനക്ക് ഇറാൻ. സൈനികമായ അധിനിവേശത്തിന്റെ കാലം കഴിഞ്ഞുവെന്നും സാമ്പത്തിക, സാങ്കേതിക കടന്നു കയറ്റമാണ് പുതിയ കാലത്തിന്റെ സാധ്യതയെന്നും ചൈന തിരിച്ചറിയുന്നു. 2016ൽ ചൈന പുറപ്പെടുവിച്ച “അറബ് പോളിസി പേപ്പർ’ ഈ തന്ത്രമാണ് വിശദമാക്കുന്നത്. അതേ വർഷം ചൈനയുടെ സിനോപെക്കും സഊദിയുടെ ആരാംകോയും സംയുക്തമായി 10 ബില്യൺ ഡോളറിന്റെ റിഫൈനറി സ്ഥാപിച്ചു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ റിഫൈനറി കുവൈത്തിൽ സ്ഥാപിച്ചതും സിനോപെക്കിന്റെ മുൻകൈയിലാണ്. യു എ ഇയിൽ ഖാലിഫാ തുറമുഖം, തുർക്കിയിലെ ഹനുത്‌ലു താപവൈദ്യുതി നിലയം, സഊദിയിലെ ജിസാൻ തുറമുഖം, ജോർദാനിലെ അതാരത് പവർ പ്ലാന്റ്, ഈജിപ്തിലെ പോർട്ട് സെയ്ദ്… ചൈനയുടെ സാങ്കേതിക, സാമ്പത്തിക കാൽപ്പാടുകൾ ഇവിടെയെല്ലാമുണ്ട്. അറബ് മേഖലയിൽ മാത്രം നിൽക്കുന്നില്ല ചൈനീസ് സ്വാധീനം. ഇസ്‌റാഈലിൽ ടെക്ക് മേഖലയിൽ 19.4 ബില്യൺ ഡോളറിന്റെ 463 കരാറുകൾ ഒപ്പുവെച്ചത് ഈയിടെയാണ്. അടിസ്ഥാന സൗകര്യ മേഖലയിൽ എട്ട് വമ്പൻ കരാറുകൾ വേറെയും. ചൈന മേധാവിത്വ കേന്ദ്രമാകുന്നുവെന്ന് ചുരുക്കം. ഇന്ത്യൻ അതിർത്തിയിൽ അതിക്രമിച്ചു കയറുന്ന ചൈനയാണെന്നോർക്കണം. മ്യാൻമറിൽ സ്വന്തം ജനതയെ കൊന്നു തള്ളുന്ന സൈന്യത്തിന്റെ കൂടെയാണ് ചൈന. നേപ്പാളിലും പാക്കിസ്ഥാനിലും ശ്രീലങ്കയിലുമൊക്കെ ചൈന കുതന്ത്രങ്ങൾ പയറ്റുന്നുണ്ട്. അമേരിക്കൻ മേധാവിത്വത്തെ വെല്ലുവിളിക്കുന്നുവെന്ന അർഥത്തിൽ ഇറാൻ- ചൈന കരാറിനെ ആഘോഷിക്കുമ്പോഴും നിലനിൽക്കുന്ന ആധിയാണിവ.

ALSO READ  പോക്‌സോ കേസുകളില്‍ ലാഘവമരുത്

ഏതായാലും അന്താരാഷ്ട്ര എണ്ണ വിപണിയിൽ ഉണർവുണ്ടാക്കാനും വില നിയന്ത്രിക്കാനും ഈ കരാർ വഴിയൊരുക്കുമെന്നതാണ് ആശ്വാസം. അമേരിക്ക അടിച്ചേൽപ്പിച്ച ഉപരോധം മൂലം നിലച്ച ഇറാൻ ക്രൂഡ് കയറ്റുമതി പുനരാരംഭിക്കാൻ കരാർ സഹായകമാകും. ചൈന വഴി ഇറാൻ എണ്ണ ആഗോള വിപണിയിൽ എത്തുകയും ചെയ്യും. ഇത് ആഗോള എണ്ണ വിപണിയിൽ ഗുണപരമായ മാറ്റമുണ്ടാക്കുമെന്നതിൽ സംശയമില്ല. പിന്നെ, ഇറാൻ ജനതയുടെ താത്പര്യങ്ങൾ ഈ കരാർ ഉയർത്തിപ്പിടിക്കുന്നുണ്ട്. ഉപരോധത്തിൽ ഞെരിഞ്ഞമരാനും കൊവിഡ് വാക്‌സീനും മരുന്നും പോലും ലഭിക്കാതെ വലയാനും ആ ജനതയെ എറിഞ്ഞു കൊടുക്കുന്നത് നീതിയല്ലല്ലോ. ചൈനയും റഷ്യയും വെനിസ്വേലയുമൊക്കെ ഇറാനുമായി സഹകരിക്കാൻ തയ്യാറാകുമ്പോൾ ഇറാനിയൻ ജനതക്ക് അത് ഗുണകരമാകുമെങ്കിൽ മറ്റെല്ലാം മാറ്റിവെച്ച് അതിനെ ആഘോഷിക്കുകയാണല്ലോ വേണ്ടത്.