Connect with us

Business

റിലയന്‍സ്- ഫ്യൂച്ചര്‍ ഇടപാടില്‍ ട്രൈബ്യൂണല്‍ അന്തിമ വിധി പറയുന്നത് സുപ്രീം കോടതി തടഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി | റിലയന്‍സ്- ഫ്യൂച്ചര്‍ റീടെയില്‍ ഇടപാടില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതില്‍ നിന്ന് ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ (എന്‍ സി എല്‍ ടി) തടഞ്ഞ് സുപ്രീം കോടതി. ആമസോണ്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ നടപടി. 24,713 കോടി രൂപയുടെതാണ് ഇടപാട്.

ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാന്‍, ബി ആര്‍ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് ആണ് ഇടക്കാല ഉത്തരവ് നല്‍കിയത്. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഓഹരിയുടമകളും കമ്പനികള്‍ക്ക് വായ്പ നല്‍കിയവരും തമ്മിലുള്ള യോഗം നടന്നിട്ടുണ്ടെങ്കില്‍ പോലും ഇടപാടിന് ട്രൈബ്യൂണല്‍ ഇപ്പോള്‍ അനുമതി നല്‍കരുതെന്നാണ് ഉത്തരവിലുള്ളത്. ഫ്യൂച്ചര്‍ ഗ്രൂപ്പിനും അധ്യക്ഷന്‍ കിഷോര്‍ ബിയാനിക്കും സുപ്രീം കോടതി നോട്ടീസ് നല്‍കിയിട്ടുമുണ്ട്.

ഫ്യൂച്ചര്‍- റിലയന്‍സ് ഇടപാടുമായി ബന്ധപ്പെട്ട വിവിധ നിയമ പ്രശ്‌നങ്ങള്‍ തീര്‍പ്പാകുന്നത് വരെ തത്സ്ഥിതി തുടരണമെന്നായിരുന്നു ആമസോണിന്റെ ആവശ്യം. അഞ്ച് ആഴ്ചക്ക് ശേഷമാണ് ആമസോണിന്റെ ഹരജി ഇനി സുപ്രീം കോടതി പരിഗണിക്കുക. നേരത്തേ, ഈ ഇടപാട് എമര്‍ജന്‍സി ആര്‍ബിട്രേറ്ററും സിംഗപ്പൂര്‍ ഇന്റര്‍നാഷനല്‍ ആര്‍ബിട്രേഷന്‍ സെന്ററും തടഞ്ഞിരുന്നു.

Latest