കര്‍ഷക പ്രക്ഷോഭം: താരങ്ങളുടെ ട്വീറ്റുകളില്‍ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര

Posted on: February 8, 2021 3:28 pm | Last updated: February 8, 2021 at 6:27 pm

മുംബൈ | കര്‍ഷക പ്രക്ഷോഭം കൈകാര്യം ചെയ്യുന്നതിനെതിരെ ആഗോളതലത്തില്‍ ഉയര്‍ന്ന പ്രതിഷേധത്തിനെതിരെ താരങ്ങള്‍ ട്വീറ്റ് ചെയ്തത് അന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍. ഒരേ സമയം ഒരേ പോസ്റ്റുകള്‍ നടത്തിയ താരങ്ങളുണ്ടെന്നും ഇക്കാര്യം അന്വേഷിക്കുമെന്നും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു.

ഇക്കാര്യം അന്വേഷിക്കണമെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാറിനെ അനുകൂലിക്കാന്‍ ബി ജെ പി സമ്മര്‍ദം താരങ്ങള്‍ക്കുണ്ടായോയെന്നത് അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. നിലവില്‍ കൊവിഡ് ബാധിതനായ ആഭ്യന്തര മന്ത്രിയുമായി ഇന്ന് രാവിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഓണ്‍ലൈനില്‍ ചര്‍ച്ച നടത്തിയിരുന്നു.

ബോളിവുഡ് താരം അക്ഷയ് കുമാറും ബാഡ്മിന്റണ്‍ താരം സെയ്‌ന നെഹ്വാളും ട്വീറ്റ് ചെയ്തത് ഒരേ കാര്യമായിരുന്നു. സിനിമാ താരം സുനില്‍ ഷെട്ടിയാകട്ടെ ഒരു ബി ജെ പി നേതാവിനെ ടാഗ് ചെയ്താണ് പോസ്റ്റിട്ടത്. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെങ്കിലും താരങ്ങള്‍ക്ക് സമ്മര്‍ദമുണ്ടായോയെന്നതാണ് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ സാവന്ത് പറഞ്ഞു.

ALSO READ  അക്രമ സംഭവങ്ങളെ അപലപിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച; സാമൂഹിക വിരുദ്ധര്‍ നുഴഞ്ഞുകയറി