രണ്ടാം ദാക്കർ റാലിക്ക് സഊദിയിൽ നാളെ തുടക്കം

Posted on: January 2, 2021 10:47 pm | Last updated: January 2, 2021 at 10:50 pm

ദമാം | 13 ദിവസം നീണ്ടുനിൽക്കുന്ന രണ്ടാം ദാക്കർ റാലിക്ക് സഊദി അറേബ്യയിൽ നാളെ തുടക്കമാകും. വിഷൻ 2030ന്റെ ഭാഗമായി സഊദി ഓട്ടോമൊബൈൽ, മോട്ടോർ സൈക്കിൾ ഫെഡറേഷനുമായി ഏകോപിപ്പിച്ച് കായിക മന്ത്രാലയമാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. തുടർച്ചായി രണ്ടാം വർഷവും സഊദിയാണ് റാലിക്ക് ആതിഥ്യമരുളുന്നത്.

7,600 കിലോമീറ്റർ ദൂരമുള്ള റാലിയുടെ ആദ്യഘട്ടത്തിൽ  ദുർഘടമായ  മണൽ പരപ്പുകൾ നിറഞ്ഞ  രാജ്യത്തെ  10 ഗവർണറേറ്റുകളിലൂടെ കടന്നുപോകും. 12 വ്യത്യസ്ത ഘട്ടങ്ങളിലൂടെയാണ് മത്സരങ്ങൾ നടക്കുന്നത്. ഞായറാഴ്ച ആരംഭിക്കുന്ന ആദ്യ ദിനത്തിൽ  129 കിലോമീറ്റർ ദൂരവും പ്രത്യേക ട്രാക്കിൽ 11 കിലോമീറ്ററുമാണ് സഞ്ചരിക്കുക.

തുടർന്ന് ജിദ്ദയിൽ നിന്ന് ബിഷയിലേക്കുള്ള റാലിയിൽ താഴ്‌വരകളും ദുർഘടമായ മലമ്പ്രദേശങ്ങളും പിന്നിട്ട്  വാദി ദാവാസിറിൽ എത്തിച്ചേരും. അഞ്ചാം ഘട്ടത്തിലാണ് റിയാദിൽ എത്തുക. തുടർന്നുള്ള ദിവസങ്ങളിൽ ഖൈസുമ, ഹാഇൽ, സകാക , നിയോം, അൽ -ഉല, യാമ്പു എന്നീ പ്രദേശങ്ങളിലൂടെ കടന്ന് പോകുന്ന റാലി ജനുവരി 15 ന് ചെങ്കടൽ തുറമുഖത്താണ്  അവസാനിക്കുക.

ദാക്കർ റാലി മൽസരത്തിൽ കാറുകൾ – മോട്ടോർസൈക്കിളുകൾ – ക്വാഡ് മോട്ടോർസൈക്കിളുകൾ – എസ്എസ്വി – ട്രക്കുകൾ തുടങ്ങിയ  ആറ് വ്യത്യസ്ത വിഭാഗങ്ങളിലായാണ്  മത്സരങ്ങൾ. ഒൻപത് തവണ ലോക റാലി ചാമ്പ്യൻ സെബാസ്റ്റ്യൻ ലോബും ദീർഘകാല കോ-ഡ്രൈവർ ഡാനിയേൽ എലീനയും ഈ വർഷം മത്സരത്തിനെത്തിയിട്ടുണ്ട്.