Connect with us

Kerala

നേതാക്കള്‍ക്കിടയിലെ തമ്മിലടി: ബി ജെ പി കോര്‍ കമ്മിറ്റി യോഗം ഉപേക്ഷിച്ചു

Published

|

Last Updated

തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്തുന്നതിനും മറ്റുമായി ബി ജെ പി നാളെ തൃശ്ശൂരില്‍ ചേരാനിരുന്ന കോര്‍ കമ്മിറ്റി യോഗം ഉപേക്ഷിച്ചു. നേതാക്കള്‍ക്കിടിയിലെ അനൈക്യവും തമ്മിലടിയും രൂക്ഷമായതിനെ തുടര്‍ന്നാണ് കോര്‍ കമ്മിറ്റി യോഗം ഉപേക്ഷിച്ചത്. ശോഭ സുരേന്ദ്രന്‍, പി എം വേലായുധന്‍ അടക്കമുള്ളവര്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ ആഞ്ഞടിക്കാനായിരുന്നു എതിര്‍ ചേരിയുടെ നീക്കം. ഇത് തിരിച്ചറിഞ്ഞാണ് സുരേന്ദ്രന്‍ പക്ഷം യോഗം ഉപേക്ഷിച്ചത്.

നേതാക്കളെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലായതിനാലാണ് യോഗം ഉപേക്ഷിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ കോര്‍കമ്മറ്റിയില്‍ തങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറുന്നതിന് വേണ്ടിയാണ് യോഗം ഉപേക്ഷിച്ചതെന്നാണ് സുരേന്ദ്ര വിരുദ്ധ വിഭാഗം പറയുന്നത്.

13 പേരുള്ള കോര്‍കമ്മറ്റിയില്‍ ഏഴ് പേരും ശോഭാ സുരേന്ദ്രന്‍ ഉയര്‍ത്തിയ നിലപാടുകള്‍ അംഗീകരിക്കുന്നവരാണ്. കേരളത്തിന്റെ ചുമതലയുള്ള സി പി രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ എതിര്‍വിഭാഗം ഉയര്‍ത്താവുന്ന ചോദ്യങ്ങള്‍ മുന്നില്‍ക്കണ്ടാണ് യോഗം ഉപേക്ഷിച്ചതെന്നാണ് വിവരം. കോര്‍കമ്മറ്റിയിലെ ഏക വനിതാ അംഗമായ ശോഭാ സുരേന്ദ്രനെ ഒഴിവാക്കിയതിന്റെ കാരണം സി പി രാധാകൃഷ്ണന് മുന്നില്‍ ഉന്നയിക്കും. ഇതിന് മറുപടി നല്‍കാന്‍ അധ്യക്ഷന്‍ സുരേന്ദ്രനോ, വി മുരളീധരനോ സാധിക്കില്ലെന്നും ഇതിന്റെ ജാള്യതമറക്കാനാണ് യോഗം മാറ്റിവച്ചതെന്നും ഇക്കൂട്ടര്‍ ആരോപിക്കുന്നു.