കല്‍ക്കരി കുംഭകോണ കേസ്: മുന്‍ കേന്ദ്ര സഹമന്ത്രി ദിലിപ് റായിക്ക് മൂന്നു വര്‍ഷം തടവ്

Posted on: October 26, 2020 12:35 pm | Last updated: October 26, 2020 at 3:56 pm

ന്യൂഡല്‍ഹി | ഝാര്‍ഖണ്ഡ് കല്‍ക്കരി കുംഭകോണ കേസില്‍ കേന്ദ്ര ഖനി വകുപ്പ് മുന്‍ സഹമന്ത്രി ദിലിപ് റായിക്ക് മൂന്നു വര്‍ഷം തടവ്. പ്രത്യേക സി ബി ഐ കോടതിയാണ് ശിക്ഷ വിധിച്ചത്. ഒക്ടോബര്‍ 14ന് റായി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷ വിധിക്കുന്നതിനായി കേസ് 26ലേക്ക് മാറ്റുകയായിരുന്നു.

രണ്ട്‌ പതിറ്റാണ്ട് പഴക്കമുള്ള കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. 1999ലെ അടല്‍ ബിഹാരി വാജ്‌പെയിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറില്‍ ഖനി വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹ മന്ത്രിയായിരുന്നു ദിലിപ് റായ്. ഝാര്‍ഖണ്ഡിലെ ഗിരിധിയിലുള്ള ഉപേക്ഷിക്കപ്പെട്ട 105.153 ഹെക്ടര്‍ കല്‍ക്കറി ബ്ലോക്ക് കാസ്ട്രണ്‍ ടെക്‌നോളജീസ് ലിമിറ്റഡിന് (സി ടി എല്‍) അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് ദിലിപ് റായിയെ ശിക്ഷിച്ചത്.

റായിയെ കൂടാതെ കല്‍ക്കരി വകുപ്പ് മന്ത്രാലയത്തിലെ മുന്‍ അഡീഷണല്‍ സെക്രട്ടറി പ്രദീപ് കുമാര്‍ ബാനര്‍ജി, സി ടി എല്ലിന്റെ മുന്‍ പദ്ധതി ഉപദേഷ്ടാവ് നിത്യ നന്ദ് ഗൗതം, ഡയരക്ടര്‍ മഹേന്ദ്ര കുമാര്‍ അഗര്‍വാല, കാസ്‌ട്രോണ്‍ മൈനിംഗ് ലിമിറ്റഡ് എന്നിവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.