Connect with us

Kozhikode

സൗഹൃദം നടിച്ച് ഇൻസ്റ്റഗ്രാമിലൂടെ തട്ടിപ്പ്‌; ഇവരെ സൂക്ഷിക്കുക

Published

|

Last Updated

കോഴിക്കോട് | ഇൻസ്റ്റഗ്രാമിൽ അപരിചിതരായ ഇതര സംസ്ഥാനങ്ങളിലുള്ളവരോ വിദേശികളോ നിങ്ങളെ നിരന്തരം പിന്തുടരുന്നുണ്ടെങ്കിൽ സൂക്ഷിക്കുക. ഒരു പക്ഷേ നിങ്ങൾ തട്ടിപ്പിനിരയായേക്കാം. സൗഹൃദം നടിച്ച് ഇവർ ഉറ്റ സുഹൃത്തുക്കളാകാൻ ശ്രമിക്കും. പത്ത്, പതിനഞ്ച് ദിവസത്തെ സൗഹൃദത്തിന് ശേഷം നിങ്ങളുടെ പണം അവർ കൈക്കലാക്കിയേക്കാം. ഓൺലൈൻ തട്ടിപ്പിന്റെ ഇൻസ്റ്റഗ്രാം പതിപ്പുകളിലൊന്നാണിത്.

പലരും കെണിയിൽ വീഴാൻ സാധ്യതയുള്ള ആ തട്ടിപ്പിന്റെ രൂപമിങ്ങനെ: അപ്രതീക്ഷിതമായി ഇൻസ്റ്റഗ്രാമിൽ സുഖവിവരമന്വേഷിച്ച് ഒരു സന്ദേശം വരുന്നു. വിദേശത്ത് നിന്നുള്ള സ്്ത്രീ. ബഹുമാനം കലർന്ന നിരന്തര സന്ദേശം കൈമാറലിലൂടെ അൽപ്പസമയത്തിനകം തന്നെ അടുക്കാൻ ശ്രമിച്ചു. പിന്നീട് വാട്‌സ്ആപ്പ് നമ്പർ ചോദിക്കുന്നു. അതിന് ശേഷം ചാറ്റിംഗ് വാട്‌സ് ആപ്പിലേക്ക് മാറി. ദിവസം പലവട്ടം സ്്ത്രീ സന്ദേശമയക്കുന്നു. റിയൽ എസ്റ്റേറ്റ് ബിസിനസാണെന്നും ഒരു കുട്ടിയുണ്ടെന്നും ഭർത്താവ് മരിച്ചു പോയെന്നും വിശ്വസിപ്പിക്കുന്നു. ചാറ്റിംഗ് പുരോഗമിക്കുന്നതോടെ ഒരു കാമുകിയെ പോലെ ഏറ്റവും അടുത്തുള്ള ഇടപെടൽ. ദിവസങ്ങളോളം നീളുന്ന വാട്‌സ് ആപ്പ് ചാറ്റിംഗിൽ ഒരു ദിവസം ഒരു സർപ്രൈസ് സമ്മാനം അയക്കാമെന്ന് സ്്ത്രീയുടെ വാഗ്്ദാനം.

സ്വർണം, വിലപിടിപ്പുള്ള വാച്ച്, വസ്്ത്രങ്ങൾ, ഡോളർ കെട്ടുകൾ തുടങ്ങിയ ധാരാളം വസ്്തുക്കൾ ഉൾക്കൊള്ളുന്ന ഒരു വലിയ പെട്ടിയുടെ ഫോട്ടോ അയച്ചു. പർച്ചേഴ്‌സ് ചെയ്യാൻ പോകുമ്പോഴും തിരിച്ചുവരുമ്പോഴും ഫോട്ടോ അടക്കമുള്ള സന്ദേശങ്ങൾ. ഇടക്ക് ഷൂവിന്റെ സൈസ് എത്രയെന്ന് ചോദിക്കുന്നു. അളവ് പറഞ്ഞ ഷൂവാണ് വാങ്ങിയതെന്ന് ഫോട്ടോ. കൊറിയറായി നാട്ടിലേക്ക് അയക്കാമെന്നും പിറ്റേന്ന് തന്നെ ഇന്ത്യയിലെത്തുമെന്നും ലണ്ടനിൽ നിന്നെന്ന് പറയുന്ന സ്്ത്രീ ചാറ്റിംഗിൽ വ്യക്തമാക്കി. സമ്മാനം ഇന്ത്യയിൽ “എത്തി”എന്ന് അറിയിക്കാനായി ഇതേ സ്്ത്രീ വാട്‌സ്ആപ്പ് കോൾ ചെയ്തു. പിറ്റേന്ന് ബന്ധപ്പെടുന്നത് ഹിന്ദി സംസാരിക്കുന്ന സ്ത്രീയാണ്. നിങ്ങൾക്ക് വേണ്ടി ഒരു പാർസൽ എത്തിയിട്ടുണ്ടെന്നും ഉടൻ കൈപ്പറ്റണമെന്നും അഭ്യർഥന. ഇതിനിടക്ക് കൈപ്പറ്റിയോ എന്ന് ചോദിച്ച് ലണ്ടനിൽ നിന്ന് സ്്ത്രീയുടെ വാട്‌സ്ആപ്പ്‌കോൾ. നേരത്തേ വാങ്ങിയ അഡ്രസ്സ് പ്രിന്റ് ചെയ്ത പെട്ടിയുടെ ഫോട്ടോ കൂടി അയച്ചു. പിന്നീടാണ് തട്ടിപ്പിന്റെ യഥാർഥ മുഖം അനാവരണം ചെയ്യപ്പെടുക.

പാർസൽ സർവീസിനായി മുൻകൂറായി 22,500 രൂപ അയക്കണമെന്ന് ഇന്ത്യയിൽ നിന്ന് വിളിക്കുന്ന സ്്ത്രീ ആവശ്യപ്പെടുന്നു. നാട്ടിലെത്തിയിട്ട് നൽകിയാൽ മതിയോ എന്ന് ചോദിച്ചപ്പോൾ മതിയാകില്ല മുൻകൂറായി അയക്കണമെന്ന് മറുപടി. ഓൺലൈൻ തട്ടിപ്പിന്റെ പുതിയ രൂപങ്ങൾ അന്വേഷിച്ചിറങ്ങിയ മാധ്യമപ്രവർത്തകന്റെ അനുഭവമാണിത്. തട്ടിപ്പിനെ കുറിച്ചറിയുന്നത് കൊണ്ട് പണം അയക്കുന്നില്ലെന്ന് പറഞ്ഞതോടെ ദിവസങ്ങൾ നീണ്ട ചാറ്റിംഗ് അവസാനിപ്പിച്ച് അവർ പിന്തിരിയുന്നു. പലരും ചതിയിൽ പെടുന്നത് ഇവിടെയാണ്. തട്ടിപ്പിനെ കുറിച്ച് അറിയാത്തവരാണെങ്കിൽ ഈ കൊറോണക്കാലത്ത് “ലക്ഷക്കണക്കിന് രൂപയും സ്വർണവും” കിട്ടാൻ 22,500 രൂപ എവിടെ നിന്നെങ്കിലും വാങ്ങി അയച്ചു കൊടുക്കും. നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ പണം പോകുമെന്ന് ചുരുക്കം. ലക്ഷക്കണക്കിന് ഡോളറുകളും സ്വർണവും നൽകാമെന്ന് വിശ്വസിപ്പിച്ച് നടക്കുന്ന ഇത്തരം തട്ടിപ്പുകൾ ഓൺലൈനിൽ ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഇതിനെതിരെ കരുതിയിരിക്കുക മാത്രമാണ് പണം നഷ്്ടപ്പെടാതിരിക്കാനുള്ള വഴി.

 

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

---- facebook comment plugin here -----

Latest