Kerala
സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കി; ഇപ്പോള്‍ എതിര്‍ക്കുന്നത് അപഹാസ്യം: ചെന്നിത്തല

തിരുവനന്തപുരം | ലൈഫ് മിഷനിലെ സി ബി ഐ അന്വേഷണത്തിന് അനുമതി നല്‍കിയ സര്‍ക്കാര്‍ തന്നെ ഇതിനെതിരെ കോടതിയെ സമീപിച്ചത് അപഹാസ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫോറിന്‍ കോണ്‍ട്രിബ്യൂഷേന്‍ റഗുലേഷന്‍ ആക്ട് ലംഘനം അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. 2017 ജൂണ്‍ 13ന് ഇതിനുള്ള അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവിന്റെ രേഖകള്‍ സഹിതം പുറത്തുവിട്ടാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.
ഇപ്പോള്‍ ഇതിനെ എതിര്‍ത്ത് കോടതിയെ സമീപിച്ച നടപടി അപഹാസ്യമാണ്. സ്വന്തം ഉത്തരവിനെതിരേ കോടതിയെ സമീപിക്കുന്നത് വിചിത്രമാണെന്നും സര്‍ക്കാരിന് ഇത് വലിയ പ്രഹരമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഈ സാഹചര്യത്തില്‍ കേസ് പിന്‍വലിച്ച് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തോട് സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലൈഫ് പദ്ധതിയിലെ അഴിമതി നേരത്തെ പുറത്തുവന്നതാണ്. ഇപ്പോള്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്തത് അതുകൊണ്ടാണ്. അന്വേഷണം മുഖ്യമന്ത്രിലേക്ക് നീങ്ങുമെന്ന് കണ്ടപ്പോഴാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിനെതിരെ തിരിഞ്ഞത്-ചെന്നിത്തല ആരോപിച്ചു