Connect with us

Covid19

കുത്തിവെപ്പ് എടുത്തയാള്‍ക്ക് അജ്ഞാത രോഗം; ഓക്‌സ്‌ഫോര്‍ഡ് കൊവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തി

Published

|

Last Updated

ലണ്ടന്‍ | ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയും അസ്ട്രസെനെകെ ഫാര്‍മസ്യൂട്ടിക്കല്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന കൊവിഡ് വാക്‌സിന്റെ പരീക്ഷണം തത്കാലം നിര്‍ത്തിവെച്ചു. വാക്‌സിന്‍ കുത്തിവെച്ച ആരോഗ്യപ്രവര്‍ത്തകന് അജ്ഞാത രോഗം പിടിപെട്ടതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണിത്. മരുന്നിന്റെ പാര്‍ശ്വഫലം മൂലമാണോ ആരോഗ്യപ്രവര്‍ത്തകന് രോഗമുണ്ടായതെന്ന സംശയമാണ് പരീക്ഷണം നിര്‍ത്താന്‍ കാരണം.

വാക്‌സിന്‍ പരീക്ഷണ ഘട്ടത്തില്‍ അസ്വാഭാവികമായി വല്ലതും ശ്രദ്ധയില്‍പെട്ടാല്‍ പരീക്ഷണം നിര്‍ത്തുന്നത് പതിവ് സംഭവമാണെന്നും അത് സംബന്ധിച്ച് വിശദമായി അന്വേഷണം നടത്തുമെന്നും അസ്ട്രാസെനക വക്താവ് പറഞ്ഞു. പരീക്ഷണത്തിന്റെ വിശ്വാസ്യത ഉറപ്പ് വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

രോഗിയെ കുറിച്ചുള്ള വിവരങ്ങളോ രോഗത്തെ സംബന്ധിച്ച കാര്യങ്ങളോ കമ്പനി പുറത്തുവിട്ടിട്ടില്ല. വിവിധ സ്ഥലങ്ങളിലായി 30000ല്‍ അധികം ആരോഗ്യപ്രവര്‍ത്തകരെ വാക്‌സിന്‍ പരീക്ഷണത്തിനായി അണിനിരത്താനുള്ള ശ്രമത്തിനിടെയാണ് തിരിച്ചടി നേരിട്ടത്. ജൂലൈ 20നാണ് ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ വാക്‌സിന്‍ വികസിപ്പിച്ചത്. 2021 ജനുവരിയോടെ വാക്‌സിന്‍ വിപണിയില്‍ ഇറക്കാനാകുമെന്നായിരുന്നു പ്രതീക്ഷ.

Latest