വിദേശികള്‍ക്ക് രാജ്യത്തേക്ക് മടങ്ങിവരാന്‍ അവസരമൊരുക്കി സഊദി; ആദ്യ പട്ടികയില്‍ ഇന്ത്യയില്ല

Posted on: September 2, 2020 11:54 pm | Last updated: September 2, 2020 at 11:54 pm

ദമാം | കൊവിഡ് പ്രതിസന്ധിയുടെ ഭാഗമായി അവധിക്ക് നാട്ടിലേക്ക് മടങ്ങി തിരിച്ചുവരാന്‍ കഴിയാതെ വന്ന 25 രാജ്യങ്ങളിലെ വിദേശികള്‍ക്ക് തിരിച്ചുവരാന്‍ അവസരമൊരുക്കി സഊദി അറേബ്യ,
മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സഊദി അറേബ്യ വിദേശ വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയതോടെ നാട്ടില്‍ തന്നെ നില്‍ക്കേണ്ടി വന്നവര്‍ക്കാണ് സൗകര്യമൊരുക്കുന്നത്. സഊദി എയര്‍ലൈന്‍സാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. എന്നാല്‍, ഇന്ത്യ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. രണ്ടാം ഘട്ടത്തിലായിരിക്കും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് മടങ്ങാന്‍ അവസരം ലഭിക്കുകയെന്നാണ് വിവരം.

യു എ ഇ, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍, ഈജിപ്ത്, ലബനാന്‍, മൊറോക്കോ, ടുണീഷ്യ, ചൈന, ബ്രിട്ടന്‍, ഇറ്റലി, ജര്‍മനി, ഫ്രാന്‍സ്, ഓസ്ട്രിയ, തുര്‍ക്കി, ഗ്രീസ്, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, മലേഷ്യ, ദക്ഷിണാഫ്രിക്ക, സുഡാന്‍, എത്യോപ്യ, കെനിയ, നൈജീരിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് പ്രഥമ പട്ടികയിലുള്ളത്.

മടങ്ങിവരുന്നവര്‍ ആരോഗ്യ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഏഴ് നിബന്ധനകള്‍ പാലിച്ചിരിക്കണം. കൊവിഡ് ആരോഗ്യ നിബന്ധനകള്‍ പാലിച്ചിരിക്കും എന്ന പ്രതിജ്ഞാ ഫോറം പൂരിപ്പിച്ച് ഒപ്പിട്ട് വിമാനത്താവളത്തിലെ ആരോഗ്യ നിയന്ത്രണ കേന്ദ്രത്തില്‍ ഏല്‍പ്പിക്കണം. സഊദിയില്‍ എത്തിയ ശേഷം ഏഴ് ദിവസം വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയണം. ക്വാറന്റൈന്‍ കാലാവധി അവസാനിച്ച ശേഷം കൊവിഡ് പരിശോധന നടത്തിയിരിക്കുകയും വേണം. കൂടാതെ, ആരോഗ്യ മന്ത്രാലയത്തിന്റെ മൊബൈല്‍ അപ്ലിക്കേഷനുകളായ തത്മന്‍, തവക്കല്‍ എന്നീ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഇതുവഴി ക്വാറന്റൈനില്‍ താമസിക്കുന്ന സ്ഥലം എട്ട് മണിക്കൂറിനുള്ളില്‍ അധികൃതരെ അറിയിക്കണം. കൊവിഡ് ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ 937 എന്ന ടോള്‍ഫ്രീ നമ്പറിലും ദൈനംദിന ആരോഗ്യ കാര്യങ്ങള്‍ തത്മന്‍ ആപ്ലിക്കേഷന്‍ വഴിയും അറിയിക്കണം.